യോഗിയും ജെപി നദ്ദയും മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍
പ്രയാഗ് രാജ് : യുപി മുഖ്യമന്ത്രി യോഗിയും കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദയും ശിശുസഹജമായ നിഷ്കളങ്കതയോടെ, ആഹ്ളാദചിത്തരായി മഹാകുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന വീഡിയോ വൈറല്‍.
മതിവരാതെ ഏറെ നേരം ത്രിവേണി സംഗമത്തില്‍ ഇരുവരും മുങ്ങുന്നത് കാണാം. പല ഭക്തരും അവരുടെ ശിശുക്കളെ യോഗി ആദിത്യനാഥിന്റെ അടുത്ത് എത്തിക്കുന്നത് കാണാം. യോഗി തന്നെ അവരെ ത്രിവേണി സംഗമത്തില്‍ കുളിപ്പിക്കണം എന്നതാണ് ഈ മാതാപിതാക്കളുടെ ആവശ്യം. തന്റെ അരികില്‍ എത്തിക്കുന്ന ശിശുക്കളെ ലാളിക്കുന്ന യോഗിയെയും വീഡിയോയില്‍ കാണാം. യോഗിയുടെ പ്രവൃത്തികള്‍ സാകൂതം നോക്കി സന്തോഷത്തോടെ നില്‍ക്കുന്ന ജെ.പി. നദ്ദയെയും കാണാം. അസ്വസ്ഥരാവുന്ന കുട്ടികളുടെ ഭയം മാറ്റാന്‍ യോഗി കുറച്ചധികം നേരം വെള്ളത്തില്‍ നിര്‍ത്തുന്നുണ്ട്. പിന്നെ അവരുടെ ശിരസ്സില്‍ ഗംഗാജലം കൈകള്‍ക്കൊണ്ട് ഒഴിക്കുന്നതും കാണാം. ഇതെല്ലാം കഴിഞ്ഞ് അതീവഗൗരവത്തോടെ ഗംഗാജലം കയ്യിലെടുത്ത് മന്ത്രങ്ങള്‍ ഉച്ചരിക്കുന്ന യോഗിയെയും നദ്ദയെയും കാണാം.
പിന്നീട് ചുറ്റും കൂടി നിന്ന ചില യുപി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഒരു സംഘം യോഗിയ്‌ക്കും ജെ.പി.നദ്ദയ്‌ക്കും നേരെ ഗംഗാജലം വാരിയൊഴിക്കുന്നത് കാണാം. ഇതും ചിരിയോടെ ആസ്വദിക്കുകയാണ് യോഗിയും ജെ.പി. നദ്ദയും.
മഹാകുംഭമേളയെ വിവാദത്തിന്റെ കരിനിഴലില്‍ നിര്‍ത്തുക എന്ന സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരുടെ ദുഷ്ടലാക്കുകള്‍ വകവെയ്‌ക്കാതെ എല്ലാം മറന്ന് ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കുന്ന യോഗിയെ വീഡിയോയില്‍ കാണാനാവും. കുംഭമേളയിലെ വെള്ളം കുടിക്കാൻ യോഗിക്ക് ധൈര്യമുണ്ടോയെന്ന് സംഗീത സംവിധായകന്‍ വിശാൽ ദാദ്‌ലാനിയുടെ വെല്ലുവിളിയെ ഗോയി വകവെച്ചിട്ടേയില്ല. മഹാകുംഭമേളയുടെ വിജയം കണ്ട് വിറളിപിടിച്ചിരിക്കുകയാണ് പലരും. ത്രിവേണിസംഗമത്തിലെ ജലത്തിന്റെ വിശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില മാധ്യമങ്ങളുടെ പ്രചാരണത്തിന് പിന്നാലെ, ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. അജയ് കുമാര്‍ സോങ്കര്‍ ത്രിവേണിസംഗമത്തിലെ ജലം പരിശോധിക്കുകയും ഇത് കുളിക്കാന്‍ മാത്രമല്ല, കുടിക്കാനും കൊള്ളുമെന്ന് പ്രസ്താവിച്ചിരുന്നു. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്നും ഡോ. അജയ് കുമാര്‍ സോങ്കര്‍ വെള്ളം പരിശോധിച്ചിരുന്നു. അന്തരിച്ച ശാസ്ത്രജ്ഞന്‍ ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ സഹായിയായിരുന്നു അജയ് കുമാര്‍ സോങ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക