തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കിപ്പണിയാനൊരുങ്ങി പിണറായി സര്‍ക്കാര്‍. അടിയന്തരമായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുഭരണവകുപ്പ് സെക്രട്ടറി വിളിച്ചുചേര്‍ത്ത അഡീഷണല്‍, അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനം.
അനക്‌സ് ടുവിന്റെ വിപുലീകരണം വേഗത്തിലാക്കണം. ഇതിനായി ഹൗസ് കീപ്പിങ് സെല്ലിനെ ചുമതലപ്പെടുത്തി. ഫെബ്രുവരി 20ന് രാവിലെ 11നായിരുന്നു യോഗം. സെക്രട്ടേറിയറ്റില്‍ അപകടങ്ങള്‍ പതിവാകുന്നുവെന്നും അതിനാല്‍ സെക്രട്ടേറിയറ്റ് കെട്ടിടം പുതുക്കി പണിയണമെന്നുമാണ് തീരുമാനമുണ്ടായത്. കൂടാതെ സെക്രട്ടേറിയറ്റ് അനക്‌സ് ടു കൊണ്ടുമാത്രം സ്ഥലപരിമിതി പരിഹരിക്കാനാകുന്നില്ല. അതിനാല്‍ അനക്‌സ് ടു വിപുലീകരിക്കാനും യോഗത്തില്‍ നിര്‍ദേശിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റ് വളപ്പില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ട്രയല്‍ റണ്‍ നടത്തി എത്രയും പെട്ടെന്ന് ഉപയോഗക്ഷമമാക്കണം. ഗാര്‍ഹിക മാലിന്യം സെക്രട്ടേറിയറ്റിനകത്ത് കൊണ്ടുവന്ന് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണം. ഇലക്‌ട്രോണിക് മാലിന്യം അന്നന്നു തന്നെ സംസ്‌കരിക്കണം. ഉപയോഗശൂന്യമായ വാഹനങ്ങള്‍ സെക്രട്ടേറിയറ്റിനകത്ത് നിന്ന് അടിയന്തരമായി മാറ്റാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമെന്ന് വിലയിരുത്തിയ യോഗത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്ന് നായ്‌ക്കളെ തുരത്താന്‍ പൊതുഭരണ വകുപ്പിന് കീഴിലെ ഹൗസ് കീപ്പിങ് സെല്ലിന് നിര്‍ദേശം നല്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: