കൊല്‍ക്കത്ത: ബംഗാള്‍ പോലീസിനെ കുഴക്കിയ ടാംഗ്ര കൊലപാതക കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അതേ കുടുംബത്തിലെ പതിനാലുകാരന്‍. എല്ലാവരേയും കൊന്നത് ചെറിയച്ഛന്‍ എന്ന മൊഴി കേസില്‍ വന്‍ വഴിത്തിരിവായി. കിഴക്കന്‍ കൊല്‍ക്കത്തയിലെ ടാംഗ്രയില്‍ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചനിലയില്‍ കാണപ്പെടുകയും അതേ കുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍പ്പെടുകയും ചെയ്ത കേസിലാണ് വഴിത്തിരിവ്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ മെട്രോപോളിറ്റന്‍ ബൈപ്പാസിലെ ക്രോസിങ്ങില്‍ ഒരു കാര്‍ അപകടത്തില്‍പ്പെട്ടതില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. സഹോദരങ്ങളായ പ്രണയ് ദേ (48), പ്രസൂണ്‍ കുമാര്‍ ദേ (45), പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേ (14) എന്നിവരാണ് കാറിലുണ്ടായിരുന്നത്. സഹോദരങ്ങളാണെന്നും വീട്ടില്‍ ഇരുവരുടെയും ഭാര്യമാരും മകളും ജീവനൊടുക്കിയെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ടാംഗ്രയിലെ വീട്ടിലെ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രണയ് ദേയുടെ ഭാര്യ സുധേഷ്ണ ദേ (39), പ്രസൂണിന്റെ ഭാര്യ റോമി ദേ (44), പ്രസൂണിന്റെ മകള്‍ പ്രിയംവദ (14) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിവുകളുടെ സ്വഭാവവും പെണ്‍കുട്ടിയുടെ മുഖത്തെ ചതവുകളും പോലീസിന് സംശയമായി. വ്യാപാരത്തില്‍ ദേ സഹോദരന്മാര്‍ക്ക് വന്ന വന്‍ നഷ്ടമാണ് ഈ കടുംകൈ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. സാമ്പത്തികപ്രശ്‌നത്തിനിടയിലും ആഡംബരജീവിതമാണ് നയിച്ചിരുന്നത്. പലരില്‍ നിന്നായി വന്‍ തുക കടം വാങ്ങി. പോലീസിന്റെ സംശയം സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
സുധേഷ്ണയുടെയും റോമിയുടെയും കൈകളില്‍ മാത്രമല്ല കഴുത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. പ്രിയംവദയുടെ ചുണ്ടിലും മൂക്കിലും ചതവുകള്‍ ഉണ്ടായിരുന്നു, വായില്‍ നിന്നും നുരയും പതയും വന്നിരുന്നു. കൊലപാതകമാണെന്ന സൂചന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു.
അപകടത്തില്‍പ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്തു. സാമ്പത്തിക പ്രശ്‌നത്തെത്തുടര്‍ന്ന് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് പ്രണയ് ദേ പറഞ്ഞത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി എല്ലാവരും കഴിച്ചു, ഭാര്യയും മകളും മരിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ സഹോദനേയും മകനേയും കൂട്ടി കാറില്‍ വീട്ടില്‍ നിന്നിറങ്ങി. കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കി മരിക്കാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും പ്രണയ് പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച പ്രണയ് ദേയുടെ മകന്‍ പ്രദീപ് ദേയ്‌ക്ക് ബോധം വന്നപ്പോള്‍ പോലീസിനോടു പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും ഞെട്ടിച്ചു. ചെറിയച്ഛന്‍, പ്രസൂണ്‍ ദേയാണ് തന്റെ അമ്മ സുധേഷ്ണയേയും ചെറിയമ്മ റോമിയേയും ചെറിയച്ഛന്റെ മകള്‍ പ്രിയംവദയേയും കൊലപ്പെടുത്തിയത് എന്ന് പ്രദീപ് വെളിപ്പെടുത്തി.
കൊലപാതകം ആസൂത്രണം ചെയ്തതിലും നടപ്പാക്കിയതിലും മൂത്ത സഹോദരന്‍ പ്രണയ് ദേയ്‌ക്കും കാര്യമായ പങ്കുണ്ട്. വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച പ്രിയംവദയെ ബലംപ്രയോഗിച്ചണ് കഴിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയശേഷം രണ്ട് സഹോദരന്മാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക