പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത് ഒരുകാലത്ത് രാജ്യത്ത് ചില സര്‍ഗക്രിയാകാരന്മാര്‍ക്കിടയില്‍ ഫാഷനായിരുന്നു. കേന്ദ്ര സര്‍ക്കാരിനോടുള്ള, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള, സംഘപരിവാറിനോടുള്ള വിയോജിപ്പു പ്രകടിപ്പിക്കാന്‍, രാഷ്‌ട്രം പൗരര്‍ക്ക് പരമോന്നത ബഹുമതിയായി നല്‍കുന്ന പത്മ പുരസ്‌കാരം വരെ തിരിച്ചുകൊടുത്തവരുണ്ട്. ‘അവാര്‍ഡ് വാപസി’ എന്ന ഒരു വലിയ പ്രസ്ഥാനമോ പ്രക്ഷോഭമോ ഒക്കെയായി അതിനെ ചിലര്‍ വളര്‍ത്താന്‍ ശ്രമിച്ചു, ആഗ്രഹിച്ചു. 2015 ലായിരുന്നു അത്. അതായത്, 2014 ലെ പെതുതെരഞ്ഞെടുപ്പില്‍ എതിര്‍ത്തും കയര്‍ത്തും നിന്നവരെയെല്ലാം തുരത്തിയും തിരുത്തിയും നരേന്ദ്രദാമോദര്‍ ദാസ് മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായതിന് തൊട്ടുപിന്നാലെ വന്ന ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ‘അവാര്‍ഡ് വാപസി.
2004 മുതല്‍ 2014 വരെ ഭരിച്ച യുപിഎ സര്‍ക്കാര്‍ പോയി ബിജെപി സര്‍ക്കാര്‍ വന്നതോടെ രാജ്യത്തിന്റെ മതേതരത്വം തകര്‍ന്നു, ഭരണഘടന ഇല്ലാതാക്കാന്‍ പോകുന്നു, മതരാജ്യമാകുന്നു, ഫാസിസം പൂര്‍ണമാകുന്നു, ഹിന്ദുമതവിശ്വാസികളല്ലാത്തവരെല്ലാം ഭാരതം വിട്ടു പോകേണ്ടിവരുന്നു, വര്‍ഗ്ഗീയത വ്യാപകമാകുന്നു, ഇതര മതസ്ഥരെയെല്ലാം ഇല്ലായ്മ ചെയ്യുന്നു തുടങ്ങിയ മുറവിളികളും പ്രചാരണങ്ങളും ആസൂത്രിതമായും വ്യാപകമായും നടത്തിയശേഷം അതിന്റെ കലാശക്കൊട്ടെന്നപോലെയായിരുന്നു അവാര്‍ഡ് വാപസി. ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കുക, അങ്ങനെ, നരേന്ദ്ര മോദിയുടേയും ബിജെപിയുടെയും 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം താല്‍ക്കാലികമായിരുന്നു, ഹിന്ദുത്വരാഷ്‌ട്രീയം ശാശ്വതമല്ല എന്ന് സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.
2015 ല്‍ ആഗസ്ത് 30 ന്, കര്‍ണാടകത്തിലെ ധാര്‍വാഡ് ജില്ലയില്‍ എഴുത്തുകാരനായ എം.എം. കല്‍ബുര്‍ഗി അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന്, ഹിന്ദിഭാഷാ എഴുത്തുകാരന്‍ ഉദയ് പ്രകാശാണ് ആദ്യം സര്‍ക്കാര്‍ നല്‍കിയ പുരസ്‌കാര ബഹുമതി തിരസ്‌കരിച്ചത്. അത് വലിയ ചര്‍ച്ചയാക്കി, സാധ്യതയാക്കി, അസഹിഷ്ണുത പടര്‍ന്ന ഭാരതത്തില്‍ ജീവിതവും അതിജീവനവും അസാധ്യമാണെന്ന് കൂട്ട പ്രസ്താവനകളിറക്കി. അങ്ങനെ 40 പ്രമുഖര്‍ വിവിധ ഭാഷകളില്‍ നിന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ തിരികെക്കൊടുത്തു. ചിലര്‍ തപാലില്‍ അയച്ചു, ചിലര്‍ തെരുവില്‍ വച്ചു, ചിലര്‍ പ്രസ്താവിച്ചു, കൗതുകകരമെന്നു പറയട്ടെ, സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ക്കൊപ്പം ലഭിച്ച പണമൊന്നും തിരികെക്കൊടുത്തില്ല. അതിന്റെ പേരില്‍ ലഭിച്ച പ്രശസ്തിയും അതുവഴി നേടിയ ലാഭങ്ങളും മടക്കിക്കൊടുത്തില്ല. പലതും വിചാരിച്ചാലും സാധ്യമല്ലാത്ത കാര്യങ്ങളാണല്ലോ.
ഒരിക്കല്‍ ലോക്‌സഭയില്‍ പ്രസംഗിക്കുമ്പോള്‍, വ്യാജ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ച് മന്ത്രിമാരെയും അംഗങ്ങളെയും ചിലര്‍ അവഹേളിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കവേ അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞു. നിങ്ങള്‍ ഉയര്‍ത്തുന്നത് വ്യാജ ആരോപണമാണെങ്കില്‍ ഒരു വ്യക്തിയാണ് സമൂഹമധ്യത്തില്‍ അപകീര്‍ത്തിപ്പെടുന്നത്. അതിന്റെ പേരില്‍ നിങ്ങള്‍ ഈ നിയമനിര്‍മ്മാണസഭയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുമ്പോള്‍ രാജ്യത്തിനാകെയാണ് നഷ്ടം സംഭവിക്കുന്നത്. ആരോപണം തെറ്റായിരുന്നുവെന്ന് വന്നാല്‍ ആരോപിതനായ വ്യക്തിയോട് മാപ്പപേക്ഷിച്ചോ ക്ഷമ ചോദിച്ചോ പിന്‍വലിയാം. പക്ഷേ, സഭ തടസ്സപ്പെട്ടാല്‍ എങ്ങനെ ‘സോറി’കൊണ്ട് സമയം തിരിച്ചുപിടിക്കാനാവും. പോയ മാനം എങ്ങനെ തിരികെ നേടാനാകും. അവാര്‍ഡ് വാപസിക്കാര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. അന്ന് അവര്‍ ചെയ്തത് ശരിയായില്ലെന്ന് ഇന്ന് തോന്നുന്നുണ്ടാവണം. പക്ഷേ രാജ്യത്തിന്റെ, പുരസ്‌കാരങ്ങളുടെ അന്തസ്സ് നഷ്ടമാക്കിയ ആ പ്രവൃത്തികള്‍ എങ്ങനെ ‘റദ്ദാക്കാന്‍’പറ്റും?
ഈ ചോദ്യത്തിന് സാധ്യമല്ലെന്ന് ആയിരിക്കും ലളിതമായ ഉത്തരം. എന്നാല്‍ അത് സാധ്യമാണുതാനും. അതേക്കുറിച്ചാണ് നിരീക്ഷണം ഈയാഴ്ച.
‘അവാര്‍ഡ് വാപസി’ക്കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന വിശ്വനാഥ് പ്രസാദ് തിവാരി പില്‍ക്കാലത്ത് നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു. അവാര്‍ഡ് തിരികെ കൊടുത്തവരില്‍ പലര്‍ക്കുമുണ്ടായിരുന്ന ലക്ഷ്യം, അവരെ അതിന് പ്രേരിപ്പിച്ചവരുടെ അജണ്ട, ചുളുവില്‍ തല്‍ക്കാലം പ്രശസ്തിയും പിന്നീട് പലതരത്തിലുള്ള നേട്ടങ്ങള്‍ക്ക് അവസരമുണ്ടാക്കാമെന്ന വാഗ്ദാനം ഒക്കെയായിരുന്നു പലര്‍ക്കും പ്രലോഭനം. അവാര്‍ഡ് തിരിച്ചുനല്‍കിയ ആദ്യത്തെ 40 പേരില്‍ മലയാളത്തില്‍നിന്ന് കഥാകാരി സാറാ ജോസഫുണ്ടായിരുന്നു.
പ്രത്യേകം ശ്രദ്ധിക്കണം, കേന്ദ്രസാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന, അവാര്‍ഡുകള്‍ ഏറെ നേടിയ, ഏറെപ്പേര്‍ക്ക് സമ്മാനിച്ച മലയാളത്തിന്റെ കവി കെ. സച്ചിദാനന്ദന്‍ അവാര്‍ഡുകളൊന്നും തിരികെ കൊടുത്തിരുന്നില്ല. അവാര്‍ഡ് തിരികെ കൊടുത്തവരുടെ മുന്നില്‍ അദ്ദേഹം എങ്ങനെ ഈ നിലപാടില്‍ പിടിച്ചുനിന്നു, എന്ത് ന്യായം പറഞ്ഞു, ആ ന്യായങ്ങള്‍ എന്തുകൊണ്ട് സമാനമനസ്‌കരായ, മറ്റ് മോദിവിരുദ്ധ, ഹിന്ദുത്വവിരുദ്ധ, ഭാരതീയവിരുദ്ധ, ദേശീയതാ വിരുദ്ധ എഴുത്തുകാരെ ബോധിപ്പിക്കാനായില്ല എന്നത് ഇനിയും മനസ്സിലാകാത്ത കാര്യമാണ്. ഒരിക്കല്‍ എന്റെ ഒരു ലേഖനത്തില്‍ അവാര്‍ഡ് വാപസി സംഘത്തോടൊപ്പം പേര് പരാമര്‍ശിച്ചത് വാസ്തവമല്ല, ‘ഞാന്‍ അവാര്‍ഡ് തിരികെ കൊടുത്തിട്ടില്ല, ആ നിലപാട് ശരിയല്ല എന്ന് മറ്റുള്ളവരോട് പറയുകയാണ് ചെയ്തിട്ടുള്ളതെന്ന്’ കവി സച്ചിദാനന്ദന്‍ വ്യക്തിപരമായി എന്നെ അറിയിച്ചതോര്‍മിക്കുന്നു.
പക്ഷേ, അവാര്‍ഡ് തിരികെ കൊടുത്ത് പ്രതിഷേധിച്ചതിന്റെ ആദ്യകാല ചരിത്രത്തില്‍ ചില ഉജ്വലമായ അവാര്‍ഡ് വാപസിയുടെ അധ്യായങ്ങളുമുണ്ട്. അതില്‍ ചിലത് മാത്രം പറയാം: ഏറ്റവും പ്രധാനം ബ്രിട്ടീഷുകാര്‍ ഭാരത സ്വാതന്ത്ര്യസമര ഭടന്മാര്‍ക്കെതിരേ നടത്തിയ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍, ബ്രിട്ടീഷ് ഭരണകൂടം നല്‍കിയ പരമോന്നത ബഹുമതിയായ ‘സര്‍’ പദവി തിരികെ കൊടുത്തതാണ്. കോണ്‍ഗ്രസ് സ്വേച്ഛാഭരണത്തിന്റെ എക്കാലത്തേയും പ്രതീകമായ ഇന്ദിരാഗാന്ധി, 1975 ല്‍ സകല അധികാരവും കൈക്കലാക്കി, ഭരണഘടന മരവിപ്പിച്ച്, പൗര സ്വാതന്ത്ര്യങ്ങളെല്ലാം നിര്‍വീര്യമാക്കിക്കൊണ്ട് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ചെറുത്ത്, കര്‍ണാടകയില്‍നിന്നുള്ള ദേശീയവാദിയായ എഴുത്തുകാരന്‍ ശിവരാമ കാരന്ത് തിരികെക്കൊടുത്ത പദ്മവിഭൂഷണ്‍ ബഹുമതിയാണ് മറ്റൊന്ന്. ദേശീയ പ്രക്ഷോഭങ്ങള്‍ക്ക് ഈറ്റില്ലമായ ബീഹാറില്‍നിന്ന് എഴുത്തുകാരന്‍ ഫണീശ്വര്‍ നാഥ് (രേണു) അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച്, പത്മശ്രീ ബഹുമതി മടക്കി നല്‍കി. അവയൊക്കെ ആര്‍ജവത്തിന്റെ യുക്തിപൂര്‍ണമായ, മാതൃകാപരമായ നിലപാടുകളായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ ഭാരതം വിട്ടുപോകുമെന്ന് പ്രഖ്യാപിച്ച സാഹിത്യകാരന്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തിയും ശിവരാമകാരന്തിന്റെ കര്‍ണാടകക്കാരനായിരുന്നുവെന്നത് മറ്റൊരു വൈരുദ്ധ്യം.
ഇപ്പോള്‍ ഈ അവാര്‍ഡ് വാപസി ഓര്‍മ്മിച്ചതും ഓര്‍മ്മിപ്പിച്ചതും എന്തിനാണെന്ന് വായനക്കാര്‍ക്ക് ശങ്ക തോന്നാം. ഒരു ഉജ്വല മുഹൂര്‍ത്തത്തെക്കുറിച്ച് പറയാനാണ് ഈ അരങ്ങൊരുക്കിയത്. പ്രധാനമന്ത്രി മോദിയെ, മോദി പ്രചാരകനായിരുന്ന, ഇപ്പോഴും പ്രവര്‍ത്തകനായ രാഷ്‌ട്രീയസ്വയംസേവക സംഘത്തെ, സംഘത്തിന്റെ പ്രാണനും ശരീരവുമായ സനാതന ധര്‍മ്മത്തെ തച്ചുതകര്‍ക്കാമെന്ന് പകല്‍ക്കിനാവു കണ്ടുനടക്കുന്നവരാണല്ലോ ഈ ‘അവാര്‍ഡ് വാപസി’ക്കാരും അവരുടെ കൂട്ടുകാരും. 2015 ല്‍ അവര്‍ നടത്തിയ അവാര്‍ഡ് മടക്കി നല്‍കി പ്രതിഷേധിക്കുക എന്ന ആ ‘പൊയ്‌ക്കല്‍ കളി’യുണ്ടല്ലോ, അതിന് പത്തു വര്‍ഷമായപ്പോള്‍ ഉണ്ടായ വമ്പിച്ച പരിണാമം ശ്രദ്ധയില്‍പ്പെടുത്താനാണ് പോകുന്നത്. 2025 ഫെബ്രുവരി നാല്,അങ്ങനെ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ്. കേരളത്തിലെ ‘സാറാ ജോസഫു’മാരും ‘സച്ചിദാനന്ദ’ന്മാരും അടക്കം സകല സന്ദേഹിവര്‍ഗവും തലതാഴ്‌ത്തി പാതാളത്തില്‍ മതിയാഞ്ഞ് സ്വന്തം ശരീരത്തില്‍ ഒളിച്ചുപോയ ദിവസം. മോദിയില്‍നിന്നല്ല, സാക്ഷാല്‍ ആര്‍എസ്എസിന്റെ തന്നെ പരമോന്നത പദം വഹിക്കുന്ന, സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവതില്‍നിന്ന് കേരളത്തിലെ പത്ത് പ്രമുഖ സര്‍ഗ്ഗപ്രതിഭകള്‍ പൊതുവേദിയിലെത്തി ആദര പു
രസ്‌കാരം ഏറ്റുവാങ്ങിയ ദിവസം. അമ്പതുവര്‍ഷം മുമ്പ്, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ സര്‍ഗ്ഗപ്രതിഭകളെ ചേര്‍ത്തുനിര്‍ത്തി, അടിയന്തരാവസ്ഥയിലും ആത്മാവിഷ്‌കാരത്തിന് വേദിയൊരുക്കി ഐതിഹാസികമായി പിറന്ന തപസ്യ കലാസാഹിത്യവേദി അതിന്റെ സുവര്‍ണ്ണജയന്തിവര്‍ഷാഘോഷം തുടങ്ങിയ എറണാകുളത്തെ വേദിയിലായിരുന്നു ആ അസാധാരണ സംഗമം. ആ പത്തുപേര്‍ ഡോ. ഭാഗവതില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ചു. ബിജെപി സര്‍ക്കാരില്‍ ഐ ആന്‍ഡ് ബി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയില്‍നിന്ന് പുരസ്‌കാരം വാങ്ങാതെ മടങ്ങിയ ചലച്ചിത്ര നടന്‍ ഫഹദ് ഫാസിലും കിട്ടിയ അവാര്‍ഡ് തിരികെ നല്‍കിയവരും അമ്പരന്നുപോയ നിമിഷം. ഇതാണ് സര്‍ഗ്ഗാത്മകമായ മാറ്റം. കേരളത്തിന്റെ മാറ്റം. വര്‍ഗ്ഗസമരമാണ് കലയുടെയും അടിസ്ഥാനമെന്ന് വാദിക്കുകയും അതിന് മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രമെന്ന് പേരിട്ട് വിളിച്ചലറുകയും ചെയ്യുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ്- മാര്‍ക്‌സിസ്റ്റ് എഴുത്തുകാരുടെ ‘കഥകഴിഞ്ഞ’ ദിവസം. 1936 ല്‍ അഖിലേന്ത്യാ തലത്തില്‍ തുടങ്ങിയ ‘പുരോഗമനകലാ’ചിന്തയുടെ സന്താനങ്ങളുടെ ശവപ്പെട്ടിയില്‍ അതിന് നൂറുവര്‍ഷം അടുക്കുമ്പോള്‍ ആ ആശയത്തിന്റെ അന്ത്യ ഉറക്കപ്പേടകത്തിലെ അവസാനത്തെ ആണിയുമടിക്കുക കൂടിയായിരുന്നു എറണാകുളത്തെ രാജേന്ദ്ര മൈതാനത്തിലെ ആ സന്ധ്യയില്‍.
നേരത്തെ സൂചിപ്പിച്ചില്ലേ രാഷ്‌ട്രത്തിന്റെ പരമാദരങ്ങളായ പുരസ്‌കാരങ്ങള്‍ക്ക് അന്തസ് നഷ്ടപ്പെടുത്തിയ അവാര്‍ഡ് വാപ്‌സി നടപടി ‘റദ്ദാക്കാ’നും
സാധിക്കുമെന്ന്. അതിങ്ങനെയാണ്, പുരസ്‌കാരങ്ങള്‍ തിരികെ കൊടുത്തവര്‍ പ്രായശ്ചിത്തമൊന്നും ചെയ്യാന്‍ നില്‍ക്കണ്ട, പകരം പശ്ചാത്താപം മതി; ഒരു ഏറ്റുപറച്ചില്‍- ‘തെറ്റിപ്പോയി’ എന്നുമാത്രം. ഒരുപക്ഷേ, ശിരോഭൂഷണം നഷ്ടപ്പെട്ട് ചോരയും ചലവും പൊട്ടിയൊലിക്കുന്ന വ്രണവുമായി അലയുന്ന ആ ചിരംജീവിയായ പാപിയോടുള്ളതുപോലെ അവരോടുള്ള ജുഗുപ്‌സ കുറയാന്‍ ആ വാക്ക് സഹായിച്ചേക്കും.
പിന്‍കുറിപ്പ്: വയനാട് പുനര്‍ നിര്‍മ്മാണത്തിന്
കേന്ദ്ര സര്‍ക്കാര്‍ വായ്പയില്ലാതെ 529.50 കോടി രൂപ അനുവദിച്ചു. എന്തുചെയ്യാം, ഇത്തവണ ഇന്നയിന്ന കാര്യങ്ങള്‍ക്കായി ഇത്രയിത്ര തുക എന്ന് കൃത്യമായ കണക്കും നിര്‍ദ്ദേശവുമുണ്ട്, ചെലവഴിക്കാന്‍ സമയ പരിധിയും. സംസ്ഥാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കുകയാണ് കേന്ദ്രമെന്നൊരു പ്രസ്താവനയ്‌ക്ക് സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: