പട്ന : പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുത്ത ശേഷം കൊൽക്കത്തയിലേക്ക് തിരികെ ഹിന്ദു തീർത്ഥാടകരുമായി പോയ ബസിന് നേരെ ബിഹാറിലെ ഔറംഗാബാദിന് സമീപം അക്രമികൾ ആക്രമണം നടത്തി. റോഡരികിലെ കുറ്റിക്കാടുകൾക്ക് പിന്നിൽ ഒളിച്ചിരുന്ന അക്രമികൾ ബസിന് നേരെ കല്ലെറിഞ്ഞ് നാശനഷ്ടങ്ങൾ വരുത്തി.
ബസിൻറെ വീഡിയോ പങ്കുവെച്ച ബിജെപി നേതാവ് ദിലീപ് ഘോഷ് ആക്രമണത്തെ അപലപിച്ചു. മഹാകുംഭമേള എന്ന മഹത്തായ ഹിന്ദു സമ്മേളനത്തെ തടസ്സപ്പെടുത്താൻ ചില ഇന്ത്യാ വിരുദ്ധ ശക്തികൾ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
” പ്രയാഗ്‌രാജിൽ നിന്ന് കൊൽക്കത്തയിലേക്ക് പോയ ഒരു തീർത്ഥാടക ബസ് ബീഹാറിലെ ഔറംഗാബാദിന് സമീപം ആക്രമിക്കപ്പെട്ടു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അക്രമികൾ ബസിന് നേരെ കല്ലെറിഞ്ഞു.” അദ്ദേഹം പറഞ്ഞു. ശ്യാമോളി പരിവാഹൻ സർവീസ് നടത്തിയ ബസിന്റെ ജനാലകൾ തകർത്തതായി വീഡിയോയിൽ കാണാം.
ഛാതാര കടന്നതിന് ശേഷം പ്രയാഗ്‌രാജിൽ നിന്ന് വന്ന ബസിന് നേരെ പെട്ടെന്ന് കല്ലെറിഞ്ഞതായും ആക്രമണത്തിൽ ജനാലകളുടെ ഗ്ലാസുകൾ തകർന്നതായും ഒരു യാത്രക്കാരൻ പറയുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ ബസ് ആക്രമിക്കപ്പെട്ടതായും വോയിസ് ഓവറിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: