India

27 കിലോ സ്വര്‍ണം, 700 കിലോ വെള്ളി, 100 ഏക്കര്‍ ഭൂമി.. ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറുന്നു

Published by

ബെംഗളൂരു: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും തമിഴ്നാട് സര്‍ക്കാരിന് കൈമാറാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഇതു സംബന്ധിച്ച് ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതി അടുത്തിടെ ഉത്തരവിട്ട പശ്ചാത്തലത്തിലാണിത്. 27 കിലോ സ്വര്‍ണാഭരണങ്ങള്‍,750 ചെരുപ്പ്, 91 വാച്ച്, 700 കിലോ വെള്ളി, 100 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എന്നിവയാണ് തമിഴ്‌നാട് സര്‍ക്കാരിന് കൈമാറുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ 2016-ല്‍ അവരുടെ മരണത്തെത്തുടര്‍ന്ന് കേസ് നടപടികള്‍ അവസാനിപ്പിച്ചെങ്കിലും, അവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് സുപ്രീം കോടതി ശരിവച്ചിരുന്നു. ജയലളിതയ്‌ക്കെതിരായ കേസ് അവസാനിപ്പിച്ചതിനാല്‍ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടരുതെന്ന് അവരുടെ അനന്തരാവകാശികള്‍ എന്ന നിലയ്‌ക്ക് ബന്ധുക്കളായ ജെ. ദീപയും ജെ. ദീപക്കും സമര്‍പ്പിച്ച ഹര്‍ജി ജനുവരി 13-ന് കര്‍ണാടക ഹൈക്കോടതിയും തള്ളിയിരുന്നു. മറ്റ് പ്രതികള്‍ക്കെതിരായ പ്രത്യേക കോടതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവച്ചതായും ഹൈക്കോടതി വിധിച്ചു, അതിനാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ സാധുവാണെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക