കൊച്ചി: കൊയിലാണ്ടിക്കടുത്ത് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വ്യാഴാഴ്ച ഗുരുവായൂര്‍ ദേവസ്വത്തിന്റെ രണ്ട് ആനകള്‍ ഇടഞ്ഞ് മൂന്ന് വയോധികരുടെ മരണത്തിനി
ടയാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയോടും ഹൈക്കോടതി വിശദീകരണം തേടി.
സംഭവത്തില്‍ ഉള്‍പ്പെട്ട ആനകള്‍ക്കായി സൂക്ഷിച്ചിരിക്കുന്ന തീറ്റ രജിസ്റ്റര്‍, ഗതാഗത രജിസ്റ്റര്‍, മറ്റ് നിയമപരമായ രേഖകളുമായി തിങ്കളാഴ്ച ഉച്ചയ്‌ക്ക് 2 മണിക്ക് ഗുരുവായൂര്‍ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ (ലൈവ്‌സ്റ്റോക്ക്) കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിയന്ത്രണത്തിലുള്ള പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ ക്ഷേമം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പുന്നത്തൂര്‍ കോട്ടയിലെ ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും ബെഞ്ച് ആശങ്ക ഉന്നയിച്ചു. ആനകള്‍ക്ക് ശരിയായ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ‘ആനകളെ എന്തിനാണ് ഇത്രയും ദൂരം കൊണ്ടുപോയത്?’ ബെഞ്ച് ചോദിച്ചു. ഇത്രയധികം ആനകളെ ഈ സ്ഥാപനത്തില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കോടതി ചോദ്യം ചെയ്യുകയും അവയെ അനുയോജ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ ആനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാനും ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ സ്റ്റാന്‍ഡിങ് കൗണ്‍സലും വനംവകുപ്പിന്റെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറും ഇക്കാര്യങ്ങളില്‍ നിര്‍ദേശം ലഭിക്കാന്‍ സമയം തേടി. അതേസമയം, ക്ഷേത്രോത്സവത്തിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് രണ്ട് ആനകള്‍ അക്രമാസക്തരായതാണ് അപകടത്തിന് കാരണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: