ന്യൂദല്‍ഹി:പാര്‍ട്ടിയിലും പൊതുരംഗത്തും ഒരുപോലെ കരുത്ത് തെളിയിച്ചാണ് രേഖാ ഗുപ്ത എന്ന 51 കാരി മുഖ്യമന്ത്രി പദത്തിലേക്ക് നടന്നുകയറുന്നത്.
ചെറുപ്രായത്തിലേ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതിനാല്‍ രാഷ്ട്രീയമര്മ്മം കൃത്യമായി അറിയാം.
1996-97 കാലഘട്ടത്തില്‍ ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന് (ഡിയുഎസ് യു) പ്രസിഡന്റ് ആയിരുന്നു രേഖാ ഗുപ്ത. തെക്കന്‍ ദല്‍ഹിയില്‍ മേയര്‍ ആയി ഇരുന്ന കാലഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ വരെ കയ്യടി നേടിയിരുന്നു രേഖാ ഗുപ്ത. ദല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഈ കന്നി എംഎല്‍എ. ഷീലാ ദീക്ഷിത്, സുഷമ സ്വരാജ്, അതീഷി മര്‍ലേന എന്നിവരുടെ ഭരണത്തിന് ശേഷമാണ് രേഖ ഗുപ്ത എന്ന വനിതാ മുഖ്യമന്ത്രി ദല്‍ഹിക്കാര്‍ക്കായി എത്തുന്നത്.
ലാഡ് ലി ബെഹന്‍ യോജന എന്ന സ്ത്രീകള്‍ക്ക് ഏറെ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയ്ക്ക്പിന്നില് രേഖാ ഗുപ്തയുണ്ട്. ഇതാണ് മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അഞ്ചാമതും അധികാരത്തില്‍ എത്തിച്ചത്. ഇതേ രീതി ചുവടുപിടിച്ചാണ് പിന്നീട് മഹാരാഷ്ട്രയിലും ബിജെപി പ്രകടനപത്രികയില്‍ സ്ത്രീകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയത്. ഇപ്പോള്‍ ദല്‍ഹിയിലും ബിജെപി സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന പ്രകടനപത്രികയാണ് പുറത്തിറക്കിയത്.
മികച്ച പ്രാസംഗികയാണ് രേഖാഗുപ്ത. എബിവിപി, മഹിളാ മോര്‍ച്ച, ആര്‍എസ്എസ്, ബിജെപി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവപരിചയമാണ് അവരുടെ പ്രസംഗത്തിന്റെ കൈമുതല്‍. പ്രതിസന്ധികളെ മറികടന്ന് പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ കഴിവുണ്ട്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും വനിതാവിഭാഗം പ്രഭാരിയായിരുന്നു. ഒരാളുടെ ഭാര്യയെന്നോ മകളെന്നോ ഉള്ള മേല്‍വിലാസമില്ലാതെ ക്ഷമയോടെ നേതൃസ്ഥാനത്തേക്ക് ഉയര്‍ന്ന് വന്ന നേതാവാണ് രേഖാ ഗുപ്ത. ആവശ്യമുള്ളത് സമയത്ത് കൃത്യമായി നടപ്പാക്കാനുള്ള പ്രായോഗിമതിത്വവും രേഖാഗുപ്തയെ വ്യത്യസ്തയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: