രാമനാഥപുരം: പുതിയ പാമ്പന്‍ റെയില്‍വേ പാലത്തിന്റെ ഉദ്ഘാടനം ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി രാമേശ്വരം സന്ദര്‍ശിക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍. സിങ് പറഞ്ഞു. വെള്ളിയാഴ്ച രാമേശ്വരം സന്ദര്‍ശനത്തിനു ശേഷം പുതിയ പാമ്പന്‍ റെയില്‍വേ പാലം പരിശോധിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പാലം തുറക്കുമ്പോള്‍ വലിയ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയും. രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ പുനര്‍വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ആഗസ്തില്‍ സ്റ്റേഷന്‍ തുറക്കും. റെയില്‍വേ പാലം തുറക്കുന്നതോടെ രാമേശ്വരം സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും. അതിനാല്‍ പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്താനുള്ള പദ്ധതികള്‍ പരിഗണനയിലാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു.
പഴയ പാമ്പന്‍ റെയില്‍വേ പാലം ഇതിനകം തന്നെ തകര്‍ന്ന നിലയിലായതിനാല്‍, രാമനാഥപുരത്ത് അതിന്റെ ഒരു പകര്‍പ്പ് നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. പരിശോധനയില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശരദ് ശ്രീവാസ്തവ, കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയര്‍ കെ.ജി. ജ്ഞാനശേഖര്‍ എന്നിവരും പങ്കെടുത്തു.
രാമേശ്വരം സന്ദര്‍ശനത്തിന് ശേഷം മറ്റ് ഉദ്യോഗസ്ഥരോടൊപ്പം മധുര ജങ്ഷനിലെ സ്റ്റേഷന്‍ പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ആര്‍.എന്‍. സിങ് പരിശോധിച്ചു.
ആറ് വര്‍ഷമെടുത്താണ് പുതിയ പാമ്പന്‍ പാലം നിര്‍മിച്ചത്. 550 കോടി രൂപയാണ് ചെലവ്. 2.1 കിലോമീറ്ററാണ് നീളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: