കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നി ജീവനൊടുക്കിയതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് .അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ നരകിക്കുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നാണ് കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് പ്രതികരിച്ചത്. ദീര്‍ഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍ നിന്നും രാജിവച്ച ഒഴിവില്‍ അലീന ബെന്നിയ്‌ക്ക് 2021 മുതല്‍ സ്ഥിരനിയമനം നല്‍കി. എന്നാല്‍ ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതര്‍ നിയമനം അംഗീകരിച്ചില്ല.
അധ്യാപികയും പിതാവും ആവശ്യപ്പെട്ട പ്രകാരം കോടഞ്ചേരി എല്‍ പി സ്‌കൂളില്‍ ഉണ്ടായ റഗുലര്‍ തസ്തികയിലേക്ക് മാറ്റി നിയമനം നല്‍കിയിരുന്നു. മാനേജ്‌മെന്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. അലീന ബെന്നിയ്‌ക്ക് നല്‍കിയ സ്ഥിര നിയമനത്തിനായി സംഭാവന സ്വീകരിച്ചിട്ടില്ലെന്നും അധ്യാപികയ്‌ക്ക് നിയമന അംഗീകാരം ലഭിക്കാത്തതില്‍ സ്‌കൂള്‍ മാനേജ് മെന്റിന് യാതൊരു പങ്കുമില്ലെന്നുമാണ് കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് പറയുന്നത്.
എന്നാല്‍ മകള്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും മകളുടെ നിയമനം ശരിയാക്കാന്‍ സര്‍ക്കാരിന് രേഖകള്‍ നല്‍കിയില്ലെന്നും അലീന ബെന്നിയുടെ പിതാവ് ബെന്നി കുറ്റപ്പെടുത്തി.താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റിനെയാണ് ബെന്നി കുറ്റപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: