തിരുനെൽവേലി : തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കാൻ നിർഭാഗ്യവശാൽ സ്വാതന്ത്ര്യമില്ലെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ. രവി . മറ്റ് ഇന്ത്യൻ ഭാഷകൾ പഠിക്കാതിരിക്കാൻ അവർ നിർബന്ധിതരാകുകയാണെന്നും ഗവർണർ പറഞ്ഞു. അയ്യാ വൈകുണ്ഠരുടെ 193-ാമത് അവതാര തിരുവിഴയിൽ ഭക്തരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരും ആരുടെയും മേൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നില്ല. ബ്രിട്ടീഷുകാർ ചെയ്തതുപോലെ, ചില സനാതന വിരുദ്ധ ശക്തികൾ ഭാഷയുടെയും വംശത്തിന്റെയും കാര്യത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്.
“ഈ സനാതന വിരുദ്ധ ദുഷ്ടശക്തികൾ എല്ലാത്തരം വിദ്വേഷവും നുണകളും പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തും സമൂഹത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ചില ഭാഷകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുകയാണെന്ന് അവർ അവകാശപ്പെടുന്നു. ഇത് തെറ്റാണ്. ലോകത്ത് സമാധാനം സ്ഥാപിക്കാൻ ഭാരതം പരിശ്രമിക്കുമ്പോൾ, ഇവിടെ ചിലർ ഒരു ഭാഷായുദ്ധം അഴിച്ചുവിടാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെമ്പാടും തമിഴ് അഭിമാനവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും “ അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം കാരണം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവിടുത്തെ യുവാക്കൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതായി തോന്നുന്നു. നിർഭാഗ്യവശാൽ, ഹിന്ദിയോടുള്ള എതിർപ്പിന്റെ പേരിൽ, മറ്റ് ദക്ഷിണേന്ത്യൻ ഭാഷകൾ പോലും പഠിക്കാൻ അനുവദിക്കുന്നില്ലെന്ന് അവർ കരുതുന്നു,” ആർ.എൻ. രവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: