ബെംഗളൂരു ; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മറ്റൊരു ഏക്നാഥ് ഷിൻഡെയാകുമെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക . മഹാകുംഭമേളയിലും, പിന്നാലെ ഇഷ ഫൗണ്ടേഷന്റെ മഹാശിവരാത്രി ദിന പരിപാടികളിലും പങ്കെടുത്ത ശിവകുമാർ ബിജെപിയുമായി അടുക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് അശോകയുടെ പ്രസ്താവന . കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി വേദി പങ്കിട്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
കോൺഗ്രസിനുള്ളിൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെയാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനുള്ളിൽ നേതൃമാറ്റം സംഭവിക്കുമെന്നും സിദ്ധരാമയ്യ ശിവകുമാറിന് വഴിമാറുമെന്നും അശോക പറഞ്ഞു.
ശിവകുമാർ പാർട്ടിയിലെ പിളർപ്പിന് കാരണമാകുന്ന നേതാക്കളിൽ ഒരാളാകാമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അശോക പറഞ്ഞു. പാർട്ടിയിൽ പിളർപ്പിന് കാരണമാകുന്ന നേതാക്കളിൽ ചിലർ കോൺഗ്രസിലുണ്ടെന്നും ശിവകുമാറും അവരിൽ ഒരാളാണ് .മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ഈ വർഷം നവംബറിൽ സർക്കാരിൽ നേതൃമാറ്റം ഉണ്ടാകുമെന്നും അശോക പറയുന്നു.
“കർണാടകയിൽ മുഖ്യമന്ത്രി മാറ്റത്തിനുള്ള ശുഭമുഹൂർത്തം നിശ്ചയിച്ചിട്ടുണ്ട് – അതായത് നവംബർ 16,.കർണാടകയിൽ ഒരു ഏകനാഥ് ഷിൻഡെ ഉണ്ടാകും. കോൺഗ്രസിനെ പിളർത്തി ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശിവകുമാറിന് കഴിയും. പിന്നെ ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്, പുണ്യസ്നാനം ചെയ്യാൻ പ്രയാഗ്‌രാജിൽ പോയതിനും കേന്ദ്രമന്ത്രി അമിത് ഷായുടെ ഒപ്പം ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തതിനും ശിവകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്,- അശോക പറഞ്ഞു.
കോൺഗ്രസിലെ ഇപ്പോഴത്തെ ഉൾപ്പോര് കർണാടകയിലെ ഭാവി സംഭവവികാസങ്ങളുടെ സൂചനയാണെന്ന് സംസ്ഥാന ബിജെപി മേധാവി ബി.വൈ. വിജയേന്ദ്ര പറഞ്ഞു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ദ്രുതഗതിയിലുള്ള രാഷ്‌ട്രീയ സംഭവവികാസങ്ങൾ ഉണ്ടാകുമെന്നും വിജയേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: