കൊച്ചി: കൊച്ചിയിൽ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വന്നു. ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ആർട്സൺ ഗ്രൂപ്പാണ് കൊച്ചിയിൽ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയാണ് ആര്‍ട് സണ്‍.
നൂറ് ടണ്ണിൽ താഴെ ഭാരമുള്ള ബോട്ടുകൾ നിർമ്മിക്കുന്ന യൂണിറ്റാണ് കമ്പനി കൊച്ചിയിൽ ആരംഭിക്കുക. ഇതിനായി കേരളത്തിൽ പ്രവർത്തിക്കുന്ന മലബാർ സിമൻ്റ്സുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് താല്പര്യ പത്രം ഒപ്പിട്ടു.
കേരളത്തിലേക്ക് വ്യവസായികളെ ക്ഷണിച്ചുകൊണ്ടുള്ള ഗ്ലോബൽ ഇൻവെസ്റ്റേർസ് സമ്മിറ്റിന്റെ ഭാഗമായാണ് പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്താവുകയാണ് കൊച്ചിയിൽ നടക്കുന്ന സമ്മിറ്റ്.
ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പ് കമ്പനിയും രംഗത്ത് വന്നത്. നേരത്തെ അദാനി ഗ്രൂപ്പ് കേരളത്തില്‍ 30000 കോടി രൂപ മുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ വിഴിഞ്ഞത്താണ് 20000 കോടി നിക്ഷേപിക്കുക. 5000 കോടിയുടെ ഇ-കൊമേഴ്സ് ഹബ് പദ്ധതിയും അദാനി ആരംഭിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തെലുങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ് ) കേരളത്തിൽ 3000 കോടി രൂപയുടെ നിക്ഷേപ താത്പര്യം അറിയിച്ചിട്ടുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: