ന്യൂദല്‍ഹി: സാമൂഹ്യ പരിഷ്‌കര്‍ത്താവും മത പ്രഭാഷകനുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ആദാഞ്ജലികള്‍ അര്‍പ്പിച്ചു. വിദ്യാഭ്യാസമേഖലയിലും സമൂഹത്തില്‍ അനുകൂലമായ മാറ്റങ്ങള്‍കൊണ്ടുവരുന്നതിന് നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് ദയാനന്ദ സരസ്വതിയെന്ന് രാഷ്‌ട്രപതി എക്‌സിലൂടെ അറിയിച്ചു.
ഭാരത നവോത്ഥാനത്തിന്റെ നെടുംതൂണുകളില്‍ ഒന്നായിരുന്നു സ്വാമി ദയാനന്ദ സരസ്വതി. വിദ്യാഭ്യാസ, സാമൂഹ്യ പരിഷ്‌കരണ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. നമുക്കായി അദ്ദേഹം പകര്‍ന്നു നല്‍കിയ കാര്യങ്ങള്‍ക്ക് എപ്പോഴും പ്രസക്തിയുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് വികസിത ഭാരതമാക്കി വളര്‍ത്തിയെടുക്കുന്നതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രയത്‌നിക്കാം, രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു.
1824 ഫെബ്രുവരി 12നാണ് സ്വാമി ദയാന്ദ സരസ്വതിയുടെ ജനനം. സാമൂഹിക പരിഷ്‌കര്‍ത്താവും സ്ത്രീകള്‍ക്കെതിരായ അസമത്വങ്ങള്‍ക്കും സാമൂഹിക വിവേചനത്തിനുമെതിരെ പോരാടിയ അദ്ദേഹം ആര്യസമാജം സ്ഥാപിച്ചു. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താംതീയതിയാണ് ദയാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷികമായി ആചരിക്കുന്നത്. ആര്യസമാജത്തിന്റെ 201-ാമത് വാര്‍ഷികാഘോഷവും ഈ വര്‍ഷമാണ്. 1875 ഏപ്രിലിലാണ് ആര്യസമാജം സ്ഥാപിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മാറ്റം കൊണ്ടുവരാന്‍ ആര്യ സമാജം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക