പണ്ട് ട്രാക്റ്ററിനും ടെലിവിഷനും കമ്പ്യൂട്ടറിനും എതിരെ സമരം ചെയ്ത സിപിഎം, ടോള്‍ പിരിവു മുതല്‍ സ്വകാര്യ സര്‍വകലാശാല വരെയുള്ള കാര്യങ്ങളില്‍ നയം തിരുത്തി. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ സമരം ചെയ്യുന്ന സിപിഎം അതേ നയങ്ങള്‍ ഇരട്ടി വീര്യത്തോടെ കേരളത്തില്‍ നടപ്പാക്കുന്നതിലെ വൈരുദ്ധ്യാത്മകത അണികളോടു വിശദീകരിക്കാന്‍ എം.വി.ഗോവിന്ദനോ എം.എ. ബേബിക്കോ പോലുമാകുന്നില്ല.
കിഫ്ബി സംസ്ഥാനത്തെ കടക്കെണിയിലേക്ക് നയിക്കുന്നുവെന്ന് വ്യക്തമായതോടെ കിഫ്ബി റോഡുകളില്‍ യൂസര്‍ഫീ എന്ന പേരില്‍ ടോള്‍ ഏര്‍പ്പെടുത്തുകയാണ് പിണറായി സര്‍ക്കാര്‍. 50 കോടിയിലധികം മുടക്കി നിര്‍മിച്ച റോഡുകളിലാണ് യൂസര്‍ഫീ എന്നും ആദ്യ 15 കി.മീറ്ററിന് ടോള്‍ ഇല്ലെന്നുമാണ് വാദം. കേന്ദ്രസര്‍ക്കാര്‍ എക്സ്പ്രസ് ഹൈവേയില്‍ ഏര്‍പ്പെടുത്തിയ ടോളിനെതിരെ സമരം നടത്തിയവരാണ് സിപിഎം.
അടുത്തിടെ കേന്ദ്രം ടോള്‍ 5 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍, സര്‍ക്കാര്‍ റോഡുകളില്‍ സാധാരണക്കാരന് സൗജന്യമായി സഞ്ചരിക്കാനാകണമെന്നായിരുന്നു സിപിഎം വാദം. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഒറ്റയടിക്ക് 28 ടോള്‍ ബൂത്തുകളാണ് അടച്ചുപൂട്ടിയത്. ഇപ്പോള്‍ ടോള്‍ പിരിവിനെതിരെ ആന്ധ്രയിലും തമിഴ്നാട്ടിലും സമരം ചെയ്യുന്നതും സിപിഎം ആണ്. കേരളത്തില്‍ നയം മാറ്റത്തിലൂടെ പാര്‍ട്ടി സ്വയം അപഹാസ്യരാകുകയാണ്.
കമ്പ്യൂട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടമാകും എന്നു പറഞ്ഞ് സമരം ചെയ്ത പാര്‍ട്ടി ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സിന്(എഐ) അനുകൂലമെന്നതും കൗതുകകരമാണ്. എഐ നാടിനെ സോഷ്യലിസത്തിലേക്ക് നയിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് താത്വികമായി വിശദീകരിച്ചത്. ഇതുകേട്ട് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും മൂക്കത്ത് വിരല്‍ വച്ചു.
ഒരിക്കല്‍ ടെലിവിഷനെതിരെ സമരം ചെയ്ത പാര്‍ട്ടി പിന്നീട് സ്വന്തമായി ചാനല്‍ തുടങ്ങിയപ്പോഴും നേതാക്കള്‍ ഉളുപ്പില്ലാതെ ന്യായീകരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിക്ക് എതിരായിരുന്നു സിപിഎം. കേന്ദ്രം പ്രഖ്യാപിച്ച ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതികള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഇപ്പോഴും സമരത്തിലാണ്. ഇതു മറന്നാണ് സംസ്ഥാനത്ത് ഏതുവിധേനയും കെ-റെയില്‍ നടപ്പാക്കി ശതകോടികള്‍ കമ്മിഷന് തട്ടാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സ്വകാര്യ സര്‍വകലാശാലക്കെതിരെ രാജ്യമെമ്പാടും സമരം ചെയ്ത സിപിഎം, വര്‍ഷങ്ങള്‍ക്കിപ്പുറം സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്. പത്തു വര്‍ഷം മുമ്പ് പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുനിഞ്ഞപ്പോള്‍ വ്യാപക സമരം നടത്തി ജനത്തെ വഴിയില്‍ തടഞ്ഞ എസ്എഫ്ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍, 2016 ജനുവരി 29-ന് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്ത് എത്തിയ നയതന്ത്രജ്ഞന് ടി.പി. ശ്രീനിവാസന്റെ ചെകിടത്ത് അടിച്ചവരാണ് എസ്എഫ്ഐക്കാര്‍. സ്വകാര്യ സര്‍വകലാശാലകള്‍ കോടികളുടെ അഴിമതിക്ക് വഴിയൊരുക്കുമെന്നായിരുന്നു അന്ന് പാര്‍ട്ടിയുടെയും എസ്എഫ്ഐയുടെയും വാദം. 20 വര്‍ഷം മുമ്പ് രാജ്യത്ത് നിലവില്‍ വന്ന പദ്ധതിയെ ഇടത് പാര്‍ട്ടികള്‍ എതിര്‍ത്തതു മൂലം രണ്ട് പതിറ്റാണ്ടാണ് കേരളം പിന്നാക്കം പോയതെന്ന് ടി.പി. ശ്രീനിവാസന് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യ നിലനില്‍പ്പിന് ഭീഷണിയായ മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്രം നടത്തുന്ന നീക്കത്തെ വിമര്‍ശിക്കുന്ന പിണറായി, വടക്കന്‍ കേരളത്തില്‍ ശക്തമകുന്ന മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന നീക്കങ്ങള്‍ ഇടത് മുന്നണിയില്‍ തന്നെ വിമര്‍ശന വിധേയമായിട്ടുണ്ട്. കേന്ദ്രം നടത്തുന്ന നീക്കം മനുഷ്യാവകാശ ലംഘനമാണെന്നു വിമര്‍ശിക്കുന്ന പാര്‍ട്ടിക്ക് പക്ഷേ മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന സത്യം ഒടുവില്‍ തുറന്നു സമ്മതിക്കേണ്ടി വന്നു. കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പി.മോഹനനും കെ.ജി. കുഞ്ഞിക്കണ്ണനുമാണ് ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: