India

ഭാരത-ഇയു ചര്‍ച്ച: നിരവധി മേഖലകളില്‍ സഹകരണത്തിന് ധാരണ

Published by

ന്യൂദല്‍ഹി: ഭാരത-യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ സെമികണ്ടക്ടറുകള്‍, എഐ, ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിങ്, സിക്സ് ജി എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി. നിക്ഷേപ സംരക്ഷണം, ജിഐ കരാര്‍ എന്നിവ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നയുടെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ യൂണിയന്‍ സംഘമാണ് ഭാരതം സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

ഹരിത ഹൈഡ്രജന്‍ ഫോറം, ഓഫ്‌ഷോര്‍ വിന്‍ഡ് എനര്‍ജി ബിസിനസ് സമ്മിറ്റ് എന്നിവ നടത്തും. വൈദ്യുതി വാഹന ബാറ്ററികള്‍, മറൈന്‍ പ്ലാസ്റ്റിക്കുകള്‍, ഹരിത ഹൈഡ്രജന്‍ എന്നിവയില്‍ സംയുക്ത ഗവേഷണം നടത്തും. സുസ്ഥിര നഗരവികസനത്തിനായുള്ള സംയുക്ത പദ്ധതിയും മുന്നോട്ടുകൊണ്ടുപോകും. ഭാരതം-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി മുന്നോട്ടുകൊണ്ടുപോകാന്‍ നടപടി സ്വീകരിക്കും. സൈബര്‍ സുരക്ഷ, സമുദ്രസുരക്ഷ, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം തുടരും.

ഇന്തോ-പസഫിക് സമുദ്രസംരംഭത്തിന്റെ ഭാഗമാകാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു. ഇന്തോ-പസഫിക് മേഖലയിലും ആഫ്രിക്കയിലും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായുള്ള ത്രികോണ വികസനപദ്ധതികളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. അക്കാദമിക-ഗവേഷണ-വ്യവസായ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി പുതിയ കരാറില്‍ ഒപ്പിട്ടു. യൂറോപ്യന്‍ യൂണിയന്റെ പുതിയ വിസ കാസ്‌കേഡ് സംവിധാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഭാരതവും യൂറോപ്യന്‍ യൂണിയനും പങ്കാളിത്തത്തിനായി പുതിയ മാര്‍ഗരേഖ സൃഷ്ടിക്കും. അടുത്ത ഭാരതം-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇതിനു തുടക്കംകുറിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര ഇടപാടായിരിക്കുമെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചു. അത് എളുപ്പമാകില്ലെന്നും അറിയാം. എന്നാല്‍ സമയവും നിശ്ചയ ദാര്‍ഢ്യവും കണക്കിലെടുത്ത് ഈ പങ്കാളിത്തം ശരിയായ സമയത്താണെന്നും അത് നടപ്പാകുമെന്നും അവര്‍ പറഞ്ഞു. ഭാരതവും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വികസിപ്പിക്കാനും ആഴത്തിലാക്കാനും സന്ദര്‍ശനം സഹായിക്കും. പ്രധാനമന്ത്രിയുടെ ഊഷ്മളമായ സ്വീകരണത്തിന് വോണ്‍ ഡെര്‍ ലെയ്ന്‍ നന്ദി അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക