ഗുവാഹത്തി: ബംഗ്ലാദേശ് ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകരനെ അസം എസ്ടിഎഫ് അറസ്റ്റ് ചെയ്തു. അൻസാറുള്ള ബംഗ്ലാ ടീം (എബിടി), ജമാഅത്ത്-ഉൽ-മുജാഹിദീൻ എന്നിവയുമായി സജീവമായി ബന്ധപ്പെട്ട ഒരു ഭീകരനെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഭീകരൻ അബു സലാം അലിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
എബിടിയുടെയും ജമാഅത്ത്-ഉൽ-മുജാഹിദീന്റെയും മറ്റൊരു പ്രധാന അംഗത്തെ പിടികൂടിയതായി അസം പോലീസ് എസ്ടിഎഫ് മേധാവി പാർത്ഥ സാരഥി മഹന്തയും മാധ്യമങ്ങളെ അറിയിച്ചു. ഇന്റലിജൻസ് വിവരങ്ങളുടെയും സാങ്കേതിക പിന്തുണയുടെയും സഹായത്തോടെയാണ് എസ്ടിഎഫ് ഫെബ്രുവരി 12 ന് പുലർച്ചെ ഒരു ആസൂത്രിത ഓപ്പറേഷനിലൂടെ തീവ്രവാദിയെ കുടുക്കിയത്.
അസമിലെ ദുബ്രി ജില്ലയിലെ ബിലാസിപാര പോലീസ് സ്റ്റേഷൻ പരിധിയിലാണ് അബു സലാം അലിയുടെ വീട് എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇയാൾ എബിടി, ജമാഅത്ത്-ഉൽ-മുജാഹിദ്ദീൻ എന്നിവയുടെ സജീവ അംഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊക്രഝറിൽ നിന്നും ദുബ്രിയിൽ നിന്നും മുമ്പ് അറസ്റ്റിലായ പ്രവർത്തകരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
ഇതേ തീവ്രവാദ കേസിൽ ഉൾപ്പെട്ടതിന് എസ്ടിഎഫ് അസമിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അബു 2024 ഡിസംബർ 17 മുതൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അസം പോലീസ് പറഞ്ഞു.
തീവ്രവാദ വിഭാഗങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബംഗ്ലാദേശ് ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുകയും ഗൂഢാലോചനയിൽ പ്രധാന പങ്ക് വഹിച്ചിരുന്നതായും പോലീസ് പറഞ്ഞു. ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുക, സമാധാനം തകർക്കുക, ഇന്ത്യയുടെ പരമാധികാരത്തെ അപകടപ്പെടുത്തുക എന്നിവയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും പോലീസ് വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും യുഎപിഎയുടെ സെക്ഷൻ 38 ഉം 39 ഉം, സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 4 ഉം 5 ഉം, ആയുധ നിയമത്തിലെ സെക്ഷൻ 25 ഉം 27 ഉം, വിദേശി നിയമത്തിലെ സെക്ഷൻ 13 ഉം 14 ഉം ചേർത്താണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: