കൊച്ചി:പാതിവില തട്ടിപ്പില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതി അനന്തു കൃഷ്ണന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. കൊച്ചിയിലെ ഓഫീസുകളിലാണ് വിശദമായ പരിശോധന നടത്തിയത്. തട്ടിപ്പിന് കുടുംബശ്രീയെയും ഉപയോഗിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.
കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറന്റുമായി പനമ്പള്ളി നഗറിലെ സോഷ്യല്‍ ബി.വെന്‍ചേര്‍സില്‍ ആണ് ആദ്യം പരിശോധന നടത്തിയത്. സോഷ്യല്‍ ബി.വെഞ്ചേഴ്സിന്റെയും കളമശേരിയിലെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നവേഷന്റെയും അക്കൗണ്ടിലേക്കാണ് വിവിധ എന്‍ ജി ഒ കളും വ്യക്തികളും അനന്തുവിനെ വിശ്വസിച്ച് പണം അയച്ചത്.
പകുതി വിലയ്ക്ക് വാഹനങ്ങളും ലാപ്ടോപ്പും നല്‍കാമെന്ന പേരില്‍ തട്ടിപ്പിനിരയായവരുമായി പ്രതി ഉണ്ടാക്കിയ കരാര്‍ രേഖകളും ഈ സ്ഥാപനങ്ങള്‍ വഴി ആണെന്നാണ് വിവരം. നേരത്തേ ഇവിടങ്ങളില്‍ അനന്തുവിനെ എത്തിച്ചു തെളിവെടുത്തിരുന്നു.
പാതി വില തട്ടിപ്പിന് കുടുംബശ്രീ വഴിയും പ്രചാരണം നടന്നതായി കണ്ടെത്തി. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്ററാണ് പകുതി നിരക്കിലുള്ള സ്കൂട്ടറും ലാപ്ടോപ്പും ലഭ്യമാകുന്ന പദ്ധതി ഉപയോഗപ്പെടുത്താന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്ക് കത്ത് നല്‍കിയത്. നിലമ്പൂരിലെ ജെഎസ്എസ് എന്ന സമിതിയിലൂടെ പണം നല്കി അനുകൂല്യം നേടാം എന്നും കത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: