ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജനക്ക് പത്തുവര്‍ഷം. ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) ആരംഭിച്ചത്. 2025 ഫെബ്രു. 28 വരെയുള്ള കണക്കനുസരിച്ച് പദ്ധതിക്ക് കീഴില്‍ രാജ്യത്താകമാനം 15,000 ജന്‍ഔഷധി കേന്ദ്രങ്ങളുണ്ട്. 2047 മരുന്നുകളും 300 ശസ്ത്രക്രിയാ ഉപകരണങ്ങളും 50% മുതല്‍ 80% വരെ വിലക്കുറവില്‍ ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ വില്പന നടത്തുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി 1470 കോടിയുടെ വില്പന നടന്നു. ഉപഭോക്താക്കള്‍ക്ക് 7350 കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലഭിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഫെബ്രു. 28 വരെയുള്ള കണക്കുപ്രകാരം 1760 കോടിയുടെ വില്പനയുണ്ടായി. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേന്ദ്രങ്ങളുടെ എണ്ണം 180 മടങ്ങ് വര്‍ധിച്ചപ്പോള്‍ വില്പന 200 മടങ്ങ് വര്‍ധിച്ചു. പത്ത് വര്‍ഷത്തിനുള്ളില്‍ ഏകദേശം 30,000 കോടി രൂപയുടെ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. 2027 മാര്‍ച്ച് 31 ഓടെ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 25,000 ആക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മാര്‍ച്ച് 31 നുള്ളില്‍ 15,000 ജന്‍ഔഷധി കേന്ദ്രങ്ങളാക്കാനായിരുന്നു ലക്ഷ്യം. ഇത് ജനുവരി 31നകം തന്നെ കൈവരിച്ചു.
ഇന്നലെ മുതല്‍ ജന്‍ഔഷധി ദിവസമായ ഏഴുവരെ നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ-പ്രചാരണ പരിപാടികള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നുണ്ട്. ന്യൂദല്‍ഹിയിലെ നിര്‍മാണ്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ബോധവല്‍ക്കരണ വാനുകളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് സെക്രട്ടറി അമിത് അഗര്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2008ല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് ആരംഭിച്ച 2016ല്‍ പിഎംബിജെപി എന്ന് പുനര്‍നാമകരണം ചെയ്ത് ശക്തിപ്പെടുത്തുകയും രാജ്യത്താകമാനം വ്യാപിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: