ചണ്ഡീഗഡ്: ഹരിയാനയില്‍ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വരാനിരിക്കെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഏഴ് പാർട്ടി നേതാക്കളെ പുറത്താക്കി ഹരിയാന കോൺഗ്രസ്.
മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്‍റുമാരായ തർലോചൻ സിങ്, അശോക് ഖുറാന (കർണാൽ), ഏകോപന സമിതി അംഗം പ്രദീപ് ചൗധരി (കർണാൽ), മുൻ ജില്ലാ യൂത്ത് കോൺഗ്രസ് (ഡിവൈസി) പ്രസിഡന്‍റ് മധു ചൗധരി (യമുന നഗർ), ഹിസാർ നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായ റാം നിവാസ് റാര ഗുരുഗ്രാമിൽ നിന്നുള്ള ഹർവീന്ദർ (ലവ്‌ലി), റാം കിഷൻ സെയ്ൻ (ഗുരുഗ്രാം) എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന ചുമതലയുള്ള ബി.കെ ഹരിപ്രസാദുമായി നേതാക്കള്‍ നടത്തിയ കൂടിയാലോചിച്ച ശേഷമാണ് നടപടി.
മാർച്ച് 2നാണ് ഹരിയാന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 12ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച് ഹരിയാന കോൺഗ്രസ് പ്രസിഡന്‍റ് ഉദയ് ഭാൻ രംഗത്തെത്തിയിരുന്നു. ഉത്തരാഖണ്ഡിലേത് പോലെ ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് തങ്ങൾ ആവശ്യപ്പെട്ടതായും ഉദയ് ഭാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: