Kerala

ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്‌നമാണ് , വിവരമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ല : പരിഹസിച്ച് എ കെ ബാലന്‍

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്റെ പേര് ഏതെങ്കിലും നിലയ്ക്ക് ഹൈക്കമാന്‍ഡില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നീട് എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ച് തല പുണ്ണാക്കി ഉറക്കം കളയുകയാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍

Published by

കൊച്ചി: കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മുന്നില്‍ മറ്റുവഴികളുണ്ടെന്ന ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന് പേടി സ്വപ്‌നമാണ്. അദ്ദേഹത്തെ തൊടാന്‍ സാധിക്കില്ല. അത് ആദ്യം മനസ്സിലാക്കണമെന്നും ബാലൻ വ്യക്തമാക്കി.

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അദ്ദേഹം വന്നതുമുതല്‍ തുടങ്ങിയതാണിത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിന്റെ പേര് ഏതെങ്കിലും നിലയ്‌ക്ക് ഹൈക്കമാന്‍ഡില്‍ നിന്നും വന്നു കഴിഞ്ഞാല്‍ പിന്നീട് എന്തായിരിക്കും സ്ഥിതിയെന്ന് ആലോചിച്ച് തല പുണ്ണാക്കി ഉറക്കം കളയുകയാണ് കോണ്‍ഗ്രസിലെ മറ്റു നേതാക്കള്‍. വിവരമുള്ള ആര്‍ക്കും കോണ്‍ഗ്രസില്‍ നില്‍ക്കാനാകില്ലെന്നും എ കെ ബാലന്‍ പറഞ്ഞു.

പാര്‍ട്ടി അടിത്തറ വികസിപ്പിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നതടക്കമുള്ള തരൂരിന്റെ പരാമര്‍ശങ്ങളാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. ‘നേതാക്കളുടെ അഭാവവും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സ്വതന്ത്രമായി താന്‍ അഭിപ്രായം പറയുന്നതിന് ജനപിന്തുണയുണ്ട്. കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ തനിക്ക് മറ്റുവഴികളുണ്ടെന്നും’ ശശി തരൂര്‍ പറഞ്ഞിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ നയത്തെ പുകഴ്‌ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുന്‍പേയാണ് പുതിയ പരാമര്‍ശങ്ങളുമായി തരൂര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by