പാലക്കാട്: ഒയാസിസിന് വേണ്ടി മദ്യനയം തന്നെ തിരുത്തിയെഴുതിയ സര്‍ക്കാര്‍ ഇപ്പോള്‍ പഞ്ചായത്ത് രാജ് നിയമം പോലും അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ജനകീയാസൂത്രണ തത്ത്വങ്ങളെ തകര്‍ക്കുന്ന പ്രഖ്യാപനമാണ് മന്ത്രി എം.ബി. രാജേഷ് നടത്തിയിരിക്കുന്നത്. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും നേട്ടമായി കൊണ്ടുനടന്ന ഇടതുപക്ഷം ഇപ്പോള്‍ നവകേരളം പദ്ധതി കൊണ്ടുവന്നതു മുതല്‍ തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും കവര്‍ന്നെടുക്കുകയാണ്. ഭരണഘടനാ ഭേദഗതിയെ ഒരു ഉത്തരവിലൂടെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, മലിനീകരണ നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നടപടിയെടുക്കേണ്ടത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ്. എന്നാല്‍ പുതിയ നിയമപ്രകാരം ഇത്തരം കാര്യങ്ങളില്‍ ഇവര്‍ക്ക് ഇടപെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
കൊക്കകോളയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതും സുപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തിയതും പെരുമാട്ടി പഞ്ചായത്താണ്. ജലചൂഷണം, പരിസ്ഥിതി മലിനീകരണം എന്നിവ നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കേണ്ട പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി.
തൊഴിലാളി പാര്‍ട്ടിയുടെ പ്രതിനിധി എന്ന് അവകാശപ്പെടുന്ന രാജേഷിന് മദ്യ കമ്പനിയായ ഒയാസിസിന്റെ പ്രതിനിധിയായി മാറി. ഇഎംഎസ് തുടങ്ങി വച്ച ജനകീയാസൂത്രണ പദ്ധതി കേരളത്തില്‍ പരാജയമാണെന്ന് വ്യക്തമാക്കാന്‍ എം.ബി. രാജേഷ് തയ്യാറാവണം. ജനകീയാസൂത്രണ പദ്ധതിക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്റെ നടപടികള്‍. ഇടതുമുന്നണിയില്‍ ഘടകകക്ഷിയായ സിപിഐയെക്കാളും ശക്തിയും സ്വാധീനവുമുള്ളത് ഒയാസിസിനാണ്. സിപിഐയുടെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നില്ല. കമ്പനിയുടെ നിലപാടുകള്‍ക്കാണ് ഇടതുമുന്നണിയില്‍ വിലയുള്ളതെന്ന് സര്‍ക്കാരിന്റെ നയങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഒയാസിസ് ബ്രൂവറിക്കായി വിശദമായ പദ്ധതി രേഖ (ഡിപിആര്‍) സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിന് ലൈസന്‍സ് നല്‍കാനുള്ള അധികാരം കവര്‍ന്നെടുക്കുക വഴി കമ്പനിക്ക് അകത്ത് പരിശോധിക്കാന്‍ പോലും കഴിയില്ല. ഭൂ പരിധി ഇളവ് പോലും മദ്യ കമ്പനിക്കുവേണ്ടി മാറ്റി നല്‍കി.
മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്നത് ചൂണ്ടിക്കാണിച്ച് ബിജെപി ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണകുമാര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയില്‍ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് നന്ദിഗ്രാം സംഭവിച്ചത് പോലെ മറ്റൊരു നന്ദിഗ്രാം പാലക്കാട് എലപ്പുള്ളിയില്‍ ആവര്‍ത്തിക്കും. കഞ്ചിക്കോട് വ്യവസായ പാര്‍ക്കില്‍ ഉള്‍പ്പെടെ അടച്ചുപൂട്ടിയ സ്ഥാപനങ്ങളൊന്നും നില നിര്‍ത്താന്‍ താത്പര്യമെടുക്കാത്ത സര്‍ക്കാരാണ് ബ്രൂവറിക്ക് വേണ്ടി നിലകൊള്ളുന്നത്. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍, പാലക്കാട് മണ്ഡലം പ്രസിഡന്റ് എം. ശശികുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: