ന്യൂദൽഹി : ദൽഹിയിലെ മദ്യനയത്തെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പുറത്ത് വരുന്നത് സംസ്ഥാനത്തെ ഖജനാവിന് ഉണ്ടായ ആയിരക്കണക്കിന് കോടികളുടെ നഷ്ടത്തെക്കുറിച്ചാണ്. ഇന്നാണ് മുഖ്യമന്ത്രി രേഖഗുപ്ത ദൽഹി നിയമസഭയിൽ സിഎജി റിപ്പോർട്ട് അവതരിപ്പിച്ചത്. മദ്യനയത്തിലെ മാറ്റം മൂലം ദൽഹി സർക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ദൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിലെ നിരവധി തെറ്റായ തീരുമാനങ്ങൾ കാരണം വൻ നഷ്ടത്തിന് കാരണമായെന്നും റിപ്പോർട്ട് പറയുന്നു. അവയിൽ പ്രധാനപ്പെട്ടത് ഏതെല്ലാമാണെന്ന് പരിശോധിക്കാം
1. പ്രാദേശിക ലൈസൻസുകൾ നൽകുന്നതിൽ വീഴ്ചയുണ്ടായി, അതിന്റെ ഫലമായി 940 കോടി രൂപയുടെ നഷ്ടമുണ്ടായി.
2. റീ-ടെൻഡർ പ്രക്രിയയിൽ 890 കോടി രൂപയുടെ നഷ്ടമുണ്ടായി.
3. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം, 2021 ഡിസംബർ 28 മുതൽ 2022 ജനുവരി 27 വരെ മദ്യ വ്യാപാരികൾക്ക് ലൈസൻസ് ഫീസിൽ 144 കോടി രൂപയുടെ റിബേറ്റ് ലഭിച്ചു.
4. സെക്യൂരിറ്റി ഡെപ്പോസിറ്റ് കൃത്യമായി അടയ്‌ക്കാത്തതിനാൽ 27 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
5. ചില ചില്ലറ വ്യാപാരികൾ മദ്യനയത്തിന്റെ കാലാവധി അവസാനിക്കുന്നതുവരെ ലൈസൻസ് ഉപയോഗിച്ചു. ചിലർ അകാലത്തിൽ ലൈസൻസ് തിരികെ നൽകി.
6. കൂടാതെ, 2010 ലെ ദൽഹി എക്സൈസ് നിയമങ്ങളിലെ റൂൾ 35 ശരിയായി നടപ്പാക്കിയില്ലെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ, ചില്ലറ വ്യാപാരത്തിലും നിർമ്മാണത്തിലും താൽപ്പര്യമുള്ള ബിസിനസുകാർക്ക് മൊത്തവ്യാപാരത്തിനുള്ള ലൈസൻസ് നൽകി. ഇത് മദ്യ വിതരണ ശൃംഖലയിലുടനീളമുള്ള കുറച്ച് ആളുകൾക്ക് ഗുണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: