അങ്ങാടിപ്പുറം: തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘടനക്ക് തുടക്കം കുറിക്കുകയും ചെയ്ത സ്വാതന്ത്ര്യസമര നായകന്‍ കെ. കേളപ്പന്റെ പ്രതിമ തളി ക്ഷേത്രത്തിന് മുന്നില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അനാച്ഛാദനം ചെയ്തു. കാസര്‍കോട് ഉപ്പള നിത്യാനന്ദാശ്രമം മഠാധിപതി യോഗാനന്ദ സരസ്വതി സ്വാമി പ്രതിമക്ക് മുന്നില്‍ ഭദ്രദീപം തെളിയിച്ചു.
പ്രതിമ നിര്‍മിച്ച ശില്‍പിയും സിനിമാ കലാസംവിധായകനുമായ സുനില്‍ തേഞ്ഞിപ്പലത്തെ ചടങ്ങില്‍ ആദരിച്ചു. തളിക്ഷേത്രത്തില്‍ ഇന്നു മുതല്‍ 25 വരെ നടക്കുന്ന അതിരുദ്രയജ്ഞത്തിന്റെ മുന്നോടിയായാണ് ക്ഷേത്രത്തിന്റെ മുന്‍വശത്ത് ആലിന് സമീപം കേളപ്പജിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചത്.
ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തളിക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എന്‍.എം. കദംബന്‍, സെക്രട്ടറി കെ. നാരായണന്‍കുട്ടി, ക്ഷേത്രം സൂപ്രണ്ട് ടി.പി. സുധീഷ്, അയ്യപ്പസേവാ സമാജം ദക്ഷിണക്ഷേത്രീയ ജനറല്‍ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംഘടനാ സെക്രട്ടറി എം. ശ്രീധരന്‍ നമ്പൂതിരി, സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് ഡോ. നാരായണന്‍ ഭട്ടതിരിപ്പാട്, സംസ്ഥാന സമിതി അംഗം ഇ. കുഞ്ഞിരാമന്‍, മാതൃസമിതി സംസ്ഥാന അധ്യക്ഷ കുസുമ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: