പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും.അന്വേഷണസംഘത്തിന്റെ അപേക്ഷ പരിഗണിച്ച പാലക്കാട് സി.ജെ.എം കോടതി രഹസ്യ മൊഴിയെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
രഹസ്യമൊഴി രേഖപ്പെടുത്താന്‍ ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തി. ഉത്തരവിന് പിന്നാലെ ചെന്താമരയെ ചിറ്റൂര്‍ കോടതിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയി.
ഒരുദിവസം വിയ്യൂര്‍ അതി സുരക്ഷാ ജയിലില്‍ പ്രത്യേക സെല്ലില്‍ നിരീക്ഷിച്ച ശേഷം മൊഴി രേഖപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ആയിരിക്കും രഹസ്യ മൊഴിയെടുക്കുക.
കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടുപോകുന്ന സമയത്താണ് കേസിലെ രണ്ടു സാക്ഷികള്‍ മൊഴിമാറ്റിയത്.ചെന്താമര ഇനിയും ജാമ്യത്തില്‍ ഇറങ്ങിയാല്‍ തങ്ങളെ കൊല്ലുമോ എന്ന ഭയത്തിലാണ് മൊഴി മാറ്റം. എന്നാല്‍ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ശാസ്ത്രീയ തെളിവുകളാണുളളത്.
അതിനിടെ , ചെന്താമര നടത്തിയ ആദ്യ കൊലപാതക കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് പാലക്കാട് സെഷന്‍സ് കോടതി റദ്ദാക്കിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവ് ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. 2022ലാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.
ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും ആഭിചാരം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: