ലഖ്‌നൗ. മഹാ കുംഭമേളയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ യുപിയിലെ ഗാസിപൂർ എംപി അഫ്സൽ അൻസാരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഗാസിപൂർ സ്വദേശിയായ ദേവ് പ്രകാശ് സിംഗ് ആണ് എംപി അഫ്സൽ അൻസാരിക്കെതിരെ പരാതി നൽകിയത്. അഫ്സൽ അൻസാരിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
ഗാസിപൂരിലെ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ചെയർമാൻ ദേവ് പ്രകാശ് സിംഗ് തന്റെ പരാതിയിൽ എംപിക്കെതിരെ കനത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഫെബ്രുവരി 12 ന് ഷാദിയാബാദിലെ അമർ ഷഹീദ് ജഗ്പതി റാം ബന ചൗരഹയിൽ ഗുരു രവിദാസ് ജി മഹാരാജ് ജനസേവ സൻസ്ഥാൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീ സന്ത് ശിരോമണി ഗുരു രവിദാസ് ജിയുടെ ജന്മദിനം ആഘോഷിച്ചിരുന്നു.
ഇതിൽ നിരവധി അതിഥികളെ ക്ഷണിച്ചിരുന്നു. അവരിൽ ഗാസിപൂർ ജില്ലയിലെ എംപി അഫ്സൽ അൻസാരി മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടിരുന്നു. തുടർന്ന് മഹാ കുംഭമേളയെക്കുറിച്ച് അദ്ദേഹം നടത്തിയ അവഹേളന പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
” ഈ മഹാകുംഭമേള ഉത്സവത്തിൽ നദിയിൽ കുളിച്ചാൽ ഒരാൾ ശുദ്ധനാകുമെന്നും അവന്റെ പാപങ്ങൾ കഴുകി കളയുമെന്നും വിശ്വസിക്കപ്പെടുന്നു. പാപങ്ങൾ കഴുകി കളയപ്പെട്ടാൽ വൈകുണ്ഠത്തിലെത്താനുള്ള വഴി തുറക്കപ്പെടും എന്നാണ് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ ആരും നരകത്തിൽ അവശേഷിക്കില്ല, വൈകുണ്ഠത്തിൽ വീട് നിറയും.” – എംപി പറഞ്ഞു.
അതേ സമയം സനാതൻ ഹിന്ദു ധർമ്മത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയാണ് എംപി സംസാരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. അത് അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനു വിരുദ്ധമാണ്. നേരത്തെയും അഫ്സൽ അൻസാരി സനാതൻ ഹിന്ദു ധർമ്മത്തിലെ സന്യാസിമാർക്കും ഋഷിമാർക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയിരുന്നു.
വീണ്ടും എംപി നടത്തിയ മോശം പരാമർശങ്ങൾ തന്റെയും സനാതൻ ഹിന്ദു ധർമ്മത്തിൽ വിശ്വസിക്കുന്ന ജനങ്ങളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പരാതിയിൽ ദേവ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: