അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ അക്ഷരാര്‍ഥത്തില്‍ കേരളം നിറഞ്ഞാടുമ്പോള്‍ ഏവരും ശ്രദ്ധിച്ചത് അസറുദ്ദീന് എന്ന താരത്തെയായിരുന്നു. അസറുദ്ദീന് എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മുന്‍ ഇന്ത്യന്‍ നായകനും അനായാസ ബാറ്റിങ്ങിന്റെ ആള്‍രൂപവുമായ മുഹമ്മദ് അസറുദ്ദീനെയാണ്. ഇപ്പോഴിതാ അതേ പേരിലുള്ള മറ്റൊരു താരം രാജ്യാന്തര ക്രിക്കറ്റിലേക്ക് തന്റെ അവസരത്തിന് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നു.
ഗുജറാത്തിന്റെ പേസ് പടയെ അനായാസം നേരിട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍ കേരളത്തിന് ചരിത്രപരമായ തുടക്കം നല്‍കിയിരിക്കുകയാണ് കേരളത്തിന്റെ മുഹമ്മദ് അസറുദ്ദീന്. ഗുജറാത്തിനെതിരേ ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തെ ശക്തമായ നിലയിലെത്തിച്ചിരിക്കുകയാണ് അസറുദ്ദീന്. 303 പന്തില്‍ 17 ബൗണ്ടറികളുടെ സഹായത്തോടെ 149 റണ്‍സെടുത്ത് അസര്‍ ക്രീസിലുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അസ്റുദ്ദീന്റെ രണ്ടാം സെഞ്ച്വറിയാണിത്. 173 പന്തില്‍ 13 ഫോറുകളടക്കമാണ് അസറുദ്ദീന് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രഞ്ജി സെമിയില്‍ കേരളത്തിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസര്‍. രഞ്ജി സെമിയില്‍ സെഞ്ചുറി നേടുന്ന ആദ്യ കേരള ബാറ്ററും അസറുദ്ദീന്‍തന്നെ.
ക്ഷമാപൂര്‍വം ബാറ്റ് ചെയ്ത് 202 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്സുമടക്കം 52 റണ്‍സ് നേടിയ സല്മാന് നിസാറും മികച്ച പ്രകടനം പുറത്തെടുത്തു. ക്ഷമയോടെ ഓരോ പന്തുകളെയും പ്രതിരോധിച്ചായിരുന്നു സല്മാന് നിസാറിന്റെ അര്‍ധ സെഞ്ച്വറി. വിശാല്‍ ജയ്സ്വാളിന്റെ പന്ത് ലോങ്ങ് ഓണിലേക്ക് സിക്സര്‍ പറത്തിയായിരുന്നു ഫിഫ്റ്റി നേട്ടം. ഫ്സ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സല്‍മാന്റെ ഏഴാം ഫൈഫറാണിത്.
സല്മാന് നിസാറും അസ്ഹറുദ്ദീനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 149 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടക്കത്തില്‍ തന്നെ സച്ചിന് ബേബിയെ നഷ്ടമായെങ്കിലും പിന്നീട് അസറുദ്ദീനും സല്‍മാനും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും കരുതലോടെ ബാറ്റുവീശി കേരളത്തെ 300 കടത്തി. ടീം സ്കോര്‍ 350 കടത്തിയതിന് പിന്നാലെ സല്മാന് നിസാര്‍ മടങ്ങി. സച്ചിന്, സല്മാന് എന്നിവര്‍ക്ക് പുറമെ മുഹമ്മദ് ഇമ്രാന്റെ (24) വിക്കറ്റും കേരളത്തിന് നഷ്ടമായി.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളം ഏഴ് വിക്കറ്റിന് 418 റണ്‍സെന്ന നിലയിലാണ്. രണ്ടാം ദിനത്തിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന് ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്കോറായ 206 റണ്‍സിലേക്ക് സ്കോര്‍ ചേര്‍ക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റണ്‍സാണ് ക്യാപ്റ്റന്‍ സച്ചിന് ബേബി നേടിയത്. 195 പന്തില്‍ എട്ടു ഫോറുകള്‍ നേടി.
രഞ്ജിയില്‍ കേരളത്തിന്റെ രണ്ടാമത്തെ സെമി ഫൈനലാണിത്. 2018-19 സീസണിലെ സെമിയില്‍ വിദര്‍ഭയോട് തോറ്റു. 2016-17 സീസണില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് 2019-20 സീസണിലാണ് അവസാനമായി സെമിയിലെത്തിയത്. ഈ സീസണില്‍ കേരളത്തിന്റെ പരിശീലകനായെത്തിയ അമേയ് ഖുറേസിയുടെ ആസൂത്രണമികവും പരിചയസമ്പന്നരായ ഒരുകൂട്ടം കളിക്കാരുടെ ഒത്തൊരുമയുമാണ് കേരളത്തിന്റെ മുന്നേറ്റത്തിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: