കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരെ റാഗിങ്ങിന്റെ പേരില്‍ നടന്ന അതിക്രൂര പീഡനം, ഇടതു സംഘടനകളും അവരുടെ വിദ്യാര്‍ഥി വിഭാഗങ്ങളും ഒരു തലമുറയെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നതിന്റെ പേടിപ്പെടുത്തുന്ന ഉദാഹരണമാണ്. മനസ്സാക്ഷി, മനുഷ്യത്വം, സഹജീവി സ്നേഹം, അനുകമ്പ തുടങ്ങിയ വാക്കുകളുടെ പ്രസക്തിതന്നെ ഇല്ലാതാക്കുന്ന മാനസികാവസ്ഥയിലേയ്‌ക്ക് എത്തിക്കഴിഞ്ഞ ഒരു സംഘത്തെയാണ്, ഭരണ സംവിധാനത്തിന്റെ തണലില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ കയറൂരി വിട്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പുറത്തും ഇത്തരക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടം സമൂഹ ജീവിതത്തെത്തന്നെ തകിടം മറിക്കുന്ന നിലയിലേയ്‌ക്ക് എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അതിനു പേര് റാഗിങ്. പുറത്ത് വിദ്യാര്‍ഥി സംഘട്ടനമെന്നും. കോളജുകളില്‍ ഇടിമുറികളും ആയുധപ്പുരകളും ഗുണ്ടാപ്പിരിവും മദ്യ- മയക്കുമരുന്ന് ഉപയോഗവും നാട്ടുനടപ്പായകാലമായി മാറിയിരിക്കുന്നു ഇടതു ഭരണത്തിനു കീഴില്‍.
മറ്റുള്ളവരുടെ വേദന കണ്ട് ആസ്വദിക്കുകയും വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഭീകരമുഖം സ്വയം എടുത്തണിഞ്ഞ് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇത്തരം സംഘടനകള്‍. കോട്ടയത്തെ നഴ്സിങ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടിവന്ന പീഡനം വിവരിക്കാന്‍പോന്ന വാക്കുകള്‍ ലോകത്തെ ഒരു ഭാഷയിലും കാണുമെന്നു തോന്നുന്നില്ല. കൈകാലുകള്‍ വരിഞ്ഞു മുറുക്കി നിസ്സഹായനാക്കി കട്ടിലില്‍ കിടത്തിയ സഹപാഠിയുടെ ശരീരത്തില്‍ കോമ്പസുകൊണ്ടു തുടരെ കുത്തി ആസ്വദിക്കുന്ന സഹജീവികളെ വാക്കുകള്‍കൊണ്ടു വിശേഷിപ്പിക്കാനുമാവില്ല. പ്രാണവേദനയിലും പിടയാന്‍പോലുമാകാതെ നിലവിളിക്കുമ്പോള്‍ ചുറ്റും നിന്ന് ആര്‍ത്ത് അട്ടഹസിക്കുന്നവര്‍ ഏതു ജീവിഗണത്തില്‍പ്പെടുമെന്നും പറയാനാവില്ല. കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളിലും ഭീകരരുടെ താവളങ്ങളിലും മറ്റും നടക്കുന്നതായി പറഞ്ഞു കേള്‍ക്കുന്ന പീഡനമുറകള്‍ കണ്ടും ചെയ്തും ആസ്വദിക്കുന്ന ഈ നവതലമുറ, പോകുന്നത് ഏതു ദിശയിലേയ്‌ക്കെന്ന്, അവര്‍ക്കു തണല്‍ ഒരുക്കിക്കൊടുക്കുന്നവര്‍ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. പക്ഷേ, സമൂഹം ഇതേക്കുറിച്ചു ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട കാലം വൈകുന്നു. ക്രൂരതയും പരപീഡനത്തിലെ ആനന്ദവും സൂചിപ്പിക്കുന്ന സാഡിസം എന്ന ഇംഗ്ളീഷ് വാക്കും ഇവരുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ പ്രാപ്തമാണെന്നു തോന്നുന്നില്ല.
ഒന്നിനു പിറകെ ഒന്നായി ഇത്തരം സംഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ വിവിധ ഭാവങ്ങളില്‍ തലപൊക്കുമ്പോഴും അവയെ മൂടിവയ്‌ക്കാനും അനുഭാവപൂര്‍വ്വം കൈകാര്യം ചെയ്യാനുമുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വയനാട്ടിലെ വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ ഭീകര പീഡനങ്ങളെത്തുടര്‍ന്നു മരണമടഞ്ഞതും എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ വിളിച്ചു വരുത്തി കൊലയ്‌ക്കു കൊടുത്തതും വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും ഭരണസംവിധാനത്തെ ഉണര്‍ത്താന്‍ അതൊന്നും പര്യാപ്തമായില്ല. അന്നൊക്കെ കണ്ട തണുത്ത പ്രതികരണം അതിന്റെ വഴിക്കു തുടര്‍ന്നു പോരുന്നു. തങ്ങള്‍ക്കു മദ്യവും മയക്കുമരുന്നുകളും ആസ്വദിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കിക്കൊള്ളണമെന്ന തിട്ടൂരം ഇറക്കുകയും അതുചെയ്യാത്തവരെ ശാരീരിക പീഡനത്തിനിരയാക്കി അത് ആസ്വദിച്ചു ലഹരി നുണയുകയും ചെയ്യുന്നതാണ് പുതിയ ശൈലി. സ്വയം പ്രഖ്യാപിത രാജാക്കന്‍മാരായി കലാലയങ്ങളില്‍ വിലസുന്ന ഇത്തരം കുട്ടിസ്സഖാക്കള്‍, ഇടതു സംഘടനകള്‍ക്കു ഭാവിയിലേയ്‌ക്കുള്ള നിക്ഷേപങ്ങളായിരിക്കാം. പക്ഷേ, പൊതു സമൂഹത്തിന് അവര്‍ ഭാവിയില്‍ എന്താകുമെന്നു ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. ആതുര സേവനവും സാഡിസവും ഒത്തു പോകില്ലല്ലോ.
കോട്ടയത്തെ സംഭവത്തില്‍ കുറ്റക്കാരെന്നു കണ്ട അഞ്ചുപേരെ സസ്പെന്‍ഡു ചെയ്തുവത്രെ. സംഘടന അവരെ പുറത്താക്കുകയും ചെയ്തു. ഇതു രണ്ടും നാളെ തിരുത്താവുന്നവമാത്രം. പീഡന പര്‍വത്തിനു നേതൃത്വം നല്‍കിയ വ്യക്തി, സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്സസ് അസ്സോസിയേഷന്‍ സെക്രട്ടറിയാണ്. ഈ വ്യക്തിയടക്കം മൂന്നുപേര്‍ അവസാന വര്‍ഷ വിദ്യാര്‍ഥികളുമാണ്. രണ്ടു പേര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളും. ആദ്യ മൂന്നുപേര്‍ ഒരു വര്‍ഷത്തിനപ്പുറം ശുശ്രൂഷാ രംഗത്ത് ഇറങ്ങേണ്ടവരാണ്. പരീക്ഷകള്‍ ജയിച്ചതുകൊണ്ടുമാത്രം ആരും, ശരിയായ അര്‍ഥത്തില്‍ നഴ്സോ ഡോക്ടറോ ഒന്നും ആവില്ല. മനസ്സുകൂടി അര്‍പ്പിക്കേണ്ട മേഖലകളാണ് അതൊക്കെ. ആ മനോഭാവം ഇത്തരക്കാരുടെ കാര്യത്തില്‍ എങ്ങനെയായിരിക്കും എന്നതിലാണ് സമൂഹം ആശങ്കപ്പെടേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: