പാലക്കാട്: കുടിവെള്ളത്തിനായി നഗരത്തില്‍ സ്ഥാപിച്ച പല പൈപ്പുകളും പൊട്ടി റോഡുകളില്‍ പലയിടത്തും വീണ്ടും കുഴികള്‍ കുഴിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നിലപാടിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ കടുത്ത വിമര്‍ശനം. 100 കോടി രൂപ ചെലവഴിച്ചാണ് നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിപാടി ആവിഷ്‌കരിച്ചത്. ഇതിനായി സ്ഥാപിച്ച പൈപ്പുകളാണ് മിക്കയിടത്തും തകര്‍ന്നത്. നിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ചതിനാലാണ് അവ പൊട്ടുന്നത്.
സംഭവത്തില്‍ ഗുരുതര വീഴ്ചയെന്ന് വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥര്‍തന്നെ സമ്മിതിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാക്കുന്നതിന് ഉന്നതതല യോഗം വിളിച്ചുച്ചേര്‍ക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈ. ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് അറിയിച്ചു.
പലയിടത്തും കുടിവെള്ളം മുടങ്ങുന്നത് തുടര്‍പ്രക്രിയയാണ്. പൈപ്പ് സ്ഥാപിക്കുന്നതില്‍ വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് എന്‍. ശിവരാജന്‍ ആരോപിച്ചു. ‘ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണം’, അഴിമതി നടത്തിയവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അതിനാല്‍ ഇതില്‍ നടന്ന അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ശിവരാജന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണത്തിന് വേണ്ട നടപടികള്‍ ചെയ്യുമെന്ന് കൃഷ്ണദാസ് അറിയിച്ചു. നഗരസഭയുടെ മറ്റുചില അഴിമതികളും വിജിലന്‍സിന് മുമ്പാകെയുണ്ട്. അവയില്‍ നടപടി ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാട്ടര്‍ അതോററ്റിയിലെ ക്രമക്കേടുകളെ കുറിച്ച് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ഒരേ അഭിപ്രായമാണുണ്ടായത്. ജനരോഷം മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കു നേരെയാണെന്ന് അവര്‍ പരാതിപ്പെട്ടു.
വാര്‍ഡ് സഭകള്‍ ഉടന്‍തന്നെ വിളിച്ചുകൂട്ടി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണമെന്ന് വൈ.ചെയര്‍മാന്‍ അറിയിച്ചു. എങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പണികള്‍ ആരംഭിക്കുവാന്‍ കഴിയും. നഗരസഭാ പരിധിയിലെ 4673 റോഡുകളുടെ അറ്റകുറ്റപ്പണികളുടെ ലിസ്റ്റ് അംഗീകരിച്ചതിനാല്‍ നിര്‍മാണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. വിട്ടുപോയിട്ടുള്ള ഏതെങ്കിലും റോഡുകള്‍ ഉണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് അസി. എക്‌സി. എന്‍ജിനീയറെ ചുമതലപ്പെടുത്തും. ഐസിഡിഎസ് ഓഫീസ് നഗരസഭാ പരിധിയില്‍ത്തന്നെ നിലനിര്‍ത്തുവാന്‍ നഗരസഭയുടെ നിരക്കിനനുസരിച്ചുള്ള കെട്ടിടം നല്‍കുമെന്ന് സര്‍ക്കാരിനെ അറിയിച്ചു.
തെരുവുവിളക്കുകളുടെ കാലാവധി കഴിഞ്ഞ നവംബറില്‍ അവസാനിച്ചതിനാല്‍ ജനുവരി 31 വരെ നീട്ടുകയുണ്ടായി. എന്നാല്‍ പുതിയ ക്വട്ടേഷന്‍ ആരും കോട്ടുചെയ്തിട്ടില്ലാത്തിനാല്‍ റീ ടെന്‍ഡര്‍ നടപടികള്‍ നടന്നുവരികയാണ്.
നഗരസഭയുടെ കീഴിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വാട്ടര്‍ കണക്ഷന്‍ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച വാട്ടര്‍ അതോറിറ്റിയുടെ നടപടി ഗൗരവമായി കാണണമെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ് ആവശ്യപ്പെട്ടു.
വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി അവരെ മുന്‍കൂറായി അറിയിക്കാതെ നടത്തിയത് അനൗചിത്യമാണ്. ശനിയാഴ്ചയാണ് കണക്ഷന്‍ വിച്ഛേദിച്ചത്. കുടിശ്ശിക ബില്‍ ഉണ്ടെങ്കില്‍ സര്‍വീസ് തടയുന്ന നടപടി ശരിയല്ല. നഗരസഭയുടെ കോടികളുടെ ഫണ്ട് അതോറിറ്റിയുടെ കൈയിലുള്ളപ്പോഴാണ് ഇത്തരത്തിലുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റം അവര്‍ കൈക്കൊള്ളുന്നതെന്ന് സ്മിതേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നഗരസഭയുടെ ആശങ്ക അതോറിറ്റിയെ അറിയിച്ചു.
നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗം ടീമിന്റെ സുതാര്യവും കൂട്ടായ്മയെയും നഗരസഭ വൈ.ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് അഭിനന്ദിച്ചു. ശക്തമായ ടീമാണ് ഇപ്പോഴുള്ളത്. ഇവരുടെ കീഴില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വൈ. ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ കൗണ്‍സിലര്‍മാര്‍ കൈയടിച്ച് അംഗീകരിച്ചു. വികസന പ്രവര്‍ത്തനത്തില്‍ പാലക്കാട് നഗരസഭയ്‌ക്ക് ഇപ്പോള്‍ ആറാം സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഇ, എ.എക്‌സി.ഇ. എന്നിവരുടെ നേതൃത്വത്തിലുള്ള ടീം നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നത്.
അതിദാരിദ്ര്യനിര്‍മാജന പദ്ധതിയില്‍ നഗരസഭാ പരിധിയില്‍ സ്ഥലവും വീടുമില്ലാത്ത ഗുണഭോക്താക്കള്‍ക്ക് നഗരസഭ ഷെല്‍ട്ടര്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയ്‌ക്ക് അംഗീകാരം നല്‍കി. നഗരസഭാ പരിധിയില്‍ സ്ഥലമില്ലെങ്കില്‍ കുറഞ്ഞ വിലയ്‌ക്ക് സമീപമുള്ള ഏതെങ്കിലും പഞ്ചായത്തില്‍ സ്ഥലം കണ്ടെത്തും. കുടുംബമുള്ളവര്‍ക്ക് മൂന്നുസെന്റ് സ്ഥലത്ത് വീടുവെച്ചുനല്‍കും. ഗുണഭോക്താക്കളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക