തിരുവനന്തപുരം: സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽ മെഷീൻ എന്നിവ പാതി വിലയ്‌ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളമായി കോടികൾ പിരിച്ചെടുത്ത് വഞ്ചിച്ച പാതി വില തട്ടിപ്പ് കേസിൽ അറസ്റ്റ് ഭയന്ന് രണ്ടാം പ്രതിയും ജീവകാരുണ്യ സംഘടനയായ സായി ഗ്രാമം ട്രസ്റ്റ് ചെയർമാനുമായ കെ. എൻ. അനന്തകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷയിൽ പോലീസ് റിപ്പോർട്ട് ചൊവ്വാഴ്ചയും ഹാജരാക്കിയില്ല. 13 നും ഇന്നലെ 18 നും ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനിടെ വാദം ബോധിപ്പിക്കാൻ അനന്തകുമാർ കൂടുതൽ സമയം തേടി.
27 ന് റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. പി. അനിൽകുമാറിൻ്റേതാണ് ഉത്തരവ്
അതേസമയം അറസ്റ്റ് തടയാനായി ഇടക്കാല ഉത്തരവിടാൻ കോടതി വിസമ്മതിച്ചു. അതിനാൽ ക്രൈം ബ്രാഞ്ചിന് പ്രതിയുടെ അറസ്റ്റിന് തടസമില്ല.
കണ്ണൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ, പോലീസ് സ്റ്റേഷന്റെ പേര് വയ്‌ക്കാതെ സർക്കിൾ ഇൻസ്പെക്ടർ , സംസ്ഥാന സർക്കാർ എന്നിവരെ എതിർകക്ഷിയാക്കിയാണ് മുൻകൂർ ജാമ്യ അപേക്ഷ ഫയൽ ചെയ്തത്.
പാതി വില തട്ടിപ്പിൽ കോടികൾ മറിഞ്ഞത് അഞ്ച് കമ്പനികൾ വഴിയെന്ന് മൂവാറ്റുപുഴ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ, പ്രൊപ്പൈറ്റർ പദവികളാണ് ഒന്നാം പ്രതി അനന്തുകൃഷ്ണൻ ഈ സ്ഥാപനങ്ങളിൽ വഹിച്ചത്. തട്ടിപ്പ് നടത്താൻ ഒന്നാം പ്രതി അനന്തുകൃഷ്ണൻ അഞ്ച് കമ്പനികൾ രജിസ്റ്റർ ചെയ്തിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എറണാകുളം ഇയ്യാട്ടുമുക്കിലെ സോഷ്യൽ ബീ വെൻചേഴ്സ് വഴി അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയിരുന്നു. ഇതു കൂടാതെ തൊടുപുഴയിലെ സോഷ്യൽ ബീ വെൻചേഴ്സ് വഴി എൻജിഒകളിൽ നിന്ന് ഇയാൾ പണം വാങ്ങി.പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ കൊറാസോൺ, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷൻ, കടവന്ത്രയിലെ സോഷ്യൽബീ വെൻചേഴ്സ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ വഴിയും അനന്തു പണം തട്ടിയതായി കണ്ടെത്തി. ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, മാനേജിംഗ് ഡയറക്ടർ, പ്രൊപ്പൈറ്റർ പദവികളാണ് അനന്തുകൃഷ്ണൻ ഈ സ്ഥാപനങ്ങളിൽ വഹിച്ചത്.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്‌ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ , തയ്യൽ മെഷീൻ, ലാപ്ടോപ്പ് എന്നിവ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുവന്തപുരം റൂറൽ വെള്ളറ പോലീസും ഫെബ്രുവരി 11 ന് വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: