തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സെക്രട്ടേറിയറ്റ് സമരത്തിന് പിന്തുണയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരവേദിയിൽ. സമരം ചെയ്യുന്ന പ്രവർത്തകരോട് സംസാരിച്ച സുരേഷ് ഗോപി അവർ നൽകിയ നിവേദനം സ്വീകരിക്കുകയും ചെയ്തു. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കണ്ടു, അവർ പറഞ്ഞത് കേട്ടു. അവരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്ന് സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആശാ പ്രവർത്തകർക്ക് അനിശ്ചിതാവസ്ഥയും അരക്ഷിതാവസ്ഥയും ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ കേന്ദ്ര സർക്കാരിനും നടപടികൾ കൈക്കൊള്ളേണ്ടി വരും. ആ നടപടികളിലേക്ക് കടക്കണമെന്ന് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആരോഗ്യമന്ത്രിയോടും ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് കേന്ദ്ര പദ്ധതിയാണെങ്കിൽ, അത് സ്ഥാപിതമായ സമയത്ത് ചില മാനദണ്ഡങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം. ആ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടാമെന്നും സുരേഷ് ഗോപി പറഞ്ഞു.
19 ദിവസം പിന്നിട്ട സമരത്തോട് സംസ്ഥാന സർക്കാർ മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. വലിയ രാഷ്‌ട്രീയ വിമർശനങ്ങൾക്കും വാദ പ്രതിവാദങ്ങൾക്കും വഴിവച്ച സമരമാണ് ആശാ പ്രവർത്തകരുടേത്. ഈ സമരത്തെ പൊളിക്കാൻ സംസ്ഥാന സർക്കാരും ഇടത് തൊഴിലാളി സംഘടനകളും ശ്രമിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. കേന്ദ്ര സർക്കാർ പണം അനുവദിക്കാത്തതാണ് ആശാ പ്രവർത്തകരുടെ ഓണ റേറിയം വർദ്ധനവ്, വിരമിക്കൽ ആനുകൂല്യം നൽകൽ അടക്കമുള്ള കാര്യങ്ങൾക്ക് തടസമെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: