കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്താംക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(16) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് ഷഹബാസ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയാണ് മരണം സംഭവിച്ചത്.
താമരശ്ശേരിയിലെ ട്യൂഷൻ സെൻററിന് സമീപമാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ മുഹമ്മദ് ഷഹബാസിന്റെ തലയ്‌ക്കാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടി നടന്നത്. പരിപാടിയിൽ എളേറ്റിൽ വട്ടോളിയിലെ സ്കൂളിലെ വിദ്യാർഥിയുടെ ഡാൻസിനിടെ പാട്ട് നിന്നുപോയതിനെ തുടർന്ന് താമരശ്ശേരിയിലെ സ്കൂളിലെ ഏതാനും കുട്ടികൾ കൂകി വിളിച്ചു. ഇതോടെ രംഗം വഷളായി. തുടർന്ന് ഇരു സ്കൂളിലെ കുട്ടികളും തമ്മിൽ കൂകി വിളിച്ചതിനെ ചൊല്ലി തർക്കമായി. പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ ഇടപെട്ട് മാറ്റിയാണ് രംഗം ശാന്തമാക്കിയത്.
എന്നാൽ പ്രശ്‌നം അതുകൊണ്ട് അവസാനിച്ചില്ല. ഇരു സ്കൂളുകളിലെയും വിദ്യാർഥികൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പ്രകോപനമായ രീതിയിൽ പെരുമാറി. ശേഷം വ്യാഴാഴ്ച വൈകീട്ട് ട്യൂഷൻ സെന്ററിന് സമീപം വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ചുങ്കം പാലോറക്കുന്ന് സ്വദേശിയായ പത്താംക്ലാസുകാരനാണ് സാരമായി പരിക്കേറ്റത്. വീട്ടിലെത്തി തലവേദനയാണെന്ന് പറഞ്ഞ് തളർന്നു കിടന്ന കുട്ടിക്ക് സംഭവിച്ചത് എന്താണെന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഏറ്റുമുട്ടലിന്റെ വിവരം അറിഞ്ഞത്. രാത്രി ഏഴു മാണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ നില അതീവ ഗുരുതരമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക