Kerala

ഹരീഷ് വാസുദേവാ….മസിലു പെരുപ്പിച്ച് കാണിക്കലല്ല നയതന്ത്രം; ശശി തരൂരിന് അതറിയാം, അതാണ് അദ്ദേഹം മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തിയത്

അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങുവെച്ച് ഇന്ത്യയിലേക്ക് അയക്കുന്നതിനെ പ്രധാനമന്ത്രി മോദി എതിര്‍ത്തില്ലെന്നും എന്നാല്‍ കൊളംബിയയില്‍ പ്രസിഡന്‍റ് ഗുസ്താവ് അനധികൃതകുടിയേറ്റക്കാരെ കയ്യാമം വെച്ച് തങ്ങളുടെ രാജ്യത്തേക്ക് അയയ്കരുതെന്ന് തന്‍റേടത്തോടെ യുഎസ് പ്രസിഡന്‍റിനോട് വിളിച്ചുപറഞ്ഞെന്നും സൂചിപ്പിച്ച് ഹരീഷ് വാസുദേവന്‍ ശ്രീദേവി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു.

Published by

തിരുവനന്തപുരം: അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങുവെച്ച് ഇന്ത്യയിലേക്ക് അയക്കുന്നതിനെ പ്രധാനമന്ത്രി മോദി എതിര്‍ത്തില്ലെന്നും എന്നാല്‍ കൊളംബിയയില്‍ പ്രസിഡന്‍റ് ഗുസ്താവ് അനധികൃതകുടിയേറ്റക്കാരെ കയ്യാമം വെച്ച് തങ്ങളുടെ രാജ്യത്തേക്ക് അയയ്കരുതെന്ന് തന്‍റേടത്തോടെ യുഎസ് പ്രസിഡന്‍റിനോട് വിളിച്ചുപറഞ്ഞെന്നും സൂചിപ്പിച്ച് ഹരീഷ് വാസുദേവന്‍ ശ്രീദേവി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. മോദി-ട്രംപ് കൂടിക്കാഴ്ച വിജയകരമായതോടെയാണ് ഹരീഷ് വാസുദേവനെതിരെ പ്രത്യാക്രമണം ശക്തമായിരിക്കുന്നത്.

മസിലുപെരുപ്പിക്കലല്ല നയതന്ത്രം എന്ന കാര്യം ഹരീഷ് വാസുദേവന്‍ മനസ്സിലാക്കണം എന്നാണ് ഉയരുന്ന ഒരു വിമര്‍ശനം. യുഎസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത ട്രംപിന്റെ ആദ്യഅതിഥിയായി തന്നെ സ്ഥാനം പിടിച്ചുവെന്നത് മോദിയുടെ നയതന്ത്രപരമായ വിജയമാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. നയതതന്ത്രത്തെ രാഷ്‌ട്രീയക്കണ്ണട വെച്ച് നോക്കിക്കാണരുതെന്നും നയതന്ത്രം വേറെയാണെന്നും ആണ് ശശി തരൂര്‍ കോണ്‍ഗ്രസുകാരെ ഉപദേശിക്കുന്നത്. നയതന്ത്രം വേറെയും മസിലുപെരുപ്പിച്ചുകാട്ടല്‍ വേറെയും ആണെന്ന് സിപിഎം നേതാക്കള്‍ക്കും അനുഭാവികള്‍ക്കും മനസ്സിലാകണമെങ്കില്‍ ഇനിയും പല ജന്മങ്ങള്‍ അവര്‍ ജനിക്കേണ്ടിവരും. അങ്ങിനെ മസിലു പെരുപ്പിച്ച സിപിഎം ഇപ്പോള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങി നില്‍പാണ് എന്നും ഹരീഷ് വാസുദേവന്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഹരീഷ് വാസുദേവന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്:

അദ്ദേഹം ഈ ഫെയ്സ്ബുക്ക് പോസ്റ്റില്‍ മോദിയെ നിലവാരമില്ലാതെ കളിയാക്കുന്നുണ്ട്. “ഒളിച്ചോടി മൈ പ്രണ്ട് കുമ്പമേളയിൽ മുങ്ങാൻ പോയിട്ടുണ്ട്.. shame !”. കുംഭമേളയില്‍ മുങ്ങിക്കുളിക്കുന്നത് ഹരീഷ് വാസുദേവന് ജോണ്‍ ബ്രിട്ടാസിനെപ്പോലെ തന്നെ കുറച്ചിലുള്ള കാര്യമാണ്. പക്ഷെ എസ് എഫ് ഐയുടെ ഒരു കാലത്തെ തീപ്പൊരി നേതാക്കളെല്ലാം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്ളവും വലിയ സന്യാസസമൂഹമായ ജുന അഖാഡയില്‍ മഹാമണ്ഡലേശ്വര്‍മാരാണെന്ന കാര്യം മറക്കരുത്. എന്തിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി സിപിഎം ഏറെക്കാലം ആഘോഷിച്ച അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍ പോലും മഹാകുംഭമേളയില്‍ പങ്കെടുത്തു എന്ന കാര്യവും മറക്കേണ്ട. ജുന അഖാഡയുടെ മലയാളികള്‍ക്ക് വേണ്ടി ഒരുക്കിയ പ്രത്യേക ടെന്‍റുകളില്‍ ഇക്കുറി നല്ലൊരു ശതമാനം എസ് എഫ് ഐക്കാരായിരുന്നു എന്ന കാര്യവും ഹരീഷ് വാസുദേവന്‍ മറക്കേണ്ട.

പിന്നെ മോദി ഒരു സനാതനധര്‍മ്മവിശ്വാസിയാണ്. ഒപ്പം രാഷ്‌ട്രതന്ത്രജ്ഞനുമാണ്. അദ്ദേഹം മഹാകുംഭമേളയില്‍ ഒളിച്ചോടിപ്പോയി മുങ്ങിയതല്ല, എല്ലാവരും കാണെ മുങ്ങിയതാണ്. ഇനി കയ്യില്‍ വിലങ്ങിട്ടകാര്യത്തില്‍ ഹീറോയിസം കാട്ടിയിട്ട് കാര്യമില്ല. അത് അമേരിക്കയുടെ നിയമമാണ്. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ ഇന്ദിരാഗാന്ധി ഭരിയ്‌ക്കുന്ന നാളുകളിലും ഇതുപോലെ കയ്യില്‍ വിലങ്ങുവെച്ച് അമേരിക്കയുടെ പട്ടാള വിമാനത്തില്‍ ഇന്ത്യയില്‍ ഇറക്കിയിട്ടുണ്ട് എന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ തന്നെയാണ്. മാത്രമല്ല, കൊളംബിയയുടെ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ പ്രായോഗികമതിയല്ലാത്ത കമ്മ്യൂണിസ്റ്റ് നേതാവാണ്. ആവശ്യത്തിനും അനാവശ്യത്തിനും കുരയ്‌ക്കുന്ന നേതാവ് എന്നാണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് അനുയായികള്‍ പോലും വിളിക്കുന്നത്. ഇപ്പോള്‍ ഇദ്ദേഹത്തെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍. കൈവിലങ്ങിട്ട് അനധികൃതകുടിയേറ്റക്കാരെ കൊണ്ടുവരരുതെന്ന് പറഞ്ഞ് അദ്ദേഹം കൊളംബിയയില്‍ നിന്നും രണ്ട് വിമാനങ്ങള്‍ അമേരിക്കയിലേക്ക് അയച്ച് കൊളംബിയക്കാരായ ഏതാനും അനധികൃത കുടിയേറ്റക്കാരെ രാജ്യത്തേക്ക് കൊണ്ടുവന്നു എന്നത് നേരാണ്. എന്നാല്‍ ട്രംപ് കൊളംബിയയ്‌ക്കെതിരായ ഇറക്കുമതിച്ചുങ്കം കൂട്ടുകയും കൊളംബിയക്കാര്‍ക്കുള്ള വിസ റദ്ദാക്കുകയും ചെയ്തതോടെ കൊളംബിയ നിലപാടില്‍ അയവ് വരുത്തുകയും അമേരിക്കയുടെ സൈനികവിമാനത്തില്‍ തന്നെ അനധികൃത കുടിയേറ്റക്കാരായ കൊളംബിയക്കാരെ എത്തിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

എന്തായാലും ട്രംപുമായി മോദി നടത്തിയ നയതന്ത്ര നീക്കം ഏറ്റവും കൂടുതല്‍ ഞെട്ടിച്ചിരിക്കുന്നത് ചൈനയെയാണ്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്കെല്ലാം ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ അമേരിക്കയിലെ ഗൂഗിളിനെതിരെ കേസെടുത്തും കാല്‍വിന്‍ക്ലെയ്ന്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിയും അത്യപൂര്‍വ്വ മിനറലുകളുടെ കയറ്റുമതി റദ്ദാക്കി ക്ഷാമം സൃഷ്ടിച്ചും അമേരിക്കയെ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയാണ് ചൈന. അതായത് ഭാവിയില്‍ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ മോദി ട്രംപുമായി നത്തിയ നയതന്ത്രനീക്കം ഏറ്റവുമധികം ഞെട്ടിച്ചിരിക്കുന്നത് ചൈനയെയാണ്. കാരണം ചൈനയെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തി ട്രംപ് ശ്വാസം മുട്ടിക്കുമ്പോള്‍ ഇന്ത്യയോട് ട്രംപ് മൃദുസമീപനം പുലര്‍ത്തുന്നത് ചൈനയ്‌ക്ക് തിരിച്ചടിയാകും. ഇന്ത്യ വളരുമ്പോള്‍ ചൈനയുടെ വളര്‍ച്ചയ്‌ക്ക് ഇത് തടസ്സമാകും.

ഇപ്പോഴേ ചൈനയില്‍ നിന്നും വിദേശനിക്ഷേപവും വിദേശകമ്പനികളും പുറത്തേക്കൊഴുകുകയാണ്. ഇക്കഴിഞ്ഞ വര്‍ഷം 16800 കോടി ഡോളര്‍ ആണ് ചൈനയില്‍ നിന്നും പുറത്തേക്ക് പോയ വിദേശനിക്ഷേപം. ചൈന വിട്ടുപോകുന്ന വിദേശക്കമ്പനികളെ ഇന്ത്യയുമായി അടുപ്പിക്കുന്നതില്‍ മോദി ഒരു പരിധിവരെ വിജയിച്ചുകൊണ്ടിരിക്കുകയാണ്. ആപ്പിള്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ നിര്‍മ്മാണവും സെമികണ്ടക്ടര്‍ രംഗത്തെ ചിപ് നിര്‍മ്മാണവും ഇന്ത്യയില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പുനരുപയോഗ ഊര്‍ജ്ജ നിര്‍മ്മാണം, ആയുധനിര്‍മ്മാണം എന്നിവയിലും ഇന്ത്യ കുതിക്കുന്നു. ഇലക്ട്രോണിക്സ് ഉല്‍പാദനരംഗത്തും ഇലക്ട്രിക് കാര്‍ നിര്‍മ്മാണരംഗത്തും മുന്നേറാന്‍ ശ്രമിക്കുകയാണ് ഇന്ത്യ. ചൈനയ്‌ക്കു പകരമാവില്ലെങ്കിലും വിവിധ രംഗങ്ങളില്‍ അതിന് അടുത്ത് എത്താവുന്ന ഒരു ഉല്‍പാദനരാഷ്‌ട്രമാക്കി ഇന്ത്യയെമാറ്റാനുള്ള കഠിനശ്രമത്തിലാണ് മോദി. ഇത്തരം നയതന്ത്രവിജയങ്ങളിലൂടെ മോദി അതും യാഥാര്‍ത്ഥ്യമാക്കും എന്ന ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യ. ഇവിടെ എല്ലാം നശിപ്പിക്കുന്ന മസിലുപെരുപ്പിച്ചുള്ള ഗുണ്ടായിസമല്ല, നയതന്ത്രത്തിന്റെ ക്രിയാത്മക വഴികളാണ് മോദി തേടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക