ന്യൂദൽഹി : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കശ്മീരിനെക്കുറിച്ചുള്ള പരാമർശത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിക്കുകയും തുർക്കി അംബാസഡറെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച തുർക്കി പ്രസിഡന്റ് എർദോഗൻ കശ്മീർ വിഷയത്തിൽ പാകിസ്ഥാനുള്ള പിന്തുണ ആവർത്തിക്കുകയും ഇസ്ലാമാബാദ് സന്ദർശന വേളയിൽ ഈ വിഷയം പരിഹരിക്കാൻ യുഎൻ ചർച്ചയ്‌ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്ന് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വാർത്തയുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിഷേധം രേഖപ്പെടുത്തിയത്. “ഇന്ത്യ ഇത്തരം ആക്ഷേപകരമായ അഭിപ്രായങ്ങൾ നിരസിക്കുന്നു. തുർക്കി അംബാസഡറിനോട് ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രദേശിക സമഗ്രതയെയും പരമാധികാരത്തെയും കുറിച്ചുള്ള അത്തരം അനാവശ്യ പ്രസ്താവനകൾ സ്വീകാര്യമല്ല.”-രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
കൂടാതെ ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം പ്രദേശത്തെ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും ജയ്‌സ്വാൾ പറഞ്ഞു. “ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി തുടരുന്ന അതിർത്തി കടന്നുള്ള ഭീകരത ഉപയോഗിക്കുന്ന പാകിസ്ഥാന്റെ നയം നീക്കം ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു,”- ജയ്‌സ്വാൾ പറഞ്ഞു.
അതേ സമയം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ പാകിസ്ഥാന്റെ ത്യാഗങ്ങളെ തുർക്കി പ്രസിഡന്റ് എർദോഗൻ പ്രശംസിക്കുകയും കശ്മീർ തർക്കം ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര വിഷയങ്ങളിൽ പാകിസ്ഥാന് തുർക്കിയുടെ അചഞ്ചലമായ പിന്തുണ ആവർത്തിക്കുകയും ചെയ്തുവെന്നാണ് ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത്. ഐക്യരാഷ്‌ട്രസഭയുടെ പ്രമേയങ്ങൾ പ്രകാരം സംഭാഷണത്തിലൂടെ സംഘർഷം പരിഹരിക്കാനും പ്രസിഡൻ്റ് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: