ന്യൂദൽഹി: മുൻപൊരിക്കലും ലഭിക്കാത്തവണ്ണം വിപുലമായ വികസന പദ്ധതികളാണ് നിക്ഷേപക സംഗമം വഴി കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിന്റെ വികസനവും ത്വരിതപ്പെടുത്തുന്നതിന് ഇവ സഹായകമാകുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത മൂന്ന് മന്ത്രിമാരിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച ഹൈവേകളുടെ നിർമ്മാണവും തുറമുഖങ്ങളുടെ വികസനവും അതിവേഗ റെയിൽ ലൈനു മടക്കം കേരളത്തിന്റെ വളർച്ചക്കുതകുന്ന നിരവധി പദ്ധതികൾ മുൻപെങ്ങുമില്ലാത്ത വിധം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും. ഇവ യാഥാർത്ഥ്യമാവുന്ന മുറക്ക് കേരളം തീർച്ചയായും വികസിത ഇന്ത്യയുടെ കവാടമായി മാറുകയും ചെയ്യും.
കേരളത്തിൽ മാറി മാറി വന്ന സിപിഎം, കോൺഗ്രസ് സർക്കാരുകളുടെ അക്രമവും അഴിമതിയും ബിസിനസ് വിരുദ്ധ അന്തരീക്ഷവും നിക്ഷേപങ്ങളുടെയും തൊഴിലവസരങ്ങളുടെയും അഭാവവുമെല്ലാം ചേർന്ന് കേരളത്തിന്റെ അനന്തമായ വികസന സാദ്ധ്യതകൾ ഏറെക്കാലം നമുക്ക് പ്രയോജനപ്പെടാതെ പോയി. കേരളത്തിന്റെ ഈ രാഷ്‌ട്രീയ സ്ഥിതി മാറേണ്ടതുണ്ട്. നിഷ്ക്രിയതയുടെ രാഷ്‌ട്രീയത്തിന് പകരം കാര്യക്ഷമതയുടെ രാഷ്‌ട്രീയം ഇവിടെ നടപ്പാകണം. നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു കൊണ്ട് കേന്ദ്ര മന്ത്രിമാർ മുന്നോട്ടു വച്ച പദ്ധതികൾ വികസനോന്മുഖ രാഷ്‌ട്രീയ നിലപാടുകൾ കൈക്കൊള്ളുന്നതിന് ഇനിയെങ്കിലും സംസ്ഥാന സർക്കാരിന് പ്രേരകമാകട്ടെയെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: