ചെന്നൈ: തമിഴ്നാട്ടില്‍ റെയില്‍വേസ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിക്കുന്ന ഡിഎംകെ നേതാക്കളുടെ മക്കള്‍ പഠിക്കുന്നത് ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂളുകളിലാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വെറും വ്യാജമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും അണ്ണാമലൈ.
ഡിഎംകെ നേതാക്കളും ഡിഎംകെ കൗണ്‍സിലര്‍മാരും അവരുടെ മക്കളെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്വകാര്യസ്കൂളുകളില്‍ വിടുന്ന അവര്‍ ഹിന്ദി ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. പൊള്ളാച്ചിയില്‍ ഹിന്ദി ബോര്‍ഡുകള്‍ നശിപ്പിച്ച ഡിഎംകെ നേതാവിന്റെ മക്കള്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലാണ് അവരുടെ മക്കളെ പറഞ്ഞയക്കുന്നത്. ശങ്കരന് കോവില്‍ പ്രദേശത്ത് പ്രതിഷേധിച്ച ഡിഎംകെ നേതാവിന്റെ മക്കളെയും അയക്കുന്നത് സ്വകാര്യ സ്കൂളിലാണ്. ഹിന്ദി അടിച്ചേല്പിച്ച ഒരു കാലമുണ്ടായിരുന്നു 1965ല്‍. അന്ന് ഡിഎംകെയുടെ സമരത്തിന് അര്‍ത്ഥമുണ്ടായിരുന്നു. ഇന്ന് ഹിന്ദി അടിച്ചേല്പിക്കുന്നില്ല. വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന ഭാഷ മാത്രമാണ്. 2020ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയില്‍ (ദേശീയ വിദ്യാഭ്യാസനയം) ഹിന്ദി നിര്‍ബന്ധമല്ല. വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന ഭാഷയാണ്. എന്നിരിക്കെ ഡിഎംകെ നേതാക്കള്‍ ദേശീയവിദ്യാഭ്യാസനയത്തെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഹിന്ദി ബോര്‍ഡുകളില്‍ കറുപ്പ് ചായം പൂശുന്നത്. – അണ്ണാമലൈ പറയുന്നു.
സുബ്രഹ്മണ്യഭാരതി എന്ന പ്രമുഖ കവിയ്ക്ക് 10 ഭാഷകള്‍ അറിയാമയിരുന്നു. എന്റെ അമ്മ മഹതിയാണെന്ന് നമ്മള് പറയുന്നതില്‍ അര്‍ത്ഥമില്ല. മറ്റുള്ളവര്‍ നമ്മുടെ അമ്മയെ പുകഴ്ത്തിപ്പറയുമ്പോള്‍ മാത്രമാണ് നമ്മുടെ അമ്മ മഹതിയാവുന്നതെന്നാണ് സുബ്രഹ്മണ്യഭാരതി പറയുന്നത്. അതായത് മറ്റു ഭാഷകളെ കൂടി നമ്മള് ബഹുമാനിക്കണം. അറിയാന്‍ ശ്രമിക്കണം. അപ്പോഴാണ് നമ്മുടെ തമിഴ് എത്ര മഹത്തരമാണെന്ന് നമുക്ക് മനസ്സിലാവുക. – അണ്ണാമലൈ പറയുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: