Article

പൂര്‍ത്തിയാകാത്ത മേളം പോലെ ഈ മടക്കം

അന്തരിച്ച കഥകളിമേള വിദഗ്ധന്‍ കലാമണ്ഡലം ബാലസുന്ദരനെക്കുറിച്ച്

Published by

നിളാതീരത്തെ മഹാവിദ്യാലയമായ കലാമണ്ഡലത്തിന്റെ വളര്‍ത്തുപുത്രനായിരുന്നു ബാലസുന്ദരന്‍. കഥകളി മേളത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തില്‍ ഈ ആശാന്റെ സംഭാവന ചെറുതല്ല. വിഖ്യാത ഗുരുക്കന്മാരുടെ പിന്‍ഗാമിയായി അരങ്ങ് മേളത്തിന്റെ ഗാംഭീര്യം നിറഞ്ഞ് നില്‍ക്കുന്നതായിരുന്നു ഈ മേളപ്രമാണിയുടെ വഴി. കളിയരങ്ങില്‍ തിരനോട്ടവും പതിഞ്ഞ പദവും ആട്ടങ്ങളും പടപ്പുറപ്പാടും യുദ്ധവട്ടവും എന്നുവേണ്ട എല്ലാ രംഗത്തും ചെണ്ടവാദകന്‍ ശ്രദ്ധാലുവായിരിക്കണം. അരങ്ങത്തെ ഓരോ അനക്കവും കാറ്റ് വീശുന്നതും, കടലിന്റെ മുഴക്കവും വിമാനയാത്രയും വന്യജീവികളുടെ ഏറ്റുമുട്ടലും മല്ലയുദ്ധവും ആസ്വാദക മനസ്സിനെ കീഴ്‌പ്പെടുത്തണം.

കലാമണ്ഡലം ചെണ്ടക്കളരിയുടെ അവസാനവാക്കായി ഏഴെട്ടുകൊല്ലം ബാലസുന്ദരന്‍ നിറഞ്ഞുനിന്നു. ആശാന്‍ പോരിമയായി. എല്ലാ വിഭാഗങ്ങളുമായും സമരസപ്പെട്ടുപോകുന്ന സമ്പ്രദായത്തെ വാര്‍ത്തെടുത്ത മികച്ച ചുമതലക്കാരനെ എല്ലാവരും ബഹുമാനിച്ചു. പാലക്കാട്ടെ ഗ്രാമപ്രദേശത്തുനിന്ന്, വിശേഷിച്ച് അമ്പലവട്ടവുമായി ബന്ധപ്പെട്ടവര്‍ കഥകളിയെ ഗാഢമായി സ്‌നേഹിക്കുന്നവരാകും. അവര്‍തന്നെ കഥകളി പഠിക്കാന്‍ ശ്രമിക്കും. ആ നാട്ടില്‍ത്തന്നെ നിരവധി ഗുരുകന്മാര്‍ കാണും. അവരുടെ കീഴില്‍നിന്ന് വളര്‍ന്ന് കലാമണ്ഡലം പോലുള്ള ഇടങ്ങളില്‍ ചേര്‍ന്ന് തന്റെ കാലഗതി നിര്‍ണയിക്കും. ബാലസുന്ദരന്റെ തുടക്കവും കലാമണ്ഡലത്തിലായിരുന്നു. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, വിജയകൃഷ്ണന്‍ തുടങ്ങിയവരുടെ ശിക്ഷണത്തില്‍ വളര്‍ന്ന സുന്ദരന്‍ നല്ല കാലത്തിന്റെ നേട്ടത്തില്‍ വളര്‍ന്ന ചെണ്ടക്കാരനായിരുന്നു. തിരുവാഴിയോട് ഭാഗത്തെ കുറുവട്ടൂര്‍ ദേശത്താണു വളര്‍ന്നത്. കഥകളിയുടെ വിവിധ ശാഖകളില്‍ പേരു ചേര്‍ക്കപ്പെട്ട പ്രശസ്തര്‍ പിറന്ന തരക സമുദായമാണ് ഇദ്ദേഹത്തിന്റേതും.

കഥകളി പതിവുള്ള എവിടേയും ബാലസുന്ദരന്റെ ചെണ്ട സംസാരിച്ചിരിക്കും. അമരവും അമര്‍ച്ചയും നാദവും ഖനവും ഈ ചെണ്ടയില്‍നിന്ന് പ്രതീക്ഷിക്കാമായിരുന്നു. രാക്ഷസ വേഷങ്ങളുടെ നീക്കങ്ങളെല്ലാം അതികഠിനമായിരിക്കും. അത് പുറത്തുവരുന്നത് മികവാര്‍ന്ന മേളക്കാരില്‍ നിന്നായിരിക്കും. രാവണോത്ഭവത്തിലെ രാവണന്‍, നരകാസുരന്റെ പോരാട്ടം, പരശുരാമന്റെ ഗര്‍വ്വ് തുടങ്ങി കഥകളിലൂടെ ആത്മാവ് പാറിപ്പറക്കുന്ന രംഗത്ത് വര്‍ത്തമാനകാലത്തിന്റെ ബലം ബാലസുന്ദരനില്‍ നിന്നായിരുന്നു.

വിഖ്യാതരായ വേഷക്കാരുടെകൂടെ മനസ്സ് തുറന്ന് സഞ്ചരിച്ചിരുന്ന ബാലസുന്ദരന്‍ ഒരു വേഷക്കാരന്റേയോ, ചിലരുടെ കുത്തകയായോ അറിയപ്പെടുമായിരുന്നില്ല. ആര്‍ക്കും സമ്മതമായിരുന്ന പ്രയോഗമായിരുന്നു ബാലസുന്ദരന്റേത്. വിദ്യാഭ്യാസത്തിനുശേഷം കലാമണ്ഡലത്തില്‍ത്തന്നെ അദ്ധ്യാപകനായതും ഇദ്ദേഹത്തിന്റെ മികവുകൊണ്ടായിരുന്നു. വലിയ ഗുരുക്കന്മാര്‍ പിന്നിട്ടു വന്ന കൊട്ടുവഴിയുടെ കാവലാളായി ശോഭിക്കന്‍ അധികകാലം കഴിഞ്ഞില്ലെന്ന ദുര്യോഗം ഇവിടെയും ധനാശി കൊട്ടി.

ഷഷ്ടി പൂര്‍ത്തിയിലെത്താത്ത വലിയ സംഘം കലാകാരന്മാര്‍ നമുക്കുണ്ടായിരുന്നു. അവരുടെ ഗണത്തില്‍ ആരോടും യാത്ര പറയാതെ പോയ മിടുക്കനെ ഓര്‍ക്കുമ്പോള്‍ മനസ്സ് പതറും. ബലവത്തായ ഓരോ രംഗവും പൂര്‍ത്തീകരിച്ച് പുറത്ത് വരുമ്പോഴും ഇതിനെന്തു പ്രയാസം എന്നുതന്നെയാണ് അദ്ദേഹത്തിന്റെ മുഖം സംസാരിക്കാറുള്ളത്.

ചെണ്ടയുടെ നാഥനായി കളരിയെ നയിച്ചത് കുറച്ചുകാലം മാത്രമായിരുന്നെങ്കിലും ആശാന്മാര്‍ നിഷ്‌കര്‍ഷിച്ച വഴിയുടെ നല്ല വശങ്ങള്‍ നടപ്പാക്കാന്‍ ശീലിച്ചിരുന്നു. അരങ്ങില്‍ നില്‍ക്കുമ്പോഴും സഹപ്രവര്‍ത്തകരുമായി ഇണങ്ങുന്ന സ്വഭാവം. ചെണ്ടക്കളരിയുടെ ചുമതലക്കാരന്‍ എപ്രകാരം കൂട്ടുകാരെ കൊണ്ടുപോകണം എന്ന് പറയാതെ പറഞ്ഞ് തീരുമാനം ഉണ്ടാക്കിയാണ് ഉദ്യോഗത്തില്‍നിന്നു വിരമിച്ചത്. ബാലസുന്ദരന്‍ കൊട്ടാതെ പോയ ഭാഗം പൂര്‍ത്തിയാക്കാന്‍ വരുംതലമുറ കച്ചമുറുക്കിക്കഴിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by