Kerala

കണ്ടുകെട്ടിയ പണം ഇരകള്‍ക്ക്: കരുവന്നൂര്‍ ബാങ്ക് സഹകരിക്കുന്നില്ലെന്ന് ഇ ഡി

Published by

കൊച്ചി: കാരക്കോണം മെഡി. കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയ കേസില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ പണം ഇരകള്‍ക്ക് കൈമാറിയത് തട്ടിപ്പു കേസുകളില്‍ വന്‍ തോതില്‍ പണം നഷ്ടമായവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നടപടി. പണമിടപാട് കേസുകളില്‍ താമസം പതിവാണ്. ഇതിനു പരിഹാരമായാണ് കേന്ദ്ര നിര്‍ദേശ പ്രകാരം ഇ ഡി നടപടി. കരുവന്നൂര്‍ കേസില്‍ സ്ഥാവര, ജംഗമ വസ്തുക്കളടക്കം 128 കോടിയാണ് കണ്ടുകെട്ടിയത്. ഇതു ബാങ്കിനെ തിരികെ ഏല്‍പ്പിക്കും. വസ്തുവകകള്‍ ബാങ്ക് ലേലം ചെയ്യും. ഇരകളായവര്‍ക്കു ബാങ്കിനെ സമീപിക്കാം. ബാങ്ക് വഴിയാണ് പരാതിക്കാര്‍ക്കു പണം തിരികെക്കൊടുക്കുക.

ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിരവധി തവണ ബാങ്കിനെ സമീപിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് ഇ ഡി വ്യക്തമാക്കി. കള്ളപ്പണ നിരോധന നിയമ പ്രകാരം പണം ബാങ്കിലേക്ക് കൈമാറാന്‍ അനുമതി തേടി ഇ ഡി കോടതിയെ സമീപിക്കും.

കണ്ടല സഹ. ബാങ്ക് തട്ടിപ്പു കേസിലും കണ്ടുകെട്ടിയ പണം പരാതിക്കാര്‍ക്കു തിരികെ നല്കും. ഇതിന്റെ നടപടികളും വൈകാതെ ആരംഭിക്കും. പോപ്പുലര്‍ ഫിനാന്‍സ്, ഹൈറിച്ച് തട്ടിപ്പുകേസുകളില്‍ ഇ ഡിക്കു പുറമേ ബഡ്സ് (ബാനിങ് ഓഫ് അണ്‍ റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ്) അധികൃതരും പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇ ഡി കണ്ടുകെട്ടിയ സ്വത്ത് കൈമാറാന്‍ തയാറാണെന്ന് ബഡ്സ് അധികൃതരെ അറിയിക്കും. കേച്ചേരി ഫി
നാന്‍സ് തട്ടിപ്പ്, മാസ്റ്റേഴ്സ് ഫിന്‍സെര്‍വ് തട്ടിപ്പു കേസുകളിലും പണം തിരികെ നല്കാനുള്ള നടപടികള്‍ തുടങ്ങി.

2021 ജൂലൈ 14നാണ് കരുവന്നൂര്‍ സഹ. ബാങ്കിലെ തട്ടിപ്പു പുറത്തുവന്നത്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് തട്ടിപ്പുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. പാവപ്പെട്ടവരും സാധാരണക്കാരും നിക്ഷേപിച്ച 312 കോടി രൂപയിലധികമാണ് പാര്‍ട്ടിയും പാര്‍ട്ടിക്കാരും തട്ടിയെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക