Kerala

സ്വകാര്യ സര്‍വകലാശാലകള്‍ വരണം: ഡോ. ടി.പി. ശ്രീനിവാസന്‍

Published by

കോഴിക്കോട്: സ്വകാര്യ സര്‍വകലാശാലകള്‍ വരണമെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനും നയതന്ത്രജ്ഞനുമായ ഡോ. ടി.പി. ശ്രീനിവാസന്‍. മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ (മാഗ്‌കോം) കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കിയ റിപ്പോര്‍ട്ട് വിദ്യാഭ്യാസത്തിന്റെ ഉദാരവല്‍കരണം എന്ന കാര്യത്തില്‍ ഊന്നിയതായിരുന്നു. അതില്‍ ഊന്നിയുള്ള ആറ് വിഷയങ്ങളില്‍ ഒന്നു മാത്രമായിരുന്നു സ്വകാര്യ സര്‍വകലാശാലകള്‍. എന്നാല്‍ ആ വിഷയത്തെ എതിര്‍ക്കുകയും വിവാദമുയര്‍ത്തുകയും ചെയ്തവരാണ് ഇപ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ വേണമെന്ന ആവശ്യമുന്നയിക്കുന്നത്. അന്ന് സ്വകാര്യ സര്‍വകലാശാല എന്ന ആശയത്തിന്റെ പേരില്‍ തന്നെ കൈയേറ്റം ചെയ്യുക പോലുമുണ്ടായി. കമ്പ്യൂട്ടറായാലും സ്വകാര്യ സര്‍വകലാശാലയായാലും അങ്ങനെ പലതിനെയും ആദ്യം എതിര്‍ക്കുകയും പത്ത് വര്‍ഷം കഴിഞ്ഞ് ആശ്ലേഷിക്കുകയും ചെയ്യുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിന് കാലതാമസമുണ്ടാക്കിയതുകൊണ്ട് വലിയ നഷ്ടങ്ങള്‍ നമുക്കുണ്ടായിട്ടുണ്ട്. ഇന്ന് വളരെയധികം കുട്ടികള്‍ വിദേശങ്ങളിലേക്ക് പഠിക്കാന്‍ പോകുന്നു. അത് മോശം കാര്യമല്ലെങ്കിലും നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ കുട്ടികളില്ലാതാകുന്നത് ആശാസ്യമല്ല. അത്രയധികമാണ് വിദേശങ്ങളിലേക്കുള്ള ഒഴുക്ക്. സ്വകാര്യ സര്‍വകലാശാല സംബന്ധിച്ച് തങ്ങള്‍ രൂപീകരിച്ചത് ഇന്നത്തേതിനേക്കാള്‍ വളരെ ലിബറലായ ബില്ലാണെന്നും അദ്ദേഹം പറഞ്ഞു.

യുജിസി നിയമഭേദഗതിയുടെ കരട് രേഖ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഡോ. കെ.കെ. സാജു, കോഴിക്കോട് സര്‍വകലാശാല വിസി ഡോ. പി. രവീന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. യുജിസി കരടു രേഖയെ എതിര്‍ക്കുന്നവര്‍ക്ക് അതിലെ ഏത് നിര്‍ദേശമാണ് അംഗീകരിക്കാനാവാത്തതെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോ. സാജു പറഞ്ഞു. വിസി നിയമനം സംബന്ധിച്ചാണ് എതിര്‍പ്പുകളുയരുന്നത്. എന്നാല്‍ ഈ വ്യവസ്ഥകളില്‍ മുന്‍കാല വ്യവസ്ഥകളില്‍ നിന്ന് കാതലായ മാറ്റമൊന്നും കരട് രേഖയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സര്‍വകലാശാലകളുടെ ഗുണനിലവാരം ഉയര്‍ത്തുകയും വിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി അവയെ മാറ്റുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് യുജിസി കരട് രേഖ പുറത്തിറക്കിയതെന്നും അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു സ്വാഗതവും ടി.പി. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക