മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വര്‍ണ്ണപ്പണയക്കമ്പനിയായ മണപ്പുറം ഫിനാന്‍സിനെ നിയന്ത്രിക്കാവുന്ന അത്രയും ഓഹരികള്‍ അമേരിക്കയിലെ ബെയിന്‍ ക്യാപിറ്റല്‍ വാങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടറായ മണപ്പുറം എംഡി വി.പി. നന്ദകുമാറുമായുള്ള ചര്‍ച്ച അവസാനഘട്ടത്തിലാണെന്ന് അറിയുന്നു.
ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറം ഫിനാന്‍സിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹം പരന്നയുടന്‍ തിങ്കളാഴ്ച ഓഹരിവിലയില്‍ രണ്ട് ശതമാനം വര്‍ധന രേഖപ്പെടുത്തിയിരുന്നു. 201 രൂപയില്‍ നിന്നും 203 രൂപയിലേക്ക് തിങ്കളാഴ്ച ഓഹരി വില വര്‍ധിച്ചു.
ആദ്യഘട്ടത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ 26 ശതമാനം ഓഹരികളാണ് ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങുക എന്നറിയുന്നു. ഇതോടെ കൂടുതല്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരം ബെയ്ന്‍ ക്യാപിറ്റലിന് ലഭിക്കും. മണപ്പുറം എംഡി വി.പി. നന്ദകുമാറിന് 35.25 ശതമാനം ഓഹരികള്‍ ആണുള്ളത്.മണപ്പുറം ഫിനാന്‍സിന്റെ ആകെ വിപണി മൂല്യം 17000 കോടി രൂപയാണ്. കമ്പനി പ്രൊമോട്ടര്‍മാരുടെ മുഴുവന്‍ ഓഹരികളും ഉള്‍പ്പെടെ ഏകദേശം 46 ശതമാനത്തോളം ഓഹരികള്‍ ബെയ്ന്‍ ക്യാപിറ്റല്‍ സ്വന്തമാക്കുമെന്നറിയുന്നു. ഈ ഏറ്റെടുക്കല്‍ ഏകദേശം 10,000 കോടിയുടേതായിരിക്കുമെന്ന് ബിസിനസ് വിദഗ്ധര്‍ വിലയിരുത്തുന്നു.
മണപ്പുറം ഫിനാന്‍സിന്റെ വരുമാനത്തില്‍ 75 ശതമാനവും സ്വര്‍ണ്ണവായ്പയില്‍ നിന്നാണ്. ഇതില്‍ ഈ ത്രൈമസത്തില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. പ്രധാനമായും സ്വര്‍ണ്ണവില വര്‍ധിച്ചതാണ് ഇതിന് കാരണമായത്. അതേ സമയം മൈക്രോഫിനാന്‍സ് ബിസിനസില്‍ കിട്ടാക്കടം നാല് മടങ്ങായി വര്‍ധിച്ചിട്ടുണ്ട്. ഇതിപ്പോള്‍ 473 കോടിയായി ഉയര്‍ന്നിട്ടുണ്ട്.
ഫിനാന്‍സ് കമ്പനികളെ പലതിനെയും ബെയ്ന്‍ ക്യാപിറ്റല്‍ വാങ്ങാന്‍ ലക്ഷ്യമിട്ടിരുന്നു. ഐഡിഎഫ്സി, പൂനവാല, ജിയോ ഫിനാന്‍സ് തുടങ്ങി പല കമ്പനികളെയും ഏറ്റെടുത്തേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: