പത്തനംതിട്ട: കേരളത്തിന് എയിംസ് അനുവദിക്കാന്‍ വൈകുന്നതിന് കാരണം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാതെ അപേക്ഷ സമര്‍പ്പിച്ചത്. എയിംസിന്റെ പേരില്‍ കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന സിപിഎം നയമാണ് പിന്നില്‍. ഇതിന് കൂട്ടാണ് യുഡിഎഫ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ, അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് ആണ് കേരളത്തിന് എയിംസ് വാഗ്ദാനം ചെയ്തത്. മാനദണ്ഡം പാലിച്ച് നാലു സ്ഥലങ്ങളുടെ പട്ടിക സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. നാല് സുപ്രധാന മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്, കുറഞ്ഞത് 200 ഏക്കര്‍ ഭൂമി, ത്രീ വേ കണക്റ്റിവിറ്റി, വൈദ്യുതി-കുടിവെള്ള ലഭ്യത. 2014 ജൂണ്‍ 10 ന് നാല് സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രത്തിന് കത്തയച്ചു. തിരുവനന്തപുരം കാട്ടാക്കട തുറന്ന ജയില്‍, കോട്ടയം മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന സ്ഥലം, കളമശേരി എച്ച്എംടി വക സ്ഥലം, കിനാലൂര്‍.
ഓപ്പണ്‍ ജയിലിനോട് ചേര്‍ന്നത് കൃഷിയിടവും ഒരു ഭാഗത്ത് വനവുമാണ്. ഗ്രാമപ്രദേശം എയിംസിന് പരിഗണിക്കില്ല. ത്രീവേ കണക്റ്റിവിറ്റിയും കുറവാണ്. കോട്ടയം ആര്‍പ്പൂക്കരയിലും കളമശേരിയിലും മെഡിക്കല്‍ കോളജുകള്‍ ഉള്ളതിനാല്‍ ഈ സ്ഥലങ്ങളും സ്വീകാര്യമല്ല. കിനാലൂരിലുള്ളത് 151 ഏക്കര്‍ മാത്രവും. ഇക്കാരണങ്ങളാലാണ് അന്ന് എയിംസ് ലഭിക്കാഞ്ഞത്.
ഒന്നാം പിണറായി സര്‍ക്കാരും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു മാനദണ്ഡവും പാലിക്കാന്‍ തയ്യാറായില്ല. 2021 ഫെബ്രു. 16-ന് എറണാകുളം അമ്പലമേട്ടില്‍ കൊച്ചിന് റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിന് എയിംസ് നല്‍കുമെന്ന് ഉറപ്പുനല്‍കി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. നവംബര്‍ 5 ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ എയിംസ് പദ്ധതിക്കായി കേരളം കിനാലൂര്‍ മാത്രമെ പരിഗണിക്കുന്നുള്ളൂ എന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് ഗ്രേറ്റര്‍ പിറവം ഡവലപ്മെന്റ് ഫോറം സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി കഴിഞ്ഞ ജനുവരി 28-ന് പരിഗണിച്ചപ്പോള്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാവണം എയിംസിനായി അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് കാര്യമാക്കിയില്ല.
എയിംസിന് കോട്ടയം വെള്ളൂരില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വക 700 ഏക്കര്‍ ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അത് പരിഗണിക്കുന്നില്ലെന്ന് ഗ്രേറ്റര്‍ പിറവം ഡവലപ്മെന്റ് ഫോറം കുറ്റപ്പെടുത്തി. ന്യൂസ് പ്രിന്റ് ഫാക്ടറിയോട് ചേര്‍ന്ന് 500-ല്‍ അധികം ഏക്കറാണ് വെറുതെ കിടക്കുന്നത്. പിറവം റോഡ് റെയില്‍വേ സ്റ്റേഷന്, ഫാക്ടറിയുമായി ബന്ധപ്പെട്ട സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. നാലുവരി പാതക്കുള്ള സ്ഥലമുണ്ട്. ഇവിടെ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 50 കി.മീറ്ററില്‍ താഴെയാണ്.
കെഎസ്ഇബി സബ് സ്റ്റേഷന് സമീപത്താണ്. മൂവാറ്റുപുഴ ആറിന്റെ സാമിപ്യമുണ്ട്. കൊച്ചിയിലേക്ക് 30 കി.മീറ്റര്‍ മാത്രം. ഇത്രയും സൗകര്യമുണ്ടായിട്ടും കേരളം അവഗണിക്കുന്നത് കേന്ദ്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഫോറം അംഗം മുറംതോക്കില്‍ എം.ടി. തോമസ് പറഞ്ഞു.
സജിത്ത് പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: