ആലപ്പുഴ: എസ്എസ്എല്‍സി പരീക്ഷ പോലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പറുകളും ട്രഷറിയില്‍ സൂക്ഷിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി. ഹൈസ്‌കൂളിലെ അനദ്ധ്യാപക ജീവനക്കാര്‍ക്ക് ഹയര്‍സെക്കന്‍ഡറിയുടെ ചോദ്യപേപ്പറിന്റെ രാത്രി കാവല്‍ ഡ്യൂട്ടി നല്‍കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായി. ഏതെങ്കിലും കാരണവശാല്‍ മതിയായ ജീവനക്കാര്‍ ഇല്ലെങ്കില്‍ ഹൈസ്‌കൂളിലെ ക്ലാര്‍ക്കുമാര്‍ക്ക് കൂടി നൈറ്റ് ഡ്യൂട്ടി നല്‍കണമെന്നാണ് ഉത്തരവ്.
ചോദ്യ പേപ്പര്‍ സംരക്ഷിക്കുന്നതിന് ഹയര്‍സെക്കന്‍ഡറിയില്‍ ലാബ് അസിസ്റ്റന്റ് ജീവനക്കാര്‍ ഉണ്ടായിട്ടും അവരെ ഒഴിവാക്കി ഹൈസ്‌കൂളിലെ അനദ്ധ്യാപക ജീവനക്കാരെ മാത്രം നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ അനദ്ധ്യാപകര്‍ കടുത്ത അതൃപ്തിയിലാണ്. ഹയര്‍സെക്കന്‍ഡറിയില്‍ അനദ്ധ്യാപക നിയമനം നടത്താതെ ഹൈസ്‌കൂള്‍ ജീവനക്കാരെകൊണ്ട് അമിത ജോലി എടുപ്പിക്കുകയാണ്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ആണ് ഈ ധൃതി പിടിച്ച് ഈ ഉത്തരവ് ഇറക്കിയത്. പരീക്ഷ തീരുന്നത് വരെ അവധി ദിവസങ്ങളില്‍ ഉള്‍പ്പടെ ജീവനക്കാര്‍ നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരും. എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യ പേപ്പറിന്റെ സുരക്ഷാ രീതി ഹയര്‍സെക്കന്‍ഡറിയിലും നടപ്പിലാക്കവുന്നതേയുള്ളു.
ഏക്കര്‍ കണക്കിന് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ രാത്രിയില്‍ നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അനദ്ധ്യാപകര്‍ ഭീതിയോടുകൂടിയാണ് ചുമതല നിര്‍വഹിക്കുന്നത്. ഇതിനിടയില്‍ രാത്രി വൈദ്യുതി പോയാല്‍ സ്ഥിതി ഏറെ ബുദ്ധിമുട്ടാകും. ഹയര്‍സെക്കന്‍ഡറിയുടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പിറ്റേദിവസം സ്‌കൂളുകളിലെ പരീക്ഷ നടത്തേണ്ടതിനാല്‍ ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ് എടുക്കാനും കഴിയില്ല.
ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വനിതകളെ നൈറ്റ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് എയ്ഡഡ് സ്‌കൂള്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക