2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ച ഉടന്‍ യുഎസ് എയ് ഡിന്റെ ഇന്ത്യാ മിഷന്‍ ഡയറക്ടര്‍ പദവി രാജിവെച്ച് യുഎസിലേക്ക് പോയ വീണ റെഡ്ഡി (ഇടത്ത്)
ന്യൂദല്‍ഹി: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തറപറ്റിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് യുഎസില്‍ നിന്നും വന്നതായി പറയുന്ന 2.1 കോടി ഡോളര്‍ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് യുഎസ് എയ്ഡിന്റെ ഇന്ത്യാ മിഷന്‍ ഡയറക്ടറായ വീണ റെഡ്ഡിയെ ചോദ്യം ചെയ്യണമെന്ന് രാജ്യസഭാംഗവും സൂപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ മഹേഷ് ജെത് മലാനി. ഇതോടൊപ്പം ഇന്ത്യയിലെ യുഎസ് അംബാസഡറായ എറിക് ഗാര്‍സെറ്റിയെയും ചോദ്യം ചെയ്യണമെന്ന് മഹേഷ് ജെത് മലാനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്രയും തുക ജോ ബൈഡന്‍ സര്‍ക്കാരിന്റെ ഭാഗമായ യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ് (യുഎസ് എയിഡ്) ഇന്ത്യയ്‌ക്ക് 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയ്‌ക്ക് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തിയത് പുതിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായിയായ ഇലോണ്‍ മസ്ക് ആണ്. ഇന്ത്യയില്‍ വലിയ ഞെട്ടലുണ്ടാക്കിയതാണ് ഈ പ്രഖ്യാപനം. ഇതോടെ ആരാണ് ഇത്രയും തുക കൈപ്പറ്റിയത് എന്ന കാര്യം കണ്ടുപിടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു.
യുഎസ് പ്രസിഡന്‍റായിരുന്ന ജോ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റ് പാര്‍ട്ടിയുടെ നേതാക്കളും റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് തുടങ്ങിയ അമേരിക്കയിലെ ചില സമ്പന്ന കുടുംബങ്ങളും അവരുടെ അനുയായികളും ചേര്‍ന്നുള്ള വന്‍ അധികാര ശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. മറ്റ് രാജ്യങ്ങളിലെ ഇഷ്ടമില്ലാത്ത ഭരണം അട്ടിമറിക്കുക എന്നത് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ അജണ്ടകളില്‍ ഒന്നാണ്. അക്കൂട്ടത്തില്‍ അവര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭരണമാണ് ഇന്ത്യയിലെ മോദി സര്‍ക്കാരിന്റെ ഭരണം.
2024ല്‍ ഇതിന് ഒരു തീരുമാനമുണ്ടാക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഒഴുകിയ പല ഫണ്ടുകളില്‍ ഒന്നായിരുന്നു യുഎസ് എയ് ഡിന്റെ 2.1 കോടി ഡോളര്‍. ഈ ഫണ്ട് കൈപ്പറ്റിയിരിക്കുന്നതും കൈകാര്യം ചെയ്തിരിക്കുന്നതും യുഎസ് എയ് ഡിന്റെ ഇന്ത്യാമിഷന്‍ ഡയറക്ടറായ വീണാ റെഡ്ഡിയാണെന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മഹേഷ് ജെത് മലാനി വീണാ റെഡ്ഡിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ ഏജന്‍റാണ് വീണ റെഡ്ഡി എന്ന ആരോപണം നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുള്ളതാണ്. 2021ല്‍ ഇവര്‍ യുഎസ് എയ് ഡിന്റെ ഇന്ത്യാ മിഷന്‍ ഡയറക്ടറായി ചുമതലയേറ്റ ഇവര്‍ 2024ലെ തെരഞ്ഞെടുപ്പില്‍ മോദി വിജയിച്ച ഉടനെ രാജിവെച്ച് യുഎസിലേക്ക് മുങ്ങുകയായിരുന്നു.. ഇവരുടെ ഇന്ത്യയില്‍ നിന്നുള്ള ഈ പലായനം സംശയാസ്പദമാണെന്നാണ് മഹേഷ് ജെത്മലാനിയുടെ വാദം.
“വോട്ടീംഗ് ശതമാനം വളര്‍ത്താന്‍ ആര്‍ക്കൊക്കെയാണ് ഇന്ത്യയില്‍ പണം നല്‍കിയത് എന്ന ഇന്ത്യയില്‍ അന്വേഷണ ഏജന്‍സികളുടെ ചോദ്യത്തെ ഭയക്കുന്നതുകൊണ്ടായിരിക്കാം അവര്‍ യുഎസിലേക്ക് ഓടിപ്പോയത്. യുഎസ് ഏജന്‍സിയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ ഗാര്‍സെറ്റിയുമായി ചേര്‍ന്നാണ് വീണ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ എന്തൊക്കെ തന്ത്രങ്ങളാണ് ആവിഷ്കരിച്ചതെന്ന് ചോദിച്ചാല്‍ അദ്ദേഹം തീര‍്ച്ചയായും നയതന്ത്രപ്രതിനിധികള്‍ക്കുള്ള സുരക്ഷ ആവശ്യപ്പെടും. യുഎസ് എയ്ഡിന്റെ വിദേശ ലക്ഷ്യം നടപ്പാക്കുന്നതിന്റെ നിര്‍ദേശങ്ങള്‍ നല്‍കിയത് അന്നത്തെ യുഎസ് വിദേശാകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ്. അദ്ദേഹത്തില്‍ നിന്നും ഒരു തുമ്പും കിട്ടില്ല. ഇന്ത്യയുടെ അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കാന‍് യുഎസ് എയ് ഡ് പണം നല്‍കിയ അക്കൗണ്ടുകള്‍ പിടിച്ചെടുക്കണം. പരിശോധിക്കണം. ഡെമോക്രാറ്റുകളുടെ അധികാരകേന്ദ്രമായ ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ ദല്ലളന്മാര്‍ ആരൊക്കെയാണെന്ന് വെളിച്ചത്ത് കൊണ്ടുവരണം.”- മഹേഷ് ജെത് മലാനി ആവശ്യപ്പെടുന്നു.
ഡീപ് സ്റ്റേറ്റിന്റെ ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന പല ഇന്ത്യാക്കാരും യുഎസില്‍ ഇരുന്നാണ് ഇന്ത്യയിലെ മോദി സര്‍ക്കാരിനെതിരെ കരുക്കള്‍ നീക്കുന്നത്. അവരുടെ വന്‍ അജണ്ടകള്‍ക്കനുസരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വരെ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ അനധികൃത സ്വാധീനം ചെലുത്താന്‍ ഈ തുക ഉപയോഗിച്ചോ എന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും മഹേഷ് ജെത് മലാനി ആവശ്യപ്പെട്ടു.
മൂന്ന് തവണ പൊതുതെരഞ്ഞെടുപ്പ് ജയിച്ച പ്രധാനമന്ത്രിയെയാണ് വിദ്യാര്‍ത്ഥികലാപത്തിലൂടെ അട്ടിമറിച്ചത്
2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും രാഹുല്‍ ഗാന്ധിയും ഇന്ത്യാമുന്നണിയിലെ പാര്‍ട്ടിനേതാക്കളും വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം മോദിയ്‌ക്കെതിരെ വീണ്ടും ഉയര്‍ത്തിയിരുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും അനുകൂലമാക്കാന്‍ എങ്ങിനെയെല്ലാമാണ് ഈ തുക ചെലവഴിച്ചത് എന്ന് കൃത്യമായി അറിഞ്ഞാലേ ചിത്രം തെളിഞ്ഞുകിട്ടൂ. യഥാര്‍ത്ഥത്തില്‍ 2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളേക്കാള്‍ മോദി സര്‍ക്കാരിനെതിരെ സജീവമായിരുന്നത് ഡീപ് സ്റ്റേറ്റിന്റെ ഇന്ത്യയിലെ പ്രതിനിധികളായ എന്‍ജിഒ സംഘങ്ങളായിരുന്നു.
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, വിദ്യാഭ്യാസം, ശുദ്ധജലമെത്തിക്കല്‍ തുടങ്ങി പല ഓമനപ്പേരുകളില്‍ അമേരിക്കയിലെ സമ്പന്നമായ റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് കുടുംബങ്ങള്‍ ഇന്ത്യയിലെ എന്‍ജിഒ സംഘടനകള്‍ക്ക് പണം വാരിക്കോരിക്കൊടുക്കുന്നത് ഇന്ത്യയെ വികസിപ്പിക്കാനല്ല. പകരം ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മതപരിവര്‍ത്തനം, രഹസ്യമായ വിവരങ്ങള്‍ ശേഖരിയ്‌ക്കല്‍ എന്നിവ കൂടിയാണ്. ഭരിയ്‌ക്കുന്ന സര്‍ക്കാരുകള്‍ ഇവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണെങ്കില്‍ എന്ത് വിധേനെയും അവര്‍ അട്ടിമറിച്ചിരിക്കും. അതാണ് ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗങ്ങള്‍ നടത്തിയ കലാപത്തിലൂടെ ഷേഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ സംഭവം.
സ്വാഭാവികമായി ഒരു വിദ്യാര്‍ത്ഥികലാപം പൊട്ടിപ്പുറപ്പെട്ടു എന്ന പ്രതീതിയാണ് ജനിപ്പിച്ചിരുന്നതെങ്കിലും ഈ കലാപത്തിന് വേണ്ടി വന്‍തോതില്‍ ഡീപ് സ്റ്റേറ്റ് ഏജന്‍സികളുടെയും അവരുടെ കൂട്ടാളികളുടെയും ഫണ്ട് ഒഴുകിയിരുന്നു. പകരം അവര്‍ തന്നെയാണ് അവരുടെ വിശ്വസ്തനായ മുഹമ്മദ് യൂനസിനെ ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരിന്റെ ചുമതല ഏല്‍പിച്ചത്. മൂന്ന് തവണ പൊതുതെരഞ്ഞെടുപ്പ് ജയിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രിയെയാണ് വിദ്യാര്‍ത്ഥികലാപത്തിലൂടെ ഒരു സുപ്രഭാതത്തില്‍ അട്ടിമറിച്ചത് എന്നോര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക