Kerala

സീസൺ ടിക്കറ്റുകാർക്ക് ആശ്വാസം; ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ, നടപ്പിലാവുന്നത് 14 ജോഡി ട്രെയിനുകളിൽ

Published by

തിരുവനന്തപുരം: ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുന്ന നടപടി കൂടുതൽ ട്രെയിനുകളിലേക്ക് വ്യാപിപ്പിച്ച് റെയിൽവേ. കേരളത്തിലൂടെ ഓടുന്ന ആറ് ജോഡി ട്രെയിനുകൾ ഉൾപ്പടെ 14 ജോഡി ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ കൂട്ടാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. അടുത്ത മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്.

കോവിഡിനെ തുടർന്ന് കുറച്ചതടക്കമുള്ള ജനറൽ കോച്ചുകളാണ് പുനഃസ്ഥാപിക്കുന്നത്. ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണത്തിലെ കുറവ് യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ജീവനക്കാരെയും വിദ്യാർത്ഥികളെയുമാണ് ഇത് ഏറെ വലച്ചിരുന്നത്. പലപ്പോഴും ശ്വാസം വിടാൻ പോലും ആകാത്ത വിധത്തിൽ തിങ്ങി നിറഞ്ഞായിരുന്നു യാത്രചെയ്യേണ്ടിരുന്നത്.

പുതുച്ചേരി-മംഗളൂരു എക്സ്‌പ്രസ്, ചെന്നൈ-പാലക്കാട് സൂപ്പർഫാസ്റ്റ്, ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്​റ്റ്, ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ്, കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസ്, എറണാകുളം-വേളാങ്കണ്ണി എക്സ്‌പ്രസ് എന്നിവയിൽ നാല് ജനറൽകോച്ചുകൾ ഉണ്ടാവും. 12 കോച്ചുകളാണ് കൂടുതൽ ഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞവർഷം സെപ്തംബറിൽ ദക്ഷിണ റെയിൽവേയിലെ 44 ദീർഘദൂര ട്രെയിനുകളിൽ ജനറൽകോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചിരുന്നു. കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള, മംഗളുരു ചെന്നൈ സൂപ്പർ ഫാസ്​റ്റ് ട്രെയിനുകൾക്കടക്കം 16 ട്രെയിനുകളിലാണ് അന്ന് കോച്ച് വർദ്ധിപ്പിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by