Kerala

ക്ഷേത്രങ്ങളിലെ അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡ് നിര്‍ത്തി

Published by

പത്തനംതിട്ട: ക്ഷേത്രങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹിന്ദു വിരുദ്ധ നിലപാട്. സ്വയം പര്യാപ്തതയുള്ള ക്ഷേത്രങ്ങളില്‍ പോലും ഇപ്പോള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. പകരം മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിക്കാനും ഒരു നിശ്ചിത തുകയില്‍ താഴെ വരുന്ന സംഖ്യക്ക് അറ്റകുറ്റപ്പണികള്‍ നടത്താനുമാണ് തീരുമാനം. ക്ഷേത്ര വരുമാനം കണക്കാക്കിയാണ് ഇതിന് പണം അനുവദിക്കുന്നത്. എന്നാല്‍ ഇതിനു പോലും ക്ഷേത്രോപദേശക സമിതിയുടെ നിരന്തര സമ്മര്‍ദ്ദം വേണ്ടി വരുന്നുണ്ട്.
പൂര്‍ണമായും ജീര്‍ണാവസ്ഥയിലായ 240ല്‍ പരം ക്ഷേത്രങ്ങള്‍ ബോര്‍ഡിനുണ്ട്. ആകെയുള്ള 1248 ക്ഷേത്രങ്ങളില്‍ മേജര്‍ ക്ഷേത്രങ്ങളുടെ പോലും അറ്റകുറ്റപ്പണികള്‍ കൊവിഡിന് ശേഷം നടന്നിട്ടില്ല.

ക്ഷേത്രോപദേശക സമിതികള്‍ മുന്‍കൈയെടുത്ത് പണം കണ്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ബോര്‍ഡ് പറയുന്നത്. ഇതിന്
അപേക്ഷ സമര്‍പ്പിച്ച് ബോര്‍ഡില്‍ നിന്നും അംഗീകാരം വാങ്ങണം. ബോര്‍ഡ് ഒപ്പിട്ട് സീല്‍ പതിച്ചു നല്കുന്ന രസീത് ഉപയോഗിച്ച് പിരിവു നടത്തണം. എന്നാല്‍ ഇതിന് അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ക്ഷേത്ര ഉപദേശക സമിതികള്‍ക്കു പോ
ലും രസീത് ഒപ്പിട്ട് നല്കിയിട്ടില്ല. ആറന്മുള ഗ്രൂപ്പിന് കീഴില്‍ വരുന്ന പൂവത്തൂര്‍ തൃക്കണ്ണപുരം ശാസ്താ ക്ഷേത്രത്തിന്റെ അവസ്ഥ ഭക്തര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമേല്‍ക്കൂര ചോ
ര്‍ന്നൊലിക്കുന്ന വിവരം ദേവസ്വം അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. അതിനാല്‍ ഉപദേശക സമിതി മുന്നിട്ടിറങ്ങി ഓടുകള്‍ മാറ്റി ചോര്‍ച്ച ഒഴിവാക്കി. തുടര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണത്തിന് രസീത് ഒപ്പിട്ട് നല്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ 40 ശതമാനം രസീത് മാത്രമെ നല്കിയുള്ളു. ഇത് ഉപയോഗിച്ച് നാലമ്പലത്തിന്റെ അടിത്തറയും ഭിത്തിയും കെട്ടി. പക്ഷേ ബാക്കിയുള്ള നിര്‍മാണത്തിന് ആവശ്യമായ രസീതിനായി വീണ്ടും അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞ സപ്തംബര്‍ മുതല്‍ കാത്തിരിക്കുന്നു. അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.

നിര്‍മാണ പുരോഗതി പോലും വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. എങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ മുന്‍ഭാഗം അടുത്തിടെ വാര്‍ക്കാന്‍ ഉപദേശക സമിതിക്ക് കഴിഞ്ഞു.

ക്ഷേത്രങ്ങളിലെ വൈദ്യുതി ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം മാത്രമാണ് ബോര്‍ഡ് ഇപ്പോള്‍ നടത്തുന്നത്. അതിനായി മേജര്‍ ക്ഷേത്രങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ശബരിമലയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. മേജര്‍ ക്ഷേത്രങ്ങളില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ഇതിന് ശേഷം ആലോചിക്കും.

ഒട്ടും വരുമാനമില്ലാത്ത ക്ഷേത്രങ്ങളില്‍ പൂജാരിയെ പോലും നിയമിക്കേണ്ട എന്ന നയമാണ് ബോര്‍ഡിന്. നിത്യ നിദാനത്തിന് അടുത്തുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്ര പൂജാരിക്ക് അധിക ജോലി നല്കും. പ്രധാന ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം പൂജാരി എത്തി നട തുറക്കണം. രാവിലെ പത്തു മണിക്ക് ശേഷം മാത്രമെ ഇത്തരം ക്ഷേത്രങ്ങളില്‍ പൂജ നടക്കു എന്നതാണ് സ്ഥിതി.

ആചാരം മുടങ്ങുന്ന വിവരം ചൂണ്ടിക്കാട്ടി പരാതി നല്കിയാല്‍ ഉപദേശക സമിതി തന്നെ സ്വന്തം ചെലവില്‍ ശാന്തിക്കാരനെ കണ്ടെത്തണം എന്ന നിര്‍ദേശമാണ് ലഭിക്കുക.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by