ഓര്‍മ്മകളുടെ ഒഴുക്കില്‍നിന്നു തപ്പിയെടുക്കുന്ന ചില കാര്യങ്ങളാണ് സംഘപഥത്തിലൂടെ എന്ന ഈ പംക്തികളിലേക്കു എഴുതുന്നത്. ഓര്‍മ്മകളില്‍ പലതും കൃത്യമായ തുടര്‍ച്ചയോടെ വരുന്നുമില്ല. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ തലപ്പൊക്കമേറിയ എല്‍.കെ. അദ്വാനിയുടെ 99-ാം ജന്മദിനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയിലെത്തി ഭാരതരത്ന ബഹുമതി നല്‍കിയതിന്റെ ടിവി ദൃശ്യങ്ങള്‍ കണ്ടിരുന്നു. 1970ല്‍ ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമിതിയിലേക്കു ഞാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതു മുതല്‍ അദ്വാനിജിയുമായി പരിചയമായിരുന്നു. അതിന് മുമ്പ് ഓര്‍ഗനൈസര്‍ വാരികയില്‍ അദ്ദേഹം പത്രാധിപരുടെ ചുമതലകള്‍ വഹിച്ചപ്പോള്‍ പത്രാധിപരില്‍നിന്നുള്ള കത്തും, മുഖപ്രസംഗങ്ങളും മികച്ച ഉള്‍ക്കാഴ്ച തരുന്നവയായി തോന്നിയിട്ടുണ്ട്. 1967 അവസാനം കോഴിക്കോട്ടു നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ചര്‍ച്ചാ ആ വാഗ്വൈഭവം അനുഭവിക്കാന്‍ സാധിച്ചു. അദ്ധ്യക്ഷന്‍ ദീനദയാല്‍ജിയും മഹാമന്ത്രി (ജനറല്‍ സെക്രട്ടറി) സുന്ദര്‍ സിംഗ് ഭണ്ഡാരിയും കഴിഞ്ഞാല്‍ സമ്മേളനത്തിലെ ചര്‍ച്ചാവേളകളില്‍ അദ്വാനിജി വിളങ്ങിനിന്നു.
പിന്നീട് ആണ്ടിലൊരിക്കലെങ്കിലും നടന്നു വന്ന പഠനശിബിരങ്ങളില്‍ അദ്ദേഹത്തിന്റെ വിഷയാവതരണവും ചര്‍ച്ചകളിലെ ഇടപെടലുകളും, വിശദീകരണങ്ങളും പ്രായേണ ഇംഗ്ലീഷിലായിരുന്നു. ആ ഭാഷ കൈകാര്യം ചെയ്യുന്നതിലെ അദ്വാനിജിയുടെ പ്രാഗത്ഭ്യം അസൂയാവഹമായിരുന്നു. അവ സാധാരണ പ്രവര്‍ത്തകര്‍ക്ക് മനസ്സിലാകത്തക്കവിധത്തില്‍ പരിഭാഷപ്പെടുത്താന്‍ പരമേശ്വര്‍ജി പലപ്പോഴും എന്നെ ചുമതലപ്പെടുത്തുമായിരുന്നു. അങ്ങനെയൊരു അവസരം പ്രയോജനകരമായി.
പിന്നീട് ജന്മഭൂമി ആരംഭിച്ചപ്പോള്‍ അതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥി അദ്വാനിജിയായിരുന്നു. അതിന് ജന്മഭൂമിയിലെത്തിയ സമയത്താണ് വി.പി. സിംഗ് കേന്ദ്രഭരണത്തില്‍ അട്ടിമറി നടത്തിയത്. ഉടന്‍ ദല്‍ഹിയിലെത്താന്‍ അദ്വാനിജിക്കു തുരുതുരാ സന്ദേശങ്ങള്‍ വന്നുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ജന്മഭൂമി ഓഫീസില്‍ തന്നെ പത്രസമ്മേളനം വിളിച്ച് അദ്ദേഹം പാര്‍ട്ടിയുടെ നയം വ്യക്തമാക്കുകയായിരുന്നു.
അദ്വാനിജി തന്റെ ആത്മകഥ എഴുതി പ്രസിദ്ധീകരിച്ചത് 2008 ആണെന്നാണ് എന്റെ ഓര്‍മ്മ. എന്റെ നാട് എന്റെ ജനങ്ങള്‍ (ങ്യ രീൗിൃ്യേ ങ്യ ജലീുഹല) എന്ന ആയിരം പുറങ്ങള്‍ വരുന്ന ആ മഹാഗ്രന്ഥം 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസം തന്നെയാണ്. ആ പുസ്തകത്തിന്റെ കേരളത്തിലെ പ്രകാശനം എറണാകുളം കലൂരിലെ ഗോകുലം ഹോട്ടലിന്റെ വിശാലമായ ഹാളിലായിരുന്നു. പുസ്തകത്തെ അവതരിപ്പിച്ചതു പരമേശ്വര്‍ജിയും, ഏറ്റുവാങ്ങിയതു ചലച്ചിത്ര താരം മമ്മൂട്ടിയുമായിരുന്നു. അദ്വാനിജിയുടെ ജീവിതദൗത്യത്തെ വിശദീകരിച്ചുകൊണ്ട് പരമേശ്വര്‍ജി ചെയ്ത പ്രഭാഷണം ആ വ്യക്തിത്വത്തെ, അതിന്റെ സമഗ്രതയെ സംക്ഷിപ്തമാക്കിയതായി.
മമ്മൂട്ടിക്കു കേരളവര്‍മ്മ പഴശ്ശിരാജാ എന്ന ചരിത്രചിത്രത്തിലെ പങ്കുവഹിക്കാന്‍ കുടകിലേക്കു പോകേണ്ടവഴിക്കാണ് ഈ പരിപാടിയില്‍ എത്തിയത്. അദ്വാനിജി മമ്മൂട്ടിയുടെ പ്രതിഭ അറിഞ്ഞ ദേശീയ നേതാവാണെന്നു രണ്ടുപേരുടെയും വാക്കുകള്‍ തെളിയിച്ചു. നമ്മുടെ ഭരണഘടനാ ശില്‍പ്പിയായ ഡോ. ഭീമറാവു അംബേദ്കറുടെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രത്തില്‍ നായകവേഷം മമ്മൂട്ടിക്കായിരുന്നു. പകര്‍ന്നാടും അത്യുജ്വലമാക്കിയ മമ്മൂട്ടിക്കു തന്നെ അതിന് ദേശീയ ഭരത് പുരസ്കാരം നല്കപ്പെട്ടു. ചിത്രത്തിന്റെ പ്രദര്‍ശനം അദ്വാനിജിക്കുവേണ്ടി, അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തന്നെ ഏര്‍പ്പെടുത്തിയ കാര്യം മമ്മൂട്ടി വിവരിച്ചു. തനിക്കദ്ദേഹം നല്കിയ ആതിഥ്യം അതിയായി അദ്ദേഹം വിലമതിച്ചു. അന്നവിടെ ചേര്‍ന്ന സദസ്സ്, എറണാകുളത്തെ വിശിഷ്ട വ്യക്തികളാല്‍ സമ്പന്നമായിരുന്നു. പരിപാടിക്കുശേഷം നടന്ന വിരുന്നും വിശിഷ്ടം തന്നെ.
നേരത്തെ സൂചിപ്പിച്ചതുപോലെ ആ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ഒരിക്കല്‍ കൂടി വായിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പരിശ്രമം ആരംഭിച്ചു. അദ്ദേഹത്തിന്റെ ജീവിതമാരംഭിച്ചതു കറാച്ചിയിലായിരുന്നു. അന്നത്തെ അതായതു നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലെ ഓര്‍മ്മകള്‍, മധുര സ്മരണകളും 1947 ലെ വിഭജനകാലത്തെ രക്തരൂഷിതമായ യാഥാര്‍ത്ഥ്യങ്ങളും അനാവരണം ചെയ്യപ്പെടുന്നു.
മഹാഭാരതകാലത്തും പ്രസിദ്ധമായിരുന്ന സിന്ധുദേശത്തായിരുന്നു കുരുരാജ്യത്തിലെ 105 പേരുടെയും സഹോദരി, ദുശ്ശളയെ വിവാഹം കഴിച്ചിരുന്നത്. ദുര്യോധനാദി കൗരവരില്‍ ഇളയവനായ ത്രിഗര്ത്തന് പാണ്ഡവരുടെ വനവാസകാലത്തു പാഞ്ചാലിയെ പിടിച്ചുകൊണ്ട് പോകാനൊരുങ്ങിയപ്പോള്‍ ഗന്ധര്‍വനായ ചിത്രസേനന് അവരെ തടവുകാരാക്കി. ധര്‍മ്മപുത്രന്റെ മുന്നില്‍ ഹാജരാക്കി. കൗരവന്മാരെ രക്ഷിക്കാനായി തന്റെ അനുജന്മാരോട് നിര്‍ദ്ദേശിച്ചപ്പോള്‍ അദ്ദേഹം ഉപയോഗിച്ച പ്രയോഗമാണ് ‘വയം പഞ്ചാധികംശത’മെന്നത്. പൊതുശത്രുവിനെ നേരിടാന്‍ നാം ഒരുമിച്ചു പൊരുതണമെന്നര്‍ഥം.
സംഘത്തെ പതിനെട്ടു മാസം നിരോധിച്ചശേഷം സത്യാഗ്രഹത്തിലൂടെ വിജയം വരിച്ച് സ്വതന്ത്രമായപ്പോള്‍, തടവില്‍നിന്നു വിമോചിതനായ ശ്രീ ഗുരുജി സര്‍ക്കാരിനോടുള്ള സമീപനം ഇനിയെന്തായിരിക്കുമെന്നു വിശദീകരിച്ചത് ‘വയം പഞ്ചാധികം ശതം’ എന്ന യുധിഷ്ഠിര വചനം പറഞ്ഞുകൊണ്ടായിരുന്നു.
അഡ്വാനിജിയുടെ ബാല്യകാല സ്മരണകളും കറാച്ചിയില്‍ സംഘ സ്വയംസേവകനായതും, വിഭജനത്തിനു മുമ്പത്തെ അന്തരീക്ഷം ക്രമേണ മാറി മാരകമായതുമൊക്കെ സമചിത്തത വിടാതെ വിവരിക്കുന്നു. വിഭജനത്തിന് ആഴ്ചകള്‍ക്കു മുമ്പു മാത്രം ശ്രീഗുരുജി കറാച്ചി സന്ദര്‍ശിച്ചതിന്റെ വിവരണം അതീവ ഹൃദ്യമാണ്. അക്കാലത്ത്, സിന്ധിലെ പ്രമുഖ വ്യക്തികളെല്ലാംതന്നെ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരില്‍പ്പെടുന്നു.
കറാച്ചിയിലെ ശ്രീരാമകൃഷ്ണ മഠം, സാക്ഷാല്‍ ബേലൂര്‍ മഠംപോലെ പ്രസിദ്ധമായിരുന്നു. തൃശ്ശിവപേരൂര്‍ക്കാരനായിരുന്ന ശ്രീമദ് രംഗനാഥാനന്ദസ്വാമിയായിരുന്നു മഠാധിപതി. അദ്ദേഹത്തിന്റെ സദ്സംഗം കേള്‍ക്കാന്‍ ലീഗ് നേതാക്കള്‍ പോലും എന്തുമായിരുന്നു. മുഹമ്മദലി ജിന്ന ആശ്രമത്തിന്റെ സര്‍വസുരക്ഷിതത്വവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തിനുപോലും വിഭജനത്തിനുശേഷം നിലവില്‍ വന്ന മതഭ്രാന്തു പിടിച്ച ജനക്കൂട്ടത്തെ തടയാന്‍ കഴിഞ്ഞില്ല. ആശ്രമം അടച്ചുപൂട്ടി സ്വാമിജിക്കു തന്റെ പുസ്തകശേഖരവുമായി രക്ഷപ്പെടാന്‍ ജിന്ന സൗകര്യം ചെയ്തുകൊടുത്തതായി അഡ്വാനി വിവരിക്കുന്നു.
സിന്ധിലെ ഹിന്ദുക്കള്‍ക്കു സുരക്ഷിതത്വം ജിന്ന ഉറപ്പുനല്‍കിയെങ്കിലും അതദ്ദേഹത്തിനു പാലിക്കാനായില്ല. കറാച്ചിയില്‍നിന്ന് ദല്‍ഹിയിലേക്കു പോകുന്ന ഒരു വിമാനത്തില്‍ ചില സുഹൃത്തുക്കള്‍ ഇടമുണ്ടാക്കിക്കൊടുത്തതിനാല്‍ അഡ്വാനിക്കു പുറത്തുകടക്കാനായി. മുമ്പ് പൂനെയില്‍ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്തതു മാത്രമായിരുന്നു അദ്ദേഹത്തിന് പുറംലോകവുമായുള്ള പരിചയം. ദല്‍ഹിയിലെത്തി മുതിര്‍ന്ന സംഘാധികാരികളുമായി ചര്‍ച്ച ചെയ്തു വീണ്ടും അദ്ദേഹം പാക്കിസ്ഥാനിലേക്കു പോയി. കഴിയുന്നത്ര ഹിന്ദുക്കളെ പുറത്തു സുരക്ഷിതരാക്കി എത്തിക്കുന്നതിന് സാധിച്ചു.
ചരിത്രാതീത കാലം മുതല്‍ ആസേതു ഹിമാചലം പുണ്യഭൂപ്രദേശമായി കരുതപ്പെട്ട സിന്ധുദേശം ശത്രുരാജ്യമായതിന്റെ ചോരയും കണ്ണീരുംകൊണ്ടു വിരചിക്കപ്പെട്ട സംഭവങ്ങളുടെ നേര്‍സാക്ഷ്യം സ്വതന്ത്രഭാരതത്തിലെ തലമുതിര്‍ന്ന നേതൃശ്രേഷ്ഠന്റെ വാക്കുകളിലൂടെ ലഭിക്കുന്ന പുസ്തകമാണ് മൈ കണ്ട്രി മൈ ലൈഫ്. അതിന് ഇതുവരെ മലയാള പരിഭാഷ പുറത്തിറക്കാന്‍ ആരുമുണ്ടായില്ല എന്നതു വലിയ പോരായ്മതന്നെയാണ്. കുരുക്ഷേത്രയും കേസരിയും അതിനു വിസമ്മതിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലാകുന്നില്ല. അഡ്വാനിജിയും അതില്‍ വിഷമം അനുഭവിക്കുന്നുണ്ടത്രേ. പി.കെ. സുകുമാരന്‍ കേസരി പത്രാധിപരായിരുന്നപ്പോള്‍ അതിനു ശ്രമം നടത്തിയതായി അറിയാം. പക്ഷേ അതും ഫലം കണ്ടില്ല.
#
പ്രതികരിക്കാൻ ഇവിടെ എഴുതുക: