സിനിമ വ്യവസായം ഉയർത്തെഴുന്നേൽക്കാനും ഉയരുവാനും വേണ്ടിയുള്ള ധീരമായ ശബ്ദമാണ് ഫെബ്രുവരി 6 നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പത്ര സമ്മേളനത്തിൽ സുരേഷ്കുമാർ ലോകത്തോട് വിളിച്ചു പറഞ്ഞത്. സിനിമാലോകത്തെ നീതിയുടെയും ആർജവത്തിന്റെയും പര്യായമാണ് സുരേഷ് കുമാർ
സിനിമാ വ്യവസായത്തിൽ സുതാര്യതയും നീതിയും കൊണ്ടുവരാനുള്ള ശ്രമമാണ് സുരേഷ്കുമാർ ചെയ്തത്. പുതിയതായി വരുന്ന ഇൻവെസ്റ്റേഴ്സ് കബളിപ്പിക്കപ്പെടരുത്. പ്രലോഭിപ്പിച്ചും ഭ്രമിപ്പിച്ചും വഴിയാധാരമായ നിർമ്മാതാക്കൾ നൂറു കണക്കിനുണ്ട് കേരളത്തിൽ. ഒരു സിനിമയുടെ ചിലവിന്റെ 70 ശതമാനം ആർട്ടിസ്റ്റുകൾ അവരുടെ വേതനമായി ഈടാക്കുന്നു . ഒരു സിനിമ സാമ്പത്തികമായി പരാജയപ്പെടുമ്പോൾ ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയ അഭിനേതാക്കളും മറ്റു കലാകാരന്മാരും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകണ്ടെ? കഴിഞ്ഞ വർഷം 800 കോടി രൂപ നഷ്ടം അനുഭവിക്കുന്ന അനവധി നിർമ്മാതാക്കളെ ഒന്ന് തിരിഞ്ഞു നോക്കാനെങ്കിലും ഇതിലൂടെ സമ്പന്നതയിൽ എത്തിയവർക്കു കടമയില്ലേ. സുരേഷ് കുമാർ, ഉള്ളിൽ പിടയുന്ന വേദനയുടെ ബഹിർസ്പുരണങ്ങളാണ് കടുത്ത ഭാഷയിൽ പുറം ലോകത്തോട് പറഞ്ഞത്. ഈ ദുരന്ത കഥകൾ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സുരേഷ് കുമാർ ഇറങ്ങി പുറപ്പെട്ടത്. പല സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആർജിച്ചിട്ട് തന്നെയാണ്.
ചിലർക്കു അപ്രിയമായതും വേറെ ചിലരുടെ സ്വാർത്ഥത്തെയും ബാധിക്കുന്ന ചില സത്യങ്ങൾ സുരേഷ്കുമാർ പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി. ഊതി വീർപ്പിച്ച കണക്കുകളും, നൂറു കോടി ക്ലബുകളുടെ പൊള്ളത്തരവും തുറന്നടിച്ചത് ആർക്കും എതിരായിട്ട് പറഞ്ഞതല്ല. ഒരു പുനർചിന്തനം സിനിമ വ്യവസായത്തിൽ അത്യന്താപേക്ഷിതമാണ് എന്ന തോന്നൽ നിർമ്മാതാക്കളിൽ ഉണ്ടായി. തകർന്നടിയുന്ന നിർമ്മാതാക്കൾക്കു താങ്ങാകാൻ സിനിമാലോകത്തുള്ള കലാകാരന്മാർക്ക് ഉത്തരവാദിത്വം ഇല്ലേ? എല്ലാ വ്യവസായ മേഖലകളിലെന്ന പോലെ ഒരു ധവള പത്രം ഇറക്കാൻ എന്താണ് സിനിമ മേഖല ഭയക്കുന്നത്? ഉദ്ദേശം ശുദ്ധമാണെങ്കിൽ സത്യത്തെ ഭയക്കണ്ടല്ലോ?
സിനിമ വ്യവസായത്തിൽ കേരളം തലൂയർത്തിപിടിച്ച് നിന്ന് ഒരു കാലം ഉണ്ടായിരുന്നു. ഒരു വർഷം 12 സിനിമകൾ ഇറക്കി, പത്തും ബ്ലോക്ക് ബസ്റ്റർ ആക്കിയ ഐ വി ശശി ജീവിച്ചിരുന്ന നാടാണ് കേരളം. അന്ന് കഥ കേന്ദ്രീകൃതമായും, സംവിധായക കേന്ദ്രീകൃതമായും, ആയാണ് സിനിമകൾ സംഭവിച്ചിരുന്നത്. അത് സ്റ്റാർ കേന്ദ്രീകൃതമായ അന്ന് മുതലാണ് മലയാള സിനിമയുടെ വിജയ ശതമാനം കുറഞ്ഞ് തുടങ്ങിയത്. ആ പഴയ പ്രതാപ കാലത്തേക്ക് മലയാള സിനിമയെ മാറ്റിയെടുക്കുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സുരേഷ്കുമാർ.
സുരേഷ്കുമാർ ഒറ്റക്കല്ല. അദ്ദേഹത്തിനോടൊപ്പം സംഘടന ഉണ്ട്, സമൂഹം ഉണ്ട്, സിനിമാ ലോകവും ഉണ്ട്. പേടിപ്പെടുത്താനും, പിടിച്ചു കെട്ടുവാനും മുതിർന്നാൽ അവർക്ക് സിനിമ ലോകം പുറം വാതിൽ കാണിച്ചു കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: