1957 ലാണ് ഭാരതത്തില്‍ ആദ്യത്തെ ഖനന നിയമം നിര്‍മിക്കപ്പെട്ടത്. ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം 1957 എന്ന പേരിലാണ് പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്. ഈ നിയമത്തില്‍ കടലിലെ ധാതുക്കള്‍ ഖനനം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായി പറയാത്തതുകൊണ്ട് 2002ല്‍ കടല്‍ പ്രദേശങ്ങളില്‍ ധാതുക്കള്‍ ഖനനം ചെയ്യുന്നതിനായി നിയമം നിര്‍മിച്ചു. ഈ നിയമത്തിലാണ് തീരക്കടലില്‍ നിന്നും ആഴക്കടലില്‍ നിന്നും അടക്കം മണ്ണ് ഖനനം ചെയ്യാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. 2023ല്‍ നിയമം വീണ്ടും ഭേദഗതി ചെയ്തു. സര്‍ക്കാര്‍ കമ്പനികള്‍ക്കും മറ്റുയോഗ്യതയുള്ള കമ്പനികള്‍ക്കും ധാതുക്കള്‍ കണ്ടെത്തി മണല്‍ ഖനനം ചെയ്ത് വില്‍ക്കുന്നതിനുള്ള അനുമതി നല്കാന് വ്യവസ്ഥയുണ്ട്. ധാതുക്കളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും ഈ ലൈസന്‍സ് പ്രകാരം കമ്പനികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ 1957ലെ നിയമത്തിലെ ബി-പട്ടികയിലുള്ള ടൈറ്റാനിയം, തോറിയം, യൂറേനിയം, റേഡിയം തുടങ്ങിയ ആണവശേഷിയുള്ള മൂലകങ്ങള്‍ അടങ്ങിയ ധാതുക്കള്‍ ഖനനം ചെയ്യുന്നതിന് ഇത്തരം ലൈസന്‍സ് ലഭിക്കുന്ന കമ്പനികള്‍ക്ക് സാധിക്കില്ല. അതിന് നുമതിയുള്ളത് കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്‍ഇ, കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രമാണ്. കടലില്‍ ഖനനം നടത്തരുതെന്ന് ഒരു നിയമത്തിലും വ്യവസ്ഥയില്ല.
1982ലെ ഐക്യരാഷ്ട്രസഭയുടെ കടല്‍ നിയമങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍വെന്‍ഷനില്‍ ആര്‍ട്ടിക്കിള്‍ 82 ആയി കടലില്‍ ഖനനം അനുവദിച്ചിട്ടുള്ളതാണ്. സമുദ്രനിരപ്പില്‍ നിന്ന് നാല് മുതല്‍ 6 കിലോമീറ്റര്‍ വരെ ആഴത്തിലുള്ള സീ ബെഡ് എന്നറിയപ്പെടുന്ന കടലിന്റെ അടിത്തട്ടിലാണ് കരാര്‍ പ്രകാരം കമ്പനികള്‍ ഖനനം നടത്തുന്നത്. ഇതിനായി കമ്പനികളെ തിരഞ്ഞെടുക്കുന്നത് നിയമപ്രകാരം പരസ്യ ലേലത്തിലൂടെയാണ്. ലേലത്തില്‍ പങ്കെടുക്കുന്നതിന് കമ്പനികള്‍ക്ക് വേണ്ട യോഗ്യതകളും പരസ്യത്തില്‍ എടുത്തു പറയുന്നു. ഖനനം സംബന്ധിച്ച് സാങ്കേതിക പരിജ്ഞാനവും സാമ്പത്തികശേഷിയുമുള്ള കമ്പനികള്‍ക്കാണ് ബ്ലോക്ക് അടിസ്ഥാനത്തില്‍ കടലില്‍ നിന്ന് മണല്‍ ഖനനം ചെയ്യുന്നതിനുള്ള പരസ്യ ലേലങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി. ഇപ്രകാരം കൊല്ലം തീരത്ത് കടലില്‍ നിന്ന് മണല്‍ ഖന്നത്തിനുള്ള ദര്‍ഘാസുകള്‍ ക്ഷണിച്ചിട്ടുണ്ട്. അതിനെതിരായിട്ടാണ് മത്സ്യത്തൊഴിലാളികളുടെ പേരില്‍ മത സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ ബോധവത്കരണത്തിലൂടെ പരിഹരിക്കാവുന്നതാണ്. കടലില്‍ നിന്ന് മണല്‍ ഖനനം ചെയ്യാന്‍ പ്രസിദ്ധീകരിക്കപ്പെട്ട ദര്‍ഘാസ് പ്രകാരം കമ്പനികള്‍ യോഗ്യത നേടി രംഗത്തുവന്നാല്‍ മണലില്‍ അടങ്ങിയിരിക്കുന്ന കോപ്പര്‍, നിക്കല്‍, കൊബാള്‍ട്ട് തുടങ്ങിയ ധാതുക്കള്‍ കണ്ടെത്താനും കഴിയും. കമ്പനികളില്‍ നിന്ന് ലൈസന്‍സ് ഫീസ് ഇനത്തിലുള്ള വരുമാനം മുഖ്യമായും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കാന് 2023 ലെ കേന്ദ്ര നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികളുടെ പേരില്‍ നേതാക്കള്‍ ഉന്നയിക്കുന്ന ആക്ഷേപം കടലിന്റെ ആവാസവ്യവസ്ഥ മാറ്റുമെന്നാണ്. കടലിന്റെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യുമ്പോള്‍ അവിടെ വളരുന്ന കടല്‍ ചെടികള്‍ നഷ്ടപ്പെടും എന്നും മത്സ്യങ്ങളുടെ പ്രജനനം ഇല്ലാതാവും എന്നും മത്സ്യപ്രജനനം നടക്കുന്ന ട്രോളിങ് നിരോധന കാലത്ത് ഖനനം പാടില്ലെന്നും അവര്‍ ആവശ്യപ്പെടുന്നു. ഖനനം സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ചില സംഘടനകളുടെ ആവശ്യം. 2002ലെയും 2023ലെയും ഇത് സംബന്ധിച്ച കേന്ദ്ര നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കാത്തത് കൊണ്ടാണ് ഇത്തരം തെറ്റിദ്ധാരണകള്‍.
കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളും മറ്റു അന്തര്‍ദേശീയ വിദഗ്ധസമിതികളും പഠനം നടത്തിയിട്ടാണ് ഇത് സംബന്ധിച്ച് നിയമം നിര്‍മിച്ചത്. ഇന്ത്യന്‍ നാവികസേനയുടെ നേവല്‍ ഹൈഡ്രോഗ്രാഫി ഓഫീസും അറ്റോമിക് മിനറല്‍ ഡയറക്ടറേറ്റ് ഓഫ് എക്സ്പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ചും വിശദമായ പഠനം നടത്തി. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അനുമതി നല്കിയിട്ടുള്ളതാണ്. അന്തര്‍ദേശീയ സീ ബെഡ് അതോറിറ്റിയും അനുമതി നല്കി. പരിസ്ഥിതി ആഘാത പഠനം തന്നെയാണ് ഈ രംഗത്തെ വിദഗ്ധര്‍ അടങ്ങിയ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നടത്തിയിട്ടുള്ളത്.
ഖനനം മൂലം കടലിന്റെ അടിത്തട്ടിലെ ചെളി നീക്കം ചെയ്യുന്നില്ല. ചെളിയില്‍ അടങ്ങിയിരിക്കുന്ന മണല്‍ അരിച്ചെടു (ഫില്‍റ്റര്‍) ക്കുകയാണ് ചെയ്യുന്നത്. ഈ മണലിലാണ് വിലപിടിപ്പുള്ള ധാതുക്കള്‍ അടങ്ങിയിട്ടുള്ളത്. കടലില്‍ വമ്പന്‍ തിമിംഗലങ്ങളും ഉണ്ട്. തിമിംഗലങ്ങള്‍ തലകുത്തിമറിയുമ്പോള്‍ അടിത്തട്ടിലെ ചെളി ഇളകുകയും കടല്‍ ചെടികള്‍ സ്ഥാനം മാറി വളരുകയും ചെയ്യും. മണല്‍ ഖനനത്തിന് വേണ്ടിയുള്ള ഉപകരണം കടലിന്റെ അടിത്തട്ടില്‍ ചെന്ന് ചെളിയില്‍ നിന്ന് മണല്‍ അരിച്ചെടുക്കുമ്പോള്‍ ഇളകി മാറുന്ന കടല്‍ച്ചെടികള്‍ തൊട്ടടുത്തുതന്നെ സ്ഥാനം പിടിച്ച് വീണ്ടും വളരും. മത്സ്യങ്ങളുടെ പ്രജനനത്തെ ഖനനം ബാധിക്കില്ല. ഖനനം തുടര്‍ച്ചയായ പ്രക്രിയയല്ല. നാളിതുവരെ ഇവിടെ കരിമണല്‍ ഖനനം നടത്തിയിട്ടുള്ളത് ഐആര്‍ഇയും കെഎംഎംലും ആണ്. അത് ഇപ്പോഴും തുടരുന്നു. കടലില്‍ നിന്നു തന്നെയാണ് കരിമണല്‍ ഖനനം ചെയ്തെടുക്കുന്നത്. ഇതിനെതിരെ ആരും സമരം ചെയ്തിട്ടില്ല.
ഭാരതം അടക്കം നാല്പതോളം രാജ്യങ്ങള്‍ കടലില്‍ നിന്ന് പെട്രോളിയം ഖനനം ചെയ്ത്, അതില്‍നിന്ന് നിരവധി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു. കടലിന്റെ അടിത്തട്ടില്‍ 30000 അടി വരെ തുരന്നാണ് പെട്രോളിയം ഖനനം ചെയ്യുന്നത്. അവിടെയൊന്നും ആരും മത്സ്യപ്രജനനത്തിന്റെ ആവാസ വ്യവസ്ഥ ഉന്നയിച്ചിട്ടില്ല. അറബിക്കടലില്‍ത്തന്നെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് രണ്ട് വലിയ കമ്പനികള്‍ എണ്ണ പര്യവേഷണവും പെട്രോളിയം ഖനനവും നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒഎന്‍ജിസിയും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്ഡസ്ട്രീസുമാണ് ഈ കമ്പനികള്‍. റിലയന്‍സിന് 10 ലക്ഷം കോടിയും ഒഎന്ജിസക്ക് നാല് ലക്ഷം കോടിയുമാണ് വിറ്റുവരവ്. എന്നാല്‍ റിലയന്‍സിന്റെ ലാഭം 60,000 കോടിയും ഒഎന്‍ജിസിയുടെ 30000 കോടിയുമാണ്. ലാഭം കഴിച്ചുള്ള ഭീമമായ തുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നികുതി വരുമാനവും ജീവനക്കാരുടെ ശമ്പളവുമാണ്. അവിടെ കടലിലെ ആവാസവ്യവസ്ഥ മാറിയതായി ആരും പരാതിപ്പെടുന്നില്ല. 2002ല്‍ കേരള സര്‍ക്കാര്‍ കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപ സംഗമത്തില്‍ ഒരു കമ്പനി കരിമണല്‍ ഖനനത്തിനായി ആയിരം കോടി മുതല്‍മുടക്കുള്ള പദ്ധതി അവതരിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. 2023 ഓഗസ്റ്റ് 10ന് നിലവില്‍ വന്ന പുതിയ നിയമ ഭേദഗതി പ്രകാരം ഇത്തരം അനുമതി നല്‍കാനാണ് ഇപ്പോള്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചിട്ടുള്ളത്.
നിര്‍മാണ പ്രവര്ത്തങ്ങള്ക്കായിട്ടുള്ള മണല്‍ ക്ഷാമം എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്നുണ്ട്. നദികളില്‍ നിന്ന് നിര്‍മാണ ആവശ്യത്തിന് മണല്‍ വാരുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് എംസാന്‍ഡ് എന്ന പേരില്‍ പാറപ്പൊടിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. കടലില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന മണ്ണ് നിര്‍മാണത്തിന് അനുയോജ്യമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ മണല്‍ ലഭിച്ചാല്‍ വീടുകളുടെയും മറ്റും നിര്‍മാണച്ചെലവ് ഗണ്യമായി കുറയും. ദേശീയപാതകള്‍ അടക്കം മൂന്നു ലക്ഷം കോടിയുടെ അടിസ്ഥാന മേഖലാ നിര്‍മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെല്ലാം വന്‍തോതില്‍ മണല്‍ ആവശ്യമാണ്. ഇപ്പോള്‍ അനിയന്ത്രിതമായി മലകളില്‍ നിന്ന് പാറ പൊടിച്ചാണ് മണല്‍ ഉത്പാദനം. തന്മൂലം പശ്ചിമഘട്ടത്തിലെ മലനിരകള്‍ ദുര്‍ബലപ്പെടുകയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും സംഭവിക്കുകയും ചെയ്യുന്നു. അതാണ് വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് നടന്ന ദുരന്തം. അപ്പോള്‍ കടല്‍ മണല്‍ ഖനനത്തിലൂടെ ലഭിക്കുന്ന മണല്‍ കരയിലെ പരിസ്ഥിതി സംരക്ഷണത്തിന് ഉപകരിക്കുന്നു. കടല്‍ മണല്‍ ഖനനം ചെയ്യുന്നത് കടലിലെ ആവാസവ്യവസ്ഥയെ ബാധിക്കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കേന്ദ്രസര്‍ക്കാര്‍, ഓഫ്ഷോര്‍ ഏരിയ മിനറല്‍ ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. ലൈസന്‍സ് ലഭിക്കുന്ന കമ്പനികളാണ് ട്രസ്റ്റിലേക്ക് റോയല്‍റ്റി നല്‍കേണ്ടത്. യാതൊരുവിധ മലിനീകരണവും ഉണ്ടാകരുതെന്ന് നിയമത്തിലെ വകുപ്പ് 19 അനുശാസിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വകുപ്പ് 23 പ്രകാരം 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
ഭാരതം രണ്ട് വര്‍ഷത്തിനകം മൂന്നാം സാമ്പത്തിക ശക്തിയായി വളരുമെന്ന് വിദഗ്ധര്‍ കണക്ക് കൂട്ടുന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ നിരക്ക് ഭാരതത്തിലാണ്, 6.4 ശതമാനം. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കടലില്‍ നിന്നുള്ള മണലും വിലപിടിപ്പുള്ള ധാതുക്കളും ഖനനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ 2023 ല്‍ നിയമം പാസാക്കിയത്. പുതിയ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും വിദേശ നിക്ഷേപം ലഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് നിയമനിര്‍മാണം നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ ആശങ്കമാറ്റാന്‍ സംഘടനാ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിന്റെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: