കേരളത്തില്‍ വന്യജീവി ആക്രമണം കൂടി വരുന്നുണ്ടെന്നും അതിനു കാരണം വന്യമൃഗങ്ങളുടെ വര്‍ദ്ധനവാണെന്നും ഒരു സിദ്ധാന്തം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതില്‍ കഴമ്പുണ്ടോ?
ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരും വന്യമൃഗങ്ങളും ഭൂമുഖത്തു ജീവിക്കുന്നു. മനുഷ്യജീവനും ജീവനോപാധികള്‍ക്കും വന്യജീവികള്‍ നേരിട്ട് ഭീഷണി ആകുന്നത് പുതിയകാര്യമല്ല. കാടിനടുത്തു താമസിക്കുന്ന മനുഷ്യര്‍ ഏതുവിധേനയും ഈ പ്രശ്നം ഒഴിവാക്കണമെന്ന് ചിന്തിക്കുമ്പോള്‍, അവയെ സംരക്ഷിച്ചു പരിപാലിക്കാന്‍ ബാദ്ധ്യസ്ഥരായ വനം വകുപ്പ് ജീവനക്കാരടക്കം ശത്രുപക്ഷത്തു പ്രതിഷ്ഠിക്കപ്പെടുന്നു. പല സമയത്തും കര്‍ഷകര്‍ക്ക് പുറമേ മാധ്യമങ്ങളും പ്രാദേശിക രാഷ്ട്രീയ നേതാക്കളും അടക്കം അതിലിടപെടുന്നതോടെ വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ തമ്മിലുള്ള യുദ്ധക്കളമായി പ്രകൃതി സംരക്ഷണവും വന്യജീവി പരിപാലനവും മാറുന്നു. ഈ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ യാതൊരു ഒറ്റമൂലിയുമില്ല. ഒരു പ്രദേശത്തെ പരിഹാരം മറ്റൊരു സ്ഥലത്ത് അനുയോജ്യമാകണമെന്നുമില്ല. പരിസ്ഥിതിക്ക് അനുയോജ്യവും, സാമൂഹികമായി സ്വീകാര്യവും, സാമ്പത്തികമായി പ്രായോഗികവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് സമ്മതിച്ചേ തീരു. അപ്പോള്‍ ശരിയായ വസ്തുതകള്‍ ഗ്രഹിക്കാതെയാണെങ്കില് പരിഹാരം അസാധ്യവും ആകും. അതുകൊണ്ട് കാട്ടുമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച പ്രചാരണത്തിലെ സത്യമറിഞ്ഞേ തീരു.
കേരളത്തില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തെ കണക്കെടുത്താല്‍ എണ്പതു ശതമാനം മരണവും കാടിന്പുറത്ത്, പാമ്പ്കടിയോ, തേനീച്ച / കടന്നല് എന്നിവയുടെ കുത്ത് മൂലമോ പന്നികള്‍ ഉള്‍പ്പെട്ട ഗതാഗതാപകടങ്ങളോ ഒക്കെ മൂലമാണെന്ന് കാണാം. കടുവ/ ആന എന്നിവമൂലമുള്ള മരണങ്ങള് വനത്തിനകത്തുമാണ്. സര്‍ക്കാര്‍ കണക്കു പ്രകാരം ആനകള്‍ മൂലമുള്ള മരണം കുറഞ്ഞു വരികയുമാണ്. 2024-25ല്‍ അത് 19 ആണ്. 2023-24ല്‍ 22, 2022-23ല്‍ 27, 2021-22ല്‍ 35.
ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍, അപകടമരണത്തിന്റെ സ്ഥിതിവിവരക്കണക്കല്ല, മരിച്ച സാഹര്യങ്ങളാണ് അവലോകനം ചെയ്യേണ്ടത്. ഏതായാലും ആനയുടെ ആക്രമണം മൂലമുള്ള മരണം കൂടിവരുന്നു എന്ന പ്രചരണം ശരിയല്ല.
പലപ്പോഴായി എടുത്ത കണക്കു പ്രകാരം ആനകളുടെ എണ്ണം (2024ല്‍ ആകെ 1793) കേരളത്തിലെ വനമേഖലയില്‍ കുറഞ്ഞു വരികയാണെന്ന് കാണാം. “2015 മുതല്‍ 2023 വരെയുള്ള സമയത്ത് കാട്ടാനകള്‍ മൂലമുണ്ടായ മരണം 845 ആണ്“. ആനകളുടെ മരണം കേരളമേഖലയില് കൂടി വരികയുമാണ് – പ്രത്യേകിച്ച് ആനക്കുട്ടികള്‍. 22 മാസം നീണ്ട ഗര്‍ഭകാലവും അമ്മയുടെ ശ്രദ്ധ കൂടുതല്‍ കാലം ആവശ്യവുമുള്ള ആനകളുടെ ഉള്പ്പാദനക്ഷമത മറ്റു മൃഗങ്ങളെ അപേക്ഷിച്ചു തീരെ കുറവാണ്. കടുവകളുടെ എണ്ണവും കൂടുന്നില്ല. പരമാവധി സ്ഥിരമായി നിന്നേക്കാം. കുറയാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്താനും. അവയുടെ പ്രായമനുസരിച്ചുള്ള സംഖ്യാ ഘടന നോക്കിയാലും ജനിതകശോഷണം നമുക്ക് മനസ്സിലാകും. പന്നികള്‍ പെറ്റുപെരുകുന്നുണ്ടെന്നത് സത്യമാണ്. കാട്ടുപന്നികളില്‍ ചെറിയപ്രായത്തില്‍ പ്രജനനം തുടങ്ങുന്നതും ഉയര്‍ന്ന ഉള്പ്പാദനശേഷിയുള്ളതും ഒരേ പ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന രീതിയും ആവാസവ്യവസ്ഥകളോട് ഇണങ്ങിചേരാനുള്ള അവയുടെ കഴിവും ഒക്കെ ഇതിനെ സഹായിക്കുന്നു. കാടിനോട് ചേര്‍ന്നുള്ള കൃഷിഭൂമി ഉടമസ്ഥര്‍ തരിശായി ഇടുന്നതും പരിപാലിക്കാത്തതുമെല്ലാം അതിനു സഹായകമാണ്. അവിടെ വളര്‍ന്നു വരുന്ന അടിക്കാടുകള്‍ വനത്തിതു സമാനമായ പ്രതീതി ജനിപ്പിക്കും. വനത്തിനോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നതും, ഇവയുടെ എണ്ണം കൂടാന്‍ കാരണമാകുന്നു. അങ്ങിനെ വനത്തിനുള്ളിലുള്ളതിനേക്കാള് പെറ്റുപെരുകാനുള്ള സൗകര്യം അതിനോട് ചേര്‍ന്ന ഭൂമികളിലുണ്ട്.
പ്രകൃതിയുടെ സ്വാഭാവികസംവിധാനങ്ങളെക്കുറിച്ചും അവയുടെ പരിപാലനത്തെക്കുറിച്ചും ശരാശരി മലയാളിയുടെ കാഴ്ചപ്പാട് എന്താണെന്നറിയണം. അവ സൂക്ഷിക്കേണ്ടതിനെക്കുറിച്ച് ശരാശരി മലയാളി തികച്ചും അജ്ഞനാണെന്ന് സമ്മതിക്കേണ്ടിവരും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രകൃതി സംരക്ഷണത്തെ ഇകഴ്ത്തി കാണുന്ന, അല്ലെങ്കില്‍ അതിനെതിരെ ചിന്തിക്കുന്ന, സംസാരിക്കുന്ന പ്രവണത നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട സകലതിലും നമുക്കീ പ്രവണത കാണാം. പുരോഗമന പ്രകൃതി സംരക്ഷണപ്രസ്ഥാനങ്ങള്ക്കെതിരെ കോവിഡ്കാലത്ത് സോഷ്യല്‍മീഡിയകളില്‍ രൂപപ്പെട്ട തെറ്റായ പ്രവണതകളില്‍ ചില മുഖ്യധാരപത്രങ്ങളും ചാനലുകാരും വീണുപോയി. എല്ലാത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണങ്ങളെയും എതിര്‍ക്കുന്ന പ്രവണത രൂപം കൊള്ളുന്നുണ്ട്. വലിയ നുണകളും, ഗൂഢാലോചനാസിദ്ധാന്തങ്ങളും സത്യത്തെ വളച്ചൊടിയ്ക്കലും രാഷ്ട്രീയരംഗത്തുള്ളത് പോലെ പ്രകൃതിയുടെ കാര്യത്തിലും സംഭവിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ പലതും ഈ ചാനല്പ്രവണതയില് വീണുപോയി.
അങ്ങിനെ ഒരു ഇരവാദം നിരവധി ആളുകളുടെ – പ്രത്യേകിച്ച് കര്‍ഷകരുടെ- മനസ്സില്‍ വിജയകരമായി പതിച്ചു. കാര്‍ബണ്‍ ഫണ്ട് അടക്കമുള്ള ചില വിദേശസഹായങ്ങള്‍ ലഭിക്കാനായി നഗരകേന്ദ്രീകൃതമായ ചില സര്‍ക്കാരിതര സംഘടനകളുടെയും, പണക്കാരുടെയും കൂട്ടമാണ് പരിസ്ഥിതിയെക്കുറിച്ച് പറയുന്നതെന്നും, പാവപ്പെട്ട കര്‍ഷകരെ പണക്കാര്‍ക്ക് വേണ്ടി കുടിയിറക്കുവാനുള്ള ഗൂഢാലോചന പരിസ്ഥിതിസ്നേഹത്തിന്റെ പിറകില്‍ ഉണ്ടെന്നുമുള്ള തെറ്റിദ്ധാരണ കൃഷിക്കാരുടെ മനസ്സില്‍ നടുവാന്‍ വൈകാരികപ്രകടനങ്ങളില്‍ ഒതുങ്ങുന്ന വാര്‍ത്തകള്‍ക്കു കഴിഞ്ഞു.
വിദ്യാഭ്യാസമുള്ളവരില്‍പ്പോലും മാധവ് ഗാഡ്ഗില്‍ അത്തരം പണക്കാരുടെ ഏജന്റ് ആണെന്ന തോന്നലുണ്ടാക്കി. പ്രകൃതിയിലെ സകല ചാരാചാരങ്ങളോടൊത്തുമുള്ള സഹവര്‍ത്തിത്വം സംസാരിക്കേണ്ട സമയത്ത് തെറ്റായ പ്രചാരണങ്ങള്‍ വഴി വന്യജീവികളോടും വനത്തോടും ഭയവും വെറുപ്പും സൃഷ്ടിക്കപ്പെട്ടു. ഇതു കുട്ടികളില്‍പ്പോലും വലിയ മാനസിക സംഘര്‍ഷങ്ങളും, വന്യജീവിഭീതിയും (ഫോബിയ) ഉണ്ടാക്കി.
സ്മാര്‍ട്ഫോണുകളുടെ പെരുപ്പവും, പെട്ടെന്നു ഫോട്ടോകള്‍ അടക്കമുള്ള സന്ദേശം പ്രചരിപ്പിക്കാനുള്ള വാട്സ്ആപ്പ് പോലുള്ള സൗകര്യവും, സിസി ടിവി ക്യാമറകളുടെ ഉപയോഗവും എല്ലാം വന്യ മൃഗങ്ങളെ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടാക്കിയെന്നു മാത്രമല്ല, വര്‍ദ്ധിച്ച ദൃശ്യപരത മൃഗങ്ങള്‍ ക്രമാതീതമായി പെറ്റുപെരുകിയെന്ന തെറ്റിദ്ധാരണ പരത്തുവാനും ഇടയാക്കി. ചില മുഖ്യധാരാപത്രങ്ങളും ചാനലുകളും വായനക്കാരുടെ / കാഴ്ചക്കാരുടെ എണ്ണം കൂട്ടുവാനും ഇതുപയോഗിച്ചു. ശാസ്ത്രീയ വീക്ഷണം ഇല്ലാത്ത പ്രചാരണങ്ങളും ഇതോടൊപ്പം നടന്നു. കാട് കയയ്യേറിയവര്ക്ക് പട്ടയം/കൈവശരേഖ നല്കിയതും, വിസ്തൃതമായ തോട്ടങ്ങള്‍ ടൂറിസത്തിനു ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയതുമെല്ലാം, ഭൂമിശാസ്ത്രപരമായ വ്യക്തമായ അതിരുകള്‍ വനത്തിന് ഇല്ലാതാക്കി. അനധികൃതമായി പ്രത്യക്ഷപ്പെടുന്ന പാറമടകളില്‍ അത്യന്തം ശക്തിയുള്ള സ്ഫോടനം നടത്തുന്നത് മൃഗങ്ങളില്‍ സംഭ്രാന്തി ഉണ്ടാക്കി. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും പരിശീലനവും ഉള്ള വനം/റവന്യു വകുപ്പ് ജീവനക്കാര്‍ക്ക് മാത്രമേ അതിര്‍ത്തികള്‍ ശരിയായി അറിയാന്‍ സാധിക്കു. മൃഗങ്ങള്‍ എങ്ങനെ തന്റെ ഭൂമിയുടെ അതിര്‍ത്തി അറിയും? .
അതു പോലെ തന്നെയാണ് ഇടയ്ക്കുള്ള ഗോത്രഭൂമികളും അവരുടെ കുടികളും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വനവാസികള്‍ ചിലപ്പോള്‍ വന്യമൃഗങ്ങള്‍ മൂലമുള്ള വിളനാശവും, നഷ്ടവും സഹിച്ചേക്കാം. പക്ഷേ സാമ്പത്തികമായി മെച്ചപ്പെട്ട മറ്റു ചില വനവാസികള്‍ ചില സമയത്ത് അവഗണിക്കാവുന്ന ചെറിയ നഷ്ടം പോലും പെരുപ്പിച്ചുകാട്ടി, ജനശ്രദ്ധ ആകര്‍ഷിച്ചു നാടിന്റെ നീറുന്ന പ്രശ്നമാക്കി മൃഗങ്ങളെ മാറ്റുന്നു. വിദ്യാഭ്യാസമോ, മതബോധമോ, ശാസ്ത്രബോധമോ, സാമ്പത്തികസ്ഥിതിയോ, മണ്ണിന്റെ ഉടമസ്ഥതയോ, വന്യജീവിയുടെ ഇനമോ ഒന്നും നോക്കി ഈ എതിര്‍പ്പോ, സഹനശീലമോ അളക്കാന്‍ പറ്റാത്തവിധം സങ്കീര്‍ണ്ണമാണ് ഈ പ്രശ്നം. പണ്ടുകാലത്ത് പന്നി, മാന്‍, മയില്‍ എന്നിവയുടെ സ്ഥാനത്തു ഇപ്പോള്‍ ആനയും കടുവയും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു.
പ്രകൃതിയെയും വന്യജീവികളെയും അവ തമ്മിലുള്ള ബന്ധത്തെയും, പരസ്പരാശ്രിതത്വത്തെയും കുറിച്ച് സാമാന്യ ജ്ഞാനവും ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ സാമൂഹ്യബോധമുള്ള ആളുകള്‍ സംഘര്‍ഷ പരിഹാരത്തിനായി സമാധാനപരമായി കൈകോര്‍ത്താല്‍ മാത്രമേ പ്രശ്നപരിഹാരമാകൂ. ഉന്നത തലങ്ങളില്‍ സര്‍ക്കാരും, വിദഗ്ധരും, കര്‍ഷകരും നടത്തുന്ന ചര്‍ച്ചകള്‍ നാടിന്റെ ജൈവ സമ്പത്ത് കാക്കുന്നതും, കര്‍ഷകക്ഷേമം ഉറപ്പു വരുത്തുന്നതുമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: