India

ഹിന്ദുത്വ രാഷ്‌ട്രീയം വിളംബരം ചെയ്ത് സദ് ഗുരു; ഡിഎംകെയുടെ എതിര്‍പ്പുകളെ വെല്ലുവിളിച്ച് കോയമ്പത്തൂരിലെ ഇഷ ആശ്രമം

തന്‍റെ ഹിന്ദുത്വ ദര്‍ശനത്തില്‍ യാതൊരു മറയുമില്ലെന്ന് തുറന്നുകാണിക്കുകയായിരുന്നു ശിവരാത്രി ആഘോഷരാത്രിയില്‍ സദ്ഗുരു ജഗ്ഗിവാസുദേവ്. കോയമ്പത്തൂര്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം മുടക്കാനുള്ള ഡിഎംകെയുടെയും ചില മതപരിവര്‍ത്തനലോബികളുടെയും ശ്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുകയായിരുന്നു സദ്ഗുരു. മദ്രാസ് ഹൈക്കോടതിയില്‍ മഹാശിവരാത്രി ആഘോഷത്തിനെതിരെ എതിരാളികള്‍ നല്‍കിയ കേസിന് ഉരുളയ്ക്ക് ഉപ്പേരിയെന്നോണം കൃത്യമായ മറുപടി നല്‍കിയതോടെ കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ കനിഞ്ഞു.

Published by

ചെന്നൈ: തന്റെ ഹിന്ദുത്വ ദര്‍ശനത്തില്‍ യാതൊരു മറയുമില്ലെന്ന് തുറന്നുകാണിക്കുകയായിരുന്നു ശിവരാത്രി ആഘോഷരാത്രിയില്‍ സദ്ഗുരു ജഗ്ഗിവാസുദേവ്. കോയമ്പത്തൂര്‍ ആശ്രമത്തിലെ മഹാശിവരാത്രി ആഘോഷം മുടക്കാനുള്ള ഡിഎംകെയുടെയും ചില മതപരിവര്‍ത്തനലോബികളുടെയും ശ്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുകയായിരുന്നു സദ്ഗുരു. മദ്രാസ് ഹൈക്കോടതിയില്‍ മഹാശിവരാത്രി ആഘോഷത്തിനെതിരെ എതിരാളികള്‍ നല്‍കിയ കേസിന് ഉരുളയ്‌ക്ക് ഉപ്പേരിയെന്നോണം കൃത്യമായ മറുപടി നല്‍കിയതോടെ കോടതി മഹാശിവരാത്രി ആഘോഷം നടത്താന്‍ കനിഞ്ഞു.

പിന്നീടങ്ങോട്ട് കാര്യങ്ങള്‍ സുഗമമായി നീങ്ങി. ഉദ്ഘാടനച്ചടങ്ങിനെത്തിച്ചത് മറ്റാരെയുമല്ല, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തന്നെ. ഇതിനപ്പുറം കരുത്തനായ ഒരു ഉദ്ഘാടകനെ കിട്ടാനില്ല. അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിട്ടതോ ഒരു കാലത്ത് അമിത് ഷായേയും മോദിയേയും ബിജെപിയെയും നഖശിഖാന്തം എതിര്‍ത്ത കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും. വേദിയില്‍ സദ്ഗുരു ഹിന്ദുത്വ രാഷ്‌ട്രീയം പറഞ്ഞു. നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്ന ഇന്ത്യയെ ഒരു ചരടില്‍ കോര്‍ത്ത് ഒരൊറ്റ രാജ്യമാക്കി മാറ്റിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഇതാ മറ്റൊരു ആഭ്യന്തരമന്ത്രി വീണ്ടും ഇന്ത്യയുടെ അഖണ്ഡത കാത്ത് സൂക്ഷിക്കുന്നു എന്നാണ് അമിത് ഷായെക്കുറിച്ച് സദ്ഗുരു പറഞ്ഞത്.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെയും സദ് ഗുരു അനുകൂലിച്ചു. അതിനാല്‍ ഒരുകാലത്ത് ബോംബാക്രമണവും വെടിവെയ്പും ഒഴിയാത്ത കശ്മീരില്‍ ഇപ്പോള്‍ ടൂറിസ്റ്റുകള്‍ ഒഴുകുകയാണെന്നും ഒരാള്‍ തന്നെ കശ്മീരിലേക്ക് ഗോള്‍ഫ് കളിക്കാന്‍ വിളിച്ചിട്ടുണ്ടെന്നും സദ്ഗുരു പറ‍ഞ്ഞു. രാഹുല്‍ ഗാന്ധിയെ കടുത്തഭാഷയില്‍ വിമര്‍ശിക്കാറുള്ള അമിത് ഷാ പിന്നീട് പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ അതേ വേദിയില്‍ കേള്‍വിക്കാരനായി ഡി.കെ. ശിവകുമാറും ഉണ്ടായിരുന്നു.

അമിത് ഷായെ ആശ്രമത്തിന്റെ ഓരോ മുക്കും മൂലയും കാണിച്ചുകൊടുക്കാന്‍ നല്ലൊരു സമയം സദ്ഗുരു എടുത്തതും ലോകത്തിന് മുന്‍പില്‍ തന്റെ രാഷ്‌ട്രീയം കൂടി വെളിപ്പെടുത്താനായിരുന്നു. താന്‍ കഷ്ടപ്പെട്ട് വളര്‍ത്തിയ ആശ്രമത്തെയും സദ്ഗുരുവിനെതന്നെയും നശിപ്പിക്കാന്‍ ഏറെക്കാലമായി തമിഴ്നാട്ടില്‍ പല ഗൂഢാലോചനയും നടന്നുവരികയാണ്.പിന്നില്‍ മറ്റാരുമല്ല, ഡിഎംകെയും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു മതപരിവര്‍ത്തനസ്ഥാപനവും ആണെന്നാണ് സദ്ഗുരുവിന്റെ ആശ്രമത്തിലുള്ളവര്‍ ആരോപിക്കുന്നത്. കാരണം സദ്ഗുരുവിന്റെ ആശ്രമത്തിന്റെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ ഇരുകൂട്ടരും വിറളി പൂണ്ടിരിക്കുകയാണ്.

എന്തായാലും ആശ്രമത്തിന്റെ മഹാശിവരാത്രി ആഘോഷത്തിന് ആവേശം പകര്‍ന്നുകൊണ്ട് ശങ്കര്‍ മഹാദേവന്‍ പാടിയ ശിവതാണ്ഡവം 60,000 കാഴ്ചക്കാരുടെ സദസ്സിനെ ഹരം കൊള്ളിച്ചു. ശിവതാണ്ഡവത്തിലെ ശിവമന്ത്രങ്ങള്‍ ജീവിതത്തില്‍ അഭയമായിക്കണ്ടവര്‍ താളത്തിനൊത്ത് ചുവടുവെയ്‌ക്കുകയും ചെയ്തു. എന്തായാലും കോയമ്പത്തൂരിലെ ഇഷ ആശ്രമത്തില്‍ നടന്നത് ഒരര്‍ത്ഥത്തില്‍ ഹിന്ദുത്വത്തിന്റെ വിളംബരം തന്നെയായിരുന്നു.

നാല് ശക്തികളെ വെല്ലുവിളിച്ച് കൊണ്ട് സദ്ഗുരുവിന്റെ ധീരത

നാല് ശക്തികളെയാണ് സദ്ഗുരു വെല്ലുവിളിക്കേണ്ടിവരുന്നത്. സാധാരണഗതിയില്‍ ഉള്ളിലേക്ക് വലിയുന്ന സ്വഭാവമുള്ള ആശ്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് പോരാടാന്‍ തന്നെയാണ് ശിവഭക്തനായ സദ്ഗുരുവിന്റെ തീരുമാനം. ഒരു ഭാഗത്ത് ഡിഎംകെ ഉള്‍പ്പെടെയുള്ള ശക്തികള്‍, സദ്ഗുരുവിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന ഹിന്ദു പോലുള്ള ദിനപത്രങ്ങള്‍, ഒരിയ്‌ക്കല്‍ 58 പേരെ സ്ഫോടനപരമ്പരയിലൂടെ കൊന്ന് നഗരത്തെ വിറപ്പിച്ച പിഡിപിയുടെ കോട്ട, ഇഷ ഫൗണ്ടേഷന് തൊട്ടടുത്ത് തന്നെ സദ്ഗുരുവിനെ വെല്ലുവിളിക്കുകയും കേസില്‍ കുടുക്കുകയും ചെയ്യുന്ന ചില മതപരിവര്‍ത്തനലോബികള്‍….ഇത്തരം എന്തിനും പോന്ന നാല് ശക്തികളെ വെല്ലുവിളിച്ച് നില്‍ക്കാന്‍ തന്നെ തീരുമാനിച്ചു എന്നത് തന്നെയാണ് സദ്ഗുരുവിനെ വ്യത്യസ്തനാക്കുന്നത്. ആശ്രമത്തില്‍ രണ്ട് പെണ്‍കുട്ടികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ഒരു അച്ഛന‍െക്കൊണ്ട് പരാതി നല്‍കിച്ച് ആശ്രമം റെയ്ഡ് ചെയ്ത് നശിപ്പിക്കാനുള്ള ഡിഎംകെയുടെ നീക്കത്തെ സുപ്രീംകോടതിയാണ് നേരിട്ട് ഇടപെട്ട് തടഞ്ഞത്. പക്ഷെ ആ നാളുകളില്‍ അമിതമായ സമ്മര്‍ദ്ദം മൂലം സദ്ഗുരുവിന് ഒരു ശസ്ത്രക്രിയപോലും വേണ്ടിവന്നു. ഇപ്പോഴിതാ അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു. അത് ചില തീരുമാനങ്ങളോടെ തന്നെയാണെന്ന് വേണം കരുതാന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക